MALAYALAM BREAKING NEWS

നീരജ് മാധവ് നീ ആദ്യമൊരു സ്വയപരിശോധനക്കാണ് തയ്യാറാവേണ്ടത് !!! മറുപടിയുമായി പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ

നീരജ് മാധവിന് മറുപടിയുമായി പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ രംഗത്ത്.. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..

പല സിനിമാ താരങ്ങളുടെയും മക്കൾ അഭിനയരംഗത്തേക്ക് വന്നിട്ടുണ്ട്. അവരിൽ വലിയചലനങ്ങൾ സൃഷ്ടിക്കാതെ തുടരുന്നവരുണ്ട്. കാലക്കേട്‌ കൊണ്ടോ നിർഭാഗ്യം കൊണ്ടോ അർഹിക്കുന്ന അവസരം കിട്ടാതെ പിൻവാങ്ങിയവരുണ്ട്. അഭിനയക്കളരിയിൽ ആധിപത്യം സ്ഥാപിച്ചവരുമുണ്ട്.

അങ്ങിനെ നോക്കുമ്പോൾ പാരമ്പര്യം അഭിനയരംഗത്തെ സേഫ് ആക്കുന്നു എന്നതിനോട് യോജിക്കാനാവില്ല. പാരമ്പര്യം അഭിനയരംഗത്തേക്ക് കടക്കാൻ ഒരെളുപ്പമാർഗമായിരിക്കും. പക്ഷെ നിലനിൽക്കാൻ പാരമ്പര്യം മാത്രം പോരാ. കഴിവുവേണം, അത് പ്രകടിപ്പിക്കാനുള്ള അവസരമുണ്ടാകണം. സിനിമകൾ ഓടണം. സീനിയേഴ്സിനോട് ബഹുമാനവും സഹപ്രവർത്തകരോട് സ്നേഹവും പ്രകടിപ്പിക്കാനറിയണം.

സർവോപരി ദൈവാനുഗ്രഹവും ഭാഗ്യവും ഉണ്ടാവണം. കലാകാരന്മാരുടെ കഴിവുതന്നെയാണ് ഭാവി നിശ്ചയിക്കുന്നത്. നല്ല കലാകാരന്മാർ നല്ല മനുഷ്യരും കൂടിയാവണം. ആ കാര്യത്തിൽ മലയാള സിനിമാരംഗം സമ്പന്നമാണ്. കുപ്പിഗ്ലാസും സ്റ്റീൽഗ്ലാസും കലാകാരന്മാരുടെ കഴിവിനെയോ യോഗ്യതയെയോ തരംതിരിച്ചു കാണിക്കുന്നുണ്ടോ.

ഇല്ലെന്നാണ് എന്റെ വിശ്വാസം. ഗ്ലാസ്‌ വൃത്തിയുള്ളതായിരിക്കുക എന്നതാണ് പ്രധാനം മനസും. സ്റ്റീൽ ഗ്ലാസ്‌ മോശമായതോ കുപ്പിഗ്ലാസ്സ് മേന്മയേറിയതോ അല്ല. കൂളിംഗ്ഗ്ഗ്ലാസ്‌ ധരിക്കുന്നതോ, കാലിന്മേൽ കാൽകയറ്റിവെക്കുന്നതോ അഹങ്കാരമോ ജാടയോ ആയി ആരും കണക്കാക്കാറില്ല.

അത് ഓരോരുത്തരുടെയും സൗകര്യമോ സ്വാതന്ത്ര്യമോ ആണ്. പക്ഷെ കയറ്റിവെച്ച കാൽ ഇറക്കിവെക്കേണ്ട സന്ദർഭങ്ങളിൽ അത് ചെയ്യാതിരിക്കുമ്പോഴാണ് അഹങ്കാരമോ ജാടയോ ആയി മാറുന്നത്. സ്വഭാവഗുണം എന്നത് സിനിമയിൽ മാത്രമല്ല ഏത് രംഗത്തും അതിപ്രധാനമാണ്. തരുന്നത് വാങ്ങിക്കൊണ്ടു പോകുക എന്ന രീതിയൊന്നും സിനിമയിൽ ഇല്ല.

ആദ്യകാലങ്ങളിൽ അഭിനയിക്കാൻ വരുന്നവരും മറ്റുള്ളവരും പ്രാധാന്യം കൊടുക്കുന്നത് കാശിനല്ല അവസരങ്ങൾക്കാണ്. അവസരങ്ങൾക്കു പിന്നാലെ ദൈവാനുഗ്രഹം ഉണ്ടെങ്കിൽ പണവും പ്രശസ്തിയും വരുമെന്നവർക്കറിയാം.

ഞാനങ്ങിനെ പൈസ പറയാനൊന്നും ആയിട്ടില്ല ഇപ്പോൾ ആവശ്യം ചാൻസ് ആണ് ചേട്ടാ എന്ന് നിരവധിപേർ എന്നോട് പറഞ്ഞിട്ടുണ്ട്. അതിനെയാണ് കൊടുക്കുന്നത് വാങ്ങിപോവുക എന്ന് പറയുന്നത്. അങ്ങിനെ കണക്കുപറയാത്തവർ പലരും കണക്ക് പറയാതെതന്നെ കണക്കിന് കാശ് വാങ്ങാൻ പാകത്തിൽ സിനിമയുടെ ഉയരങ്ങളിൽ എത്തിയിട്ടുമുണ്ട്.

താരങ്ങൾക്കു സിനിമയിലെ ഡിമാൻഡ് കൂടുന്നതിനനുസരിച് ശമ്പളവും ക്രമാനുഗതമായി ഉയർന്നുതന്നെയാണ് പോയിട്ടുള്ളത്. സിനിമയിലെ ഒരു സാധാരണ ജോലിക്കാരന്റെ പകുതിശമ്പളത്തിൽ നിന്ന് ഏഴക്കമുള്ള ശമ്പളത്തിലേക്കൊക്കെ എത്തുമ്പോൾ, തന്ന കാശ് മേടിച്ചു വീട്ടിൽ പോയിരുന്ന കാലത്തുനിന്നു വലിയ മാറ്റങ്ങൾ വന്നു എന്ന് മനസിലാക്കാം.

അർഹത ഉള്ളതുകൊണ്ടാണല്ലോ നിർമാതാവ് അത് കൊടുക്കാൻ തയ്യാറാവുന്നത്. ചിലപ്പോൾ ചിലർക്ക് ഒരു ഉൾവിളിതോന്നും അഭിനയരംഗത്തു കത്തിനിൽക്കുമ്പോൾ തിരക്കഥയെഴുതാനും സംവിധാനം ചെയ്യാനുമൊക്ക പോകണം എന്ന്. എഴുതാനും ഷൂട്ടിംഗിനും പോസ്റ്റ്‌ പ്രൊഡക്ഷനുമൊക്കെയായി ആറോ ഏഴോ മാസമോ ചിലപ്പോൾ ഒരു കൊല്ലമോ അഭിനയരംഗത്തുനിന്ന് വിട്ടു നിൽക്കേണ്ടി വരും.

ആ സമയത്ത് അഭിനയിക്കാൻ വിളിച്ചാൽ പോകാൻ പറ്റില്ല. അവിടെ വേറെ ആളുകൾ വരും. അവർ ക്ലിക്ക് ആയാൽ ഒരു കൂട്ടം സിനിമാ പ്രവർത്തകർ അവർക്കു പിന്നാലെ പോകും. പകരംവെക്കാൻ വേറെ ആരുമില്ല എന്നുള്ളവർക്കൊഴികെ ചാൻസ് കുറയാൻ ഇതും കാരണമാവാറുണ്ട്. കൊച്ചു സിനിമകൾ ഓടുന്നില്ല എന്ന് വെറുതെ തോന്നുന്നതാണ്.

അർഹതപ്പെട്ട ചെറിയ സിനിമകൾ, താരതമേന്യ പുതുമുഖങ്ങൾ അഭിനയിച്ച കൊച്ചു സിനിമകൾ ഇവിടെ സൂപ്പർഹിറ്റ്‌ ആയി ഓടിയിട്ടില്ലേ. കോടികൾ മുതൽമുടക്കും സമയത്തിന് പണത്തേക്കാൾ വിലയുമുള്ള സിനിമാരംഗം പ്രായത്തിന്റെ അപക്വതക്കും അശ്രദ്ധക്കും പിടിവാശിക്കും മുന്നിൽ മുട്ടുമടക്കാനുള്ളതല്ല.

ഈയിടെ വേറൊരു വിഷയം മൂലം ഒന്ന് രണ്ട് സിനിമകളുടെ ഷൂട്ടിംഗ് നിർത്തിവെക്കേണ്ടി വന്നപ്പോഴും പലരും പറയുന്നത് കേട്ടു പ്രായത്തിന്റെ പക്വതയെപ്പറ്റി.23 ഉം 24 ഉം വയസിൽ വരാത്ത പക്വത ഇനി എന്ന് വരാനാണ്. അങ്ങിനെയെങ്കിൽ 18 വയസിൽ അഭിനയം തുടങ്ങിയ ലാലേട്ടനും 19 വയസിൽ അഭിനയം തുടങ്ങിയ പൃഥ്വിരാജും പ്രായത്തിന്റെ പക്വതയെപ്പറ്റി പരാതി പറയാൻ ഇടവരുത്തിയിട്ടില്ലല്ലോ.

അർഹതപ്പെട്ട ഡിമാന്റിങ് എല്ലാവരും അംഗീകരിച്ചു കൊടുക്കാറുമുണ്ട്. വളർന്നുവരുന്നവരെ മുളയിലേ നുള്ളാനുള്ള ഗൂഢസംഘം എവിടെയിരുന്നാണ് ഗൂഢാലോചന നടത്തുന്നത് എന്നറിയാൻ ആഗ്രഹമുണ്ട്. എല്ലാ സിനിമകൾക്ക് പിന്നിലും ഈ ഒരു സംഘം തന്നെയാണോ പ്രവർത്തിക്കുന്നത്.

ഓരോ സിനിമകളുടെയും ആർട്ടിസ്റ്റുകളെ തീരുമാനിക്കുന്നത് ആ സിനിമയുടെ ഡയറക്ടർ, നിർമാതാവ്, തിരക്കഥാരചയിതാവ് എന്നിവർ ചേർന്നാണ്. വളരെ ചെറിയൊരു പങ്ക് പ്രൊഡക്ഷൻ കൺട്രോളർക്കുമുണ്ടാകും. ഈ മൂന്നോ നാലോ പേരാണോ ഗൂഢസംഘം.

അങ്ങിനെയെങ്കിൽ 140 ഉം 150 ഉം സിനിമകൾ റിലീസ് ആവുന്ന മലയാള രംഗത്ത് 150 ഗൂഢസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോ..?. അഭിനയത്തിന്റെ ആദ്യകാലത്ത് ധാരാളം അവസരങ്ങൾ കിട്ടുകയും, കഴിവ് തെളിയിച്ചിട്ടും പിന്നീട് ചാൻസുകൾ കുറഞ്ഞുവരികയും ചെയ്യുന്നുണ്ടെങ്കിൽ ആദ്യം ഒരു സ്വയം പരിശോധനക്കാണ് തയ്യാറാവേണ്ടത്.

തന്റെ ഭാഗത്ത്‌ എന്തെങ്കിലും തെറ്റുണ്ടോ തെറ്റുണ്ടെന്ന് മനസിലാവുകയാണെങ്കിൽ തിരുത്തലിനു തയ്യാറാവണം. അല്ലാതെ ഗൂഢസംഘം, മുളയിലേ നുള്ളുക എന്നീ വാക്കുകൾ കൊണ്ട് പഴി മറ്റുള്ളവരുടെ മേലെ ചാരാൻ ശ്രമിക്കുമ്പോൾ അത് യഥാർത്ഥ പ്രശ്നത്തിൽ നിന്നുള്ള ഒളിച്ചോടലാവും.

പോസ്റ്റ് ഇതാ…

ഇതിന് കാരണമായ നീരജിന്റെ പോസ്റ്റ് ഇതായിരുന്നു.. മലയാള സിനിമയിൽ നടക്കുന്നത് ഇതാണ് തുറന്നടിച്ച് പോസ്റ്റുമായി നീരജ് മാധവ്.. പോസ്റ്റ് വായിക്കാം

“സിനിമയിൽ ചില അലിഖിത നിയമങ്ങൾ ഉണ്ട് ”, ഒരു പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ പണ്ട് എന്നോട് പറഞ്ഞതാണ്, “അതൊക്കെ നോക്കീം കണ്ടും നിന്നാൽ നിനക്കു കൊള്ളാം.” അന്നതിന്റെ ഗുട്ടൻസ് എനിക്ക് പിടി കിട്ടിയില്ല, 6 വർഷങ്ങൾക്കിപ്പുറം വന്ന വഴി തിരിഞ്ഞു നോക്കുമ്പോൾ ഞാനോർക്കുന്നത്‌ ഈ പറഞ്ഞ നിയമാവലി പലപ്പോഴും ഞാൻ പാലിച്ചിട്ടില്ല എന്നുള്ളതാണ്. അതിന്റെ തിരിച്ചടികളും ഞാൻ നേരിടേണ്ടി വന്നിട്ടുണ്ട്.

പല സിനിമാ സെറ്റുകളിലും ഇപ്പഴും നിലനിൽക്കുന്ന ഒരു hierarchy സംബ്രദായമുണ്ട്. സീനിയർ നടന്മാർക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവർക് സ്റ്റീൽ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് തുടങ്ങുന്നു ആ വേർതിരിവ്. ചായ പേപ്പർ ഗ്ലാസിൽ കുടിച്ചാലും ഇറങ്ങും, പക്ഷെ അത് അടിച്ചേല്പിക്കുമ്പോഴാണ് പ്രശ്നം.

കാലിന്മേൽ കാല് കേറ്റി വച്ചിരുന്നാൽ ജാഡ, കൂളിംഗ് ഗ്ലാസ്സിട്ടാൽ അഹങ്കാരം, സ്‌ക്രിപ്റ്റിൽ അഭിപ്രായം പറഞ്ഞാൽ ഇടപെടൽ. നമ്മൾ casual ആയി പറയുന്ന ഓരോ വാക്കുകളും വരെ ചിന്തിക്കാൻ പറ്റാത്ത രീതിയിൽ ദുർവ്യാഖ്യാനിക്കപ്പെടും. Extremely judgemental ആയിട്ടുള്ള ഒരു പറ്റം കൂട്ടർ.

വളർന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെയുണ്ട്. ഇവരുടെ മെയിൻ പണി പുതിയ പിള്ളേരുടെ സ്വഭാവ ഗുണങ്ങൾ അളക്കലാണ്, എന്നാൽ നിങ്ങൾ വിചാരിക്കുന്ന പോലെ പുകവലിയും മദ്യപാനവും ഒന്നുമല്ല ഇതിന്റെ മാനദണ്ഡം. വിധേയത്വം , സഹകരണം, എളിമ, ഇത് മൂന്നും നാട്യമാണെങ്കിലും കാട്ടിക്കൂട്ടണം.

പിന്നെ കൂടുതൽ ആവശ്യങ്ങൾ ഉന്നയിക്കാതിരിക്കുക, തരുന്ന കാശും മേടിച്ച് വീട്ടിൽ പോവുക. എന്നാൽ നിങ്ങളെ അടുത്ത പടത്തിൽ വിളിക്കും. ഒരുപക്ഷെ പ്രായത്തിന്റെ അപക്വതയിൽ അൽപം വാശികളും അശ്രദ്ധയും ഒക്കെ കാണിച്ചിട്ടുണ്ടാവാം, അതുകൊണ്ട് പല ‘സിനിമക്കാരുടെയും’ good booksൽ ഞാൻ കേറിപറ്റിയിട്ടില്ല. അല്പം demanding ആയതിന്റെ പേരിൽ പല അവസരങ്ങളും എനിക്ക് നഷ്ടപെട്ടിട്ടുണ്ട്. ഞാൻ പോലും വളരെ വൈകിയാണ് ഇതൊക്കെ തിരിച്ചറിഞ്ഞിട്ടുള്ളത്.

ഒരു കലാകാരന് ഏറ്റവും ആവശ്യമായിട്ടുളളത് കഴിവും പ്രയത്നവുമാണ് എന്നിരിക്കെ, സിനിമയിൽ മുന്നേറാൻ നമ്മൾക്കു വേണ്ടത് അതൊന്നുമല്ല എന്നുള്ളതാണ് വാസ്തവം. ഞാൻ ചെറിയ വേഷങ്ങളിൽ തുടങ്ങിയ ആളാണ്, അതുകൊണ്ട് തന്നെ ഓരോ ചവിട്ടുപടിയും ഏറെ ശ്രമകരമായിരുന്നു. സിനിമ ഒരു show business കൂടിയാണ്, അപ്പോൾ കൂടുതൽ ശമ്പളം മേടിക്കുന്നവർ ആണ് താരങ്ങൾ.

നായികയുടെ hairdresserന്റെ പകുതി പോലും ശമ്പളമില്ലാത്ത കാലത്ത് നിന്ന് ഇന്ന് ഏഴക്ക ശമ്പളമുള്ള ഒരു നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ഒരു വലിയ അധ്വാനമുണ്ട്. എന്നാൽ ഏറ്റവും വലിയ സത്യവും സങ്കടവും എന്താണെന്ന് വെച്ചാൽ സിനിമയിൽ കലാകാരന്റെ കഴിവല്ല, കൈകാര്യമാണ് അവന്റെ ഭാവി നിർണയിക്കുന്നത് എന്നുള്ളതാണ്. ഒപ്പം അവകാശപ്പെടാൻ ഒരു പാരമ്പര്യം കൂടെ ഉണ്ടെങ്കിൽ പിന്നെ സേഫ് ആണ്.

ആദ്യകാലത്തെ കോമഡി വേഷങ്ങളിൽ നിന്ന് ചുവട് മാറ്റാൻ ശ്രമിച്ചപ്പോൾ പലരും പേടിപ്പിച്ചു, വെറുതെ ഉള്ളത് കൂടി ഇല്ലാതാവും. പിന്നീട് നായകനായപ്പോഴാണ് മനസിലായത് സിനിമാകച്ചവടം വേറൊരു പരിപാടിയാണെന്ന്. Satellite value മുതൽ സിനിമയ്ക്കു നല്ല തീയറ്ററുകൾ ലഭിക്കുന്നതു വരെയുള്ള ഭാരിച്ച ഉത്തരവാദിത്തങ്ങൾ നായകന്റെ തലയിലാണ്. ഇതെല്ലാം ചെയ്ത്‌ പടം തീയറ്ററിൽ എത്തിച്ചാൽ നിങ്ങളിൽ എത്ര പേര് ആദ്യവാരം പോയിക്കാണും ?

അഭിപ്രായം കേട്ടിട്ട് പോവാം എന്നാണ് പലരുടെയും നിലപാട്, പടം above average ആയാലും പോരാ, exceptional ആണേൽ ഞങ്ങൾ വിജയിപ്പിക്ക്കാം. അല്ലേൽ വിമർശിച്ചു കീറിയോട്ടിക്കും. താരങ്ങളുടെ മോശപ്പെട്ട സിനിമകൾ പോലും ഇക്കൂട്ടർ വിജയിപ്പിക്കുന്നില്ലേ ? അപ്പൊ പിന്നെ കൊച്ചു സിനിമകളുടെ കാര്യത്തിൽ എന്താണ് ഇത്ര കാർക്കശ്യം ? ആരോട് പറയാൻ…

ഇത്രയൊക്കെ എഴുതാൻ പ്രേരണയായത് കഴിഞ്ഞ ദിവസം സംഭവിച്ച Sushanth Singh Rajput എന്ന നടന്റെ മരണത്തോടനുബന്ധിച്ചു കങ്കണ റോണത് നടത്തിയ തുറന്നടിച്ച പ്രതികരണമാണ്. Bollywoodൽ ഗോഡ്ഫാദർ ഇല്ലാത്ത സുശാന്തിന്റെ industryയിലെ ചെറുത്ത്‌ നിൽപ്പിന്റെ കഷ്ടപ്പാടിനെ പറ്റി കങ്കണ പറയുകയുണ്ടായി. ഇത്രയും ചെറിയ നമ്മുടെ ഇൻഡസ്ട്രയിൽ പിടിച്ചു നിൽക്കാൻ പാടാണെങ്കിൽ ബോളിവുഡിലെ അവസ്ഥ എന്തായിരിക്കും.

Family manനു വേണ്ടി(അതിവിടെ ആരൊക്കെ കണ്ടു എന്നുള്ളത് വേറൊരു ചോദ്യം )മുംബയിൽ ഷൂട്ട് ചെയ്തു കൊണ്ടിരിക്കെയാണ് സംവിധായകൻ നിതെഷ്‌ തിവാരി chichore യിൽ അഭിനയിക്കാൻ വിളിക്കുന്നത്, സ്ക്രീൻ ടെസ്റ്റും make up ചർച്ചയും എല്ലാം കഴിഞ്ഞു join ചെയ്യാൻ ഇരിക്കെയാണ് date clash മൂലം അത് കൈവിട്ടു പോയത്, അതിൽ നല്ല വിഷമമുണ്ടായിരുന്നു.

അന്നാ സിനിമയിൽ അഭിനയിച്ചിരുന്നേൽ ഒരു പക്ഷെ സുശാന്ത് സിങ് എന്ന വ്യക്തിത്വത്തെ കൂടുതൽ അടുത്തറിയാൻ സാധിച്ചേനെ, സിനിമയിൽ godfather ഇല്ലാത്ത എനിക്ക് അയാളുടെ യാത്രയും പ്രയത്നവും ഒരുപാട് relate ചെയ്യാൻ സാധിച്ചേനെ. ഒരു പക്ഷെ ഞങ്ങൾ സുഹൃത്തുക്കൾ ആയേനെ…

ഇനിയും നീട്ടി വലിക്കുന്നില്ല, എന്നെങ്കിലും പറയണമെന്ന് വിചാരിച്ച ചില കാര്യങ്ങൾ ആണ്, ഇപ്പോൾ പങ്ക് വെക്കണമെന്ന് തോന്നി. സിനിമയെ സ്വപ്നം കണ്ട് കഴിയുന്നവരെ മടുപ്പിക്കാനല്ല മറിച്ചു അവർ നേരിടാൻ സാധ്യതയുള്ള കടമ്പകളെ ഒന്നു ചൂണ്ടിക്കാട്ടുന്നു എന്ന് മാത്രം. ഞാൻ അത്ര ഭയങ്കര നടനൊന്നുമല്ല, ചെയ്തതെല്ലാം മികച്ച സിനിമകളും അല്ല. പിന്നെന്താണ് പറഞ്ഞു വരുന്നതെന്ന് ചോദിച്ചാൽ, in a fair race everyone deserves an equal start.

സംവരണം വേണ്ട, തുല്യ അവസരങ്ങൾ മതി. ഇത് ബോളിവുഡ് അല്ല, കേരളമാണ്. ആത്യന്തികമായി ഇവിടെ കഴിവും പ്രയത്നവും ഉള്ളവർ നിലനിൽക്കും എന്ന ശുഭാപ്തിയുണ്ട്. ഇതുവരെ കൂടെ നിന്ന എല്ലവർക്കും നന്ദി, ഇനിയും ബഹുദൂരം മുന്നോട്ട് പൊവനുണ്ടു, കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു… ” പോസ്റ്റ് ഇതാ..

പോസ്റ്റ് ഇതാ..

Trending

To Top
error: Content is protected !!