ARTICLES

മലയാള സിനിമയിലെ ഒളിച്ച് കടത്തലുകൾ..!!! കുറിപ്പ് ചർച്ചയാകുന്നു…

മലയാള സിനിമയിലെ ഒളിച്ച് കടത്തലുകൾ എന്ന കുറിപ്പ് ചർച്ചയാകുന്നു… കുറിപ്പ് ഇതാ

മലയാള സിനിമ പിന്തുടർന്ന് വന്നിരുന്ന സാമ്പ്രദായികതകൾ എല്ലാം ഒഴിവാക്കി, പുതുവഴി വെട്ടുന്ന യുവനിര, അങ്ങനെയാണ് 2010 കാലഘട്ടത്തിൽ ന്യൂജനറേഷൻ സിനിമകളെന്നു വിളിക്കപ്പെട്ട സിനിമാക്കാരെ പറ്റി പറഞ്ഞിരുന്നത്. ആ സമയത്ത് വന്ന സിനിമകളുടെ അവതരണത്തിലും ചിത്രീകരണത്തിലുമെല്ലാം ആ മാറ്റങ്ങൾ കാണാനുമുണ്ടായിരുന്നു.

ഈ മാറ്റങ്ങൾക്കൊപ്പം മലയാള സിനിമയിൽ അലിഞ്ഞ് ചേർന്ന സവർണ്ണതയും സ്റ്റീരിയോടൈപ്പിംഗും ഒക്കെ മാറിയെന്നാണ് കുറേ പേരെങ്കിലും ധരിച്ചിരിക്കുന്നത്.ശരിക്കും അതൊക്കെ പോയെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?

പുതിയ സംവിധായകരിൽ പ്രമുഖനായ അരുൺകുമാർ സിനിമകളിലെ (മുരളീഗോപി സിനിമകൾ എന്നും പറയാം) ചില കഥാപാത്ര സൃഷ്ടികളെ അവരുടെ പേരും രൂപവും ഒക്കെ കാണിച്ചിരിക്കുന്ന രീതികളെ, ആവർത്തിക്കുന്ന ചില പാറ്റേണുകളെ ഒന്നെടുത്ത് നോക്കുകയാണ് ചുവടെ. (സിനിമയെ സിനിമയായി മാത്രം കാണുന്നവർക്ക് ഇവിടെ നിർത്തി സ്കിപ്പ് ചെയ്ത് അടുത്ത പോസ്റ്റിലേക്ക് പോകാം 🙂 )

2007ലിറങ്ങിയ Butterfly on a wheel എന്ന ഹോളിവുഡ് സിനിമ മലയാളീകരിച്ചാണ് അരുൺകുമാർ 2010ൽ തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്. സീൻ ബൈ സീൻ കോപ്പി, എന്നാൽ ഒറിജിനലിൽ ഇല്ലാത്ത ചില രംഗങ്ങൾ മലയാളത്തിൽ നമുക്ക് കാണാം, അതിലൊന്ന് ജയസൂര്യയും അനൂപ് മേനോനും വഴിയിൽ വെച്ച് ഇന്നസെന്റിനെ കണ്ടുമുട്ടുന്ന രംഗമാണ്.

അതുവരെ അഞ്ജാതനായ കിഡ്നാപ്പർ ആയ ജയസൂര്യയുടെ കഥാപാത്രം, അങ്ങനെ ചുമ്മാ ഒരാളല്ല, ബ്രാഹ്മണനാണ് എന്ന് പ്രേക്ഷകരെ അറിയിക്കലാണ് സീനിന്റെ ലക്ഷ്യം. ഇന്നസെന്റിന്റെ കല്യാണകൃഷ്ണൻ വന്നിട്ടാണ് ജയസൂര്യ വെങ്കിടേഷ് എന്ന ബ്രാഹ്മണൻ ആണെന്നും പഠിപ്പിൽ മിടുക്കൻ ആയിരുന്നെന്നും, ന്യൂക്ലിയർ ഫിസിക്സ് പഠിച്ചയാളാണെന്നൊക്കെ നമുക്ക് മനസിലാകുന്നത്. കഥക്ക് പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലെങ്കിലും നായകനല്ലേ ഇരിക്കട്ടേന്ന്.

അപ്പുറത്ത് വെങ്കിടേഷിന്റെ ജീവിതം തകർത്ത ‘രവി അബ്രഹാം’. ധർമ്മ സംസ്ഥാപനത്തിനായി രവിയെ ഓടിക്കയാണ് വെങ്കിടേഷ്. ആദ്യം ചെല്ലുന്നതൊരു മുസ്ലിം കോളനിയിലേക്കാണ്, മൊത്തത്തിൽ ഒരു ഗുണ്ടാ സെറ്റപ്പ് ഒക്കെയുള്ള ഒരു സ്ഥലം, ബാങ്ക് വിളിയുടെ ബിജെഎം ഒക്കെയുണ്ട്.

(ആ സമയത്ത് ഇറങ്ങിയ ട്രാഫിക്കിലും ആംബുലൻസിന് തടസ്സം നേരിടേണ്ടി വരുന്ന ഒരേ ഒരു സ്ഥലം ‘ബിലാൽ കോളനി’ ആണല്ലോ) അവിടെ വെച്ച് നിവൃത്തി ഇല്ലാതെ വാച്ച് വിൽക്കാൻ പോവുകയാണ് രവി, അപ്പോഴാണ് മാമുക്കോയയുടെ ‘ഹക്കീം സേട്ട്’ വരുന്നത്. അവസരം മുതലെടുത്ത് ഒരു ലക്ഷം രൂപയുടെ Bvlgari വാച്ച് വെറും ആറായിരം രൂപക്ക് തട്ടിയെടുക്കുന്ന ഫ്രോഡ്.

ഒപ്പം പുള്ളിയൊരു കഥയും പറയുന്നുണ്ട്, “പെരുമ്പിലാവിൽ ഉള്ള അബ്ദുൽകരീം ഹാജി താനൂർ നിന്ന് ആൾക്കാരെ കൊണ്ട് വന്ന് കള്ളവാച്ച് ഉണ്ടാക്കി വിറ്റ് കോടീശ്വരൻ ആയത്രെ”ഹക്കീം സേട്ടിനെ അവിടെ വെച്ച് വിടാൻ ഭാവമില്ല സംവിധായകന്, പിന്നെ വരുന്നതൊരു ഡാൻസ് സീനാണ്

അവിടെ അല്പ വസ്ത്ര ധാ രിണിയായ ഡാൻസറെ വായും പൊളിച്ച് നോക്കി നിൽക്കുന്ന ഹക്കീം സേട്ട് ഉണ്ട്, അതും പോരാഞ്ഞ് അവരുടെ ഡ്രസ്സിംഗ് റൂമിൽ ചെന്ന് എത്തി നോക്കുന്നുമുണ്ട് ഹക്കീം. ഇതൊക്കെ എന്തിനാണെന്ന് ചോദിച്ചാൽ? സിനിമയുടെ കഥക്ക് ഹക്കീം സേട്ട് ഗ്രീൻറൂമിൽ ഒളിഞ്ഞു നോക്കേണ്ട കാര്യമൊന്നുമില്ല. പിന്നെ എന്തിനായിരിക്കും?

റൂബിക്സ് ക്യൂബ് പോലൊരു അവതരണ രീതിയുമായി വന്ന് പ്രശംസ പിടിച്ച് പറ്റിയ സിനിമയാണ് ‘ഈ അടുത്ത കാലത്ത്’. അരുൺ കുമാർ അരവിന്ദിന്റെ രണ്ടാമത്തെ സംവിധാന സംരഭം. സിനിമ തുടങ്ങുന്നത് തന്നെ വിളപ്പിൽ ശാലയിലെ ജനകീയ സമരത്തെ കളിയാക്കികൊണ്ടാണ്.

നിരാഹാരം കിടക്കുന്ന ആളുടെ മുന്നിലിരുന്ന് പഴംപൊരിയും ചായയും കുടിച്ച്, വേസ്റ്റോക്കെ അവിടെ തന്നെ ഇട്ട്, അതിന്റെ ബോർഡിന്റെ സൈഡിൽ തന്നെ മൂത്രമൊഴിച്ച് വെക്കുന്ന സമരക്കാർ. അവരാ പരിസരം മൊത്തം വൃത്തികേട് ആക്കി ഇട്ടിട്ടുണ്ട്. അവരാണ് മാലിന്യശാലക്കെതിരെ സമരം ചെയ്യുന്നത്. കേരളത്തിലെ ജനകീയ സമരങ്ങളിൽ പ്രാധാന്യമുള്ള ഒരു സമരത്തെയാണ് പരിഹസിക്കുന്നത്.

കഥയിലെ കഥാപാത്രങ്ങളെ നോക്കിയാൽ ഏതാണ്ട് ഒരൈഡിയ കിട്ടും. ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന വിഷ്ണു. ജീവിക്കാൻ വേണ്ടിയുള്ള ഓട്ടപ്പാച്ചിലാണ്, മൂക്കറ്റം കടത്തിലാണ്. പിനനെയുള്ളത് മുരളി ഗോപിയും അനൂപ് മേനോനും. മുരളി ഗോപി ‘അജയ് കുര്യനാ’ണ്. കുര്യന് ലൈം ഗി ക ശേഷിയില്ല, പക്ഷേ ഉണ്ടെന്ന് കാണിക്കാൻ ഭാര്യയെ ഉപദ്രവിക്കുക, മാന സികമായി പീഡി പ്പിക്കുകയൊക്കെയാണ് പണി.

അനൂപ് മേനോൻ ‘ടോം ചെറിയാൻ’ ആണ്, പോലീസ് ഓഫീസറാണ്. വെട്ടേറ്റ് രക്തം വാർന്ന് കിടക്കുന്ന ആളോട് ഐപാഡിൽ കുറേ ഫോട്ടോസ് കാണിച്ച് ഇയാളാണോ പ്രതി എന്ന് ചോദിക്കുന്ന മണ്ടൻ പോലീസ്, സൗന്ദര്യത്തിലും സ്ത്രീ വി ഷ യത്തിലും മാത്രം താല്പര്യമുള്ള ഒരൂ ള.

അടുത്ത കഥാപാത്രം റുസ്തമാണ്. അജയ് കുര്യന്റെ ടോർച്ചറിംഗിൽ വിഷമിച്ച് കഴിയുന്ന അയാളുടെ ഭാര്യയെ വശത്താക്കി ന ഗ്ന ചിത്രങ്ങൾ പകർത്തുക എന്ന ലക്ഷ്യത്തിലാണ് നിഷാൻ അവതരിപ്പിക്കുന്ന ‘റുസ്തം’ വരുന്നത്. വലിയൊരു മാഫിയയുടെ കണ്ണിയാണയാൾ.

ഒരു സ്ത്രീയെ വശ ത്താക്കാൻ 3 ആഴ്ച ധാരാളമെന്ന് കരുതുന്നയാൾ. അന്യ സംസ്ഥാന തൊഴിലാളികളുടെ ഇടയിലാണ് അയാളുടെ താമസം, റുസ്തമിന്റെ ഇൻട്രോ സീൻ കഴിഞ്ഞ ഉടൻ കുറച്ച് തൊഴിലാളികൾ അയാളോട് “സലാം” പറഞ്ഞ് പോകുന്നുണ്ട്.

കഥ മുന്നോട്ട് പോയി്കൊണ്ടിരിക്കെ റുസ്തമിന്റെ ബോസ് പുരോഗതി അറിയാൻ വിളിക്കുന്നുണ്ട്. ആരാണ് ബോസ്?സുലൈമാൻ ഭായ്. അറബികളും, നമ്മുടെ നാട്ടിൽ മുസ്‌ല്യാക്കന്മാരും മാത്രം ഉപയോഗിക്കുന്ന ‘കഫിയ്യ’ ഒക്കെയിട്ടാണ് ബ്ലൂ ഫി ലിം മാഫിയാ തലവൻ ഫോൺ ചെയ്യുന്നത്. ഒരു നീ ല ച്ചിത്ര മാ ഫിയാ തലവനെ അറബി തട്ടം ഇടിച്ച് കാണിക്കുന്നത് എന്തിനായിരിക്കും?

അടുത്തത് കലാഭവൻ ഹനീഫിന്റെ ‘മമ്മൂട്ടിയാണ്’. വിഷ്ണുവിന് കടം കൊടുത്ത കാശ് വാങ്ങാൻ വീട്ടിൽ ചെന്നിട്ട്, രോഗിയായ അമ്മയുടെ കാശ് വെക്കുന്ന പെട്ടി അതേപടി എടുത്ത് കൊണ്ട് പോകുന്ന ദുഷ്ടൻ.

അയാൾ ആദ്യ തവണ വിഷ്ണുവിനെ പിന്തുടരുന്ന സമയത്താണ് രക്ഷകരായി ആർഎസ്എസ് പ്രവർത്തകർ വരുന്നത്. ശാഖ നടക്കുന്ന സമയത്ത് ഗണവേഷത്തിലുള്ള പരിവാരത്തെ കണ്ട് പേടിച്ച് പിന്മാറുകയാണ് മമ്മൂട്ടി. പിന്നീട് വാട്ട്സൺ ഭായിയുടെ ഗുണ്ടകൾ വിഷ്ണുവിനെ തീർക്കാൻ വരുമ്പോഴും രക്ഷകർ ആർഎസ്എസ് തന്നെയാണ്.

‘നീ വിട്ടോ ഇത് ഞങ്ങൾ നോക്കിക്കൊള്ളാം’ എന്ന് ശാഖാപ്രമുഖ്. ‘ മമ്മൂട്ടി, വാട്ട്സൺ ‘തുടങ്ങിയവരിൽ നിന്നൊക്കെ വിഷ്ണുമാരെ സംഘപരിവാരം രക്ഷിക്കുമെന്ന്.വിഷ്ണു മമ്മൂട്ടിയുടെ കടമൊക്കെ തീർത്ത ശേഷം റോഡ് സൈഡിൽ നിൽക്കുന്ന മമ്മൂട്ടി അതിലൂടെ സൈക്കിളിൽ പോകുന്ന ശാഖാ പ്രവർത്തകരെ കണ്ട് പേടിച്ച് തലമറച്ച് തിരിഞ്ഞ് നിൽക്കുന്ന ഒരു സീൻ കൂടെയുണ്ട്.

പിന്നെയുള്ളത് മണികണ്ഠൻ പട്ടാമ്പി അവതരിപ്പിക്കുന്ന ‘പട്ടർ സുന്ദരം’ ആണ്. കടം വാങ്ങിയ കാശ് കിട്ടാൻ വേണ്ടി വഴക്കൊക്കെ ഉണ്ടാക്കുമെങ്കിലും ആള് ശുദ്ധനാണ്, മനുഷ്യപ്പറ്റുള്ള ആളാണ്.

മറ്റുള്ളവർക്ക് ഇഷ്ടമല്ലെങ്കിലും അയാളാണ് വാടക കൊടുക്കാത്ത വിഷ്ണുവിനെ താമസിപ്പിക്കുന്നത്, ആപത്തിൽ സഹായിക്കുന്നത്. വിഷ്ണുവിന് അധികം വൈകാതെ നിധി ലഭിക്കുമെന്ന് പ്രവചിക്കുന്നുണ്ടയാൾ.

“ബ്രാഹ്മണൻ ശൊന്ന വാക്ക് താണ്ടാ.. നിശ്ചയമാ കെടക്കും” എന്നയാൾ എടുത്ത് പറയുന്നുമുണ്ട്. സിനിമ മുന്നോട്ട് പോകവേ, ബ്രാഹ്മണൻ പറഞ്ഞ വാക്കതാ ഫലിക്കുന്നു. വിഷ്ണുവിന് നിധി കിട്ടുന്നു.

ഇതിനോടൊപ്പം രഹസ്യം സൂക്ഷിക്കാനാറിയാത്ത, പരസ്പരം ഭീഷണിപ്പെടുത്തി നിൽക്കുന്ന സ്ത്രീ കഥാപാത്രങ്ങൾ മാധുരി കുര്യനും രൂപയും ഒക്കെയുണ്ട്. കഥാവസാനം സീരിയൽ കില്ല റെയും കൂടെയുള്ളവരെയും സംരക്ഷിച്ച് അനന്തശയനത്തിൽ കിടക്കുന്ന ‘വിഷ്ണു’വിനെ കാണിച്ചാണ് സിനിമ തീരുന്നത്.

തൊട്ടടുത്ത വർഷമാണ് ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ വരുന്നത്. സിനിമയിലെ രാഷ്ട്രീയവും മുഖ്യകഥാപാത്രങ്ങളും നിരവധി ചർച്ചകൾ കഴിഞ്ഞതാണ്. അത്തരം ചർച്ചകളിൽ കടന്ന് വരാത്ത കുറച്ച് കഥാപാത്രങ്ങൾ കൂടെ ആ സിനിമയിലുണ്ട്.

സൈജു കുറുപ്പിന്റെ ‘മാത്യൂസ്’.ലഹരിക്കടിമപെട്ട് ചികിത്സയിലാണ്. ഫ്ലാഷ്ബാക്കിൽ ഭാര്യയെ കെട്ടിയിട്ട് ആ ന ൽ സെ ക് സ് ചെയ്യുന്നതും, കുട്ടിയെ ഉപദ്രവിക്കുന്നതും കാണിക്കുന്നുണ്ട. ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയ ഉടൻ ഭാര്യയെ തല്ലാൻ പോകുന്ന ക്രിമിനൽ.

ജെന്നിഫർ കുരുവിള (രമ്യാ നമ്പീശൻ)കാര്യസാധ്യത്തിനായി ആരെ വേണമെങ്കിലും ഉപയോഗിക്കാൻ മടിയില്ലാത്ത സ്ത്രീ. വട്ട് ജയൻ അവർക്ക് ഒരു ഉപകരണം മാത്രമാണ്. അവളുടെ കുട്ടി ഭർത്താവ് മാത്യൂസിന്റേത് അല്ല എന്ന് കൂട്ടുകാരിയുമായുള്ള സംഭാഷണത്തിൽ സൂചനയുണ്ട്. വിദേശത്തേക്ക് കടക്കാൻ വേണ്ടി ട്രാവൽ ഏജന്റിനെയും ലൈം ഗി കമായി പ്രലോഭിപ്പിച്ചാണ് ജെന്നിഫർ സ്ഥലം വിടുന്നത്.

ജെയിസൻ ഫെർണാണ്ടസ് (അഹമ്മദ് സിദ്ധീഖ്) തന്റെ പപ്പ വലിയ കാശുകാരൻ ആണെന്ന അഹങ്കാരമുള്ള, ഇംഗ്ലീഷിൽ മാത്രം സംസാരിക്കുന്ന അമൂൽ ബേബി. തന്റെ ഓഫീസിൽ വരുന്ന സ്ത്രീകളുടെ ശ രീര ത്തിലാണ് ജെയ്‌സന്റെ കണ്ണ്. സെ ക് സിനെ കുറിച്ചുള്ള പുസ്തകങ്ങൾ ആണ് അയാളുടെ അലമാര നിറയെ. സന്ദർഭം കിട്ടുമ്പോൾ അയാളുടെ കയ്യിൽ നിന്ന് വട്ട് ജയൻ വാങ്ങിയ കാശ് തന്ത്രപരമായി അയാൾ തിരിച്ച് പിടിക്കുന്നുണ്ട് ‘അച്ചായൻ’

എസ്.പി മുഹമ്മദ് ബിലാൽ പോലീസ് ആണെങ്കിലും സീരിയൽ അഭിനയമാണ് മുഖ്യം. ഏത് സമയത്തും എങ്ങനെ കൂടെ അഭിനയിക്കുന്ന നടിയെ ഒപ്പിക്കാം എന്ന ഒറ്റ ചിന്തയിലാണ് അയാൾ ജീവിക്കുന്നത്. ജയനുമായി മറ്റേതോ വിഷയം സംസാരിക്കുമ്പോഴും ബിലാൽ തന്റെ മുന്നിലെ നടിയുടെ അളവ് എടുത്ത് കൊണ്ടിരിക്കയാണ്.

ദേവീ വേഷം കെട്ടിയ അഭിനേത്രിയെ ആണ് ബിലാലിന് വേണ്ടത്. അതിന് വേണ്ടി മറ്റുള്ളവരുടെ സഹായവും അയാൾ തേടുന്നുണ്ട്. ഗത്യന്തരമില്ലാതെ ജയൻ സഹായത്തിന് വരുന്ന സമയത്തും അയാൾ ആവശ്യപ്പെടുന്നത് ഇതേ കാര്യമാണ്.

ഏറ്റവും അവസാനം അരുൺകുമാർ അരവിന്ദിന്റേതായി ഇറങ്ങിയത് ‘കാറ്റ്’ ആണ്. അതിലും തുടക്കത്തിലേ ഇതുപോലെയൊക്കെ തന്നെയാണ് അവസ്ഥ. ബുദ്ധിയുറച്ചിട്ടില്ലാത്ത, ഒരു മണ്ടനാണ് ആസിഫ് അലിയുടെ നൂഹുക്കണ്ണ്. അവനെ ചാരായ ഷാപ്പിലെ ‘ജെറോം’ മൊതലാളി നിരന്തരം ഉപദ്രവിച്ച് കൊണ്ടേ ഇരിക്കയാണ്. അവിടെ നിന്നാണ് ചെല്ലപ്പൻ അവനെ രക്ഷിച്ച് കൊണ്ട് പോകുന്നത്.

ഈ സിനിമകളിലൊക്കെ എന്തെങ്കിലും പാറ്റേൺ ആവർത്തിക്കുന്നത് കാണുന്നുണ്ടോ? ഈ കഥാപാത്ര സൃഷ്ടികളിൽ ഒന്നും യാതൊരു കുഴപ്പവുമില്ല,സ്വഭാവികതയും യാദൃശ്ചികതയും മാത്രമേ ഉള്ളൂ എന്ന് കരുതാൻ കുറച്ചധികം നിഷ്കളങ്കത വേണ്ടിയിരിക്കുന്നു…

പോസ്റ്റ് ലിങ്ക് ഇതാ..https://www.facebook.com/groups/moviestreetlive/permalink/1081417092022376/

പിന്നാലെ ഈ പോസ്റ്റിന് വന്ന ചില കമന്റുകൾക്ക് ഇതേ യുവാവ് തന്നെ ഒരു മറുപടി പോസ്റ്റും ഇട്ടു.. അത് ഇതാ ..

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മൂവീ സ്ട്രീറ്റിൽ വന്ന രണ്ട് വ്യത്യസ്ത പോസ്റ്റുകൾക്കടിയിൽ വന്ന കമന്റുകളാണ്. സമാനമായ വേറെയും ഇഷ്ടംപോലെ കമന്റുകൾ ഇവിടെ കാണാം. പഴയ ഏതെങ്കിലും സിനിമക്ക് അകത്തെ ജാതീയത, ഇസ്ലാമോഫോബിയ ഒക്കെ ചർച്ച ചെയ്യുമ്പോഴാണ് ഇത്തരം കമന്റുകൾ വരിക. ‘സിനിമയെ സിനിമയായി കണ്ടാൽ പോരേ’ എന്നതാണ് ഇതിന്റെ ഫേമസ് ഷോർട്ട് വേർഷൻ. അങ്ങനെ ചിന്തിക്കുന്നവരോടാണ്.

നിങ്ങൾ വിചാരിക്കുന്ന പോലെ രണ്ട് മണിക്കൂർ കണ്ട് അവിടെ ഉപേക്ഷിച്ച് പോരുന്ന ഒരു വിനോദം മാത്രമല്ല. മനുഷ്യരെ ഇൻഫ്ലുവൻസ് ചെയ്യുന്ന, ഏറ്റവും ശക്തമായ ഒരു മീഡിയം കൂടെയാണ് സിനിമ. അത് കൊണ്ടാണല്ലോ സിനിമാക്കാർക്കും സിനിമാ സംബന്ധിയായ കാര്യങ്ങൾക്കും മറ്റെല്ലാ വിഷയങ്ങളേക്കാൾ ആളുകക്കിടയിൽ പ്രചാരം കിട്ടുന്നത്. ഇതുപോലുള്ള സിനിമാ ഗ്രൂപ്പുകൾ 24 മണിക്കൂറും ആക്റ്റീവ് ആയിരിക്കുന്നത്.

പഴയ സിനിമകളോ പാട്ടുകളോ വിമർശന വിധേയമാക്കുമ്പോൾ, അതിനെ കുറിച്ച് ആദ്യമായി ചിന്തിക്കുന്ന ഒരാൾക്ക് ദേഷ്യം വരുന്നത് സ്വാഭാവികമാണ്, ഞാനിത് വരെ അങ്ങനെ കണ്ടില്ലല്ലോ എന്നോ, എനിക്ക് അത്ര ഇഷ്ടപ്പെട്ട ഒരു സൃഷ്ടിയെ മറ്റൊരാൾ കുറ്റം പറയുന്നോ എന്നൊക്കെയുള്ള വിഷമത്തിൽ നിന്ന് വരുന്ന ദേഷ്യമാണ്. അപ്പോഴാണ്, ഇതൊക്കെ കണ്ട് പിടിച്ച നിന്റെ ഉള്ളിലാണ് വർഗീയത, നീയാണ് ജാതി വാദി എന്നൊക്കെ പറയാൻ തോന്നുന്നത്. കൃത്യമായി ഒരു സിനിമയിലെ ജാതീയത ചൂണ്ടിക്കാണിക്കുമ്പോൾ അത് പറഞ്ഞവൻ പ്രതിയും, ചെയ്ത് വെച്ചയാൾ നിരപരാധിയും ആകുന്ന അവസ്ഥ.

സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിൽ സിനിമക്കുള്ള പങ്ക് വളരെ വലുതാണ്. ഞാനൊരിക്കലും കണ്ടിട്ടില്ലെങ്കിലും കോടതി എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് വരുന്ന കുറേ ദൃശ്യങ്ങളുണ്ട്, അവ വരുന്നത് സിനിമയിൽ നിന്നാണ്. ഇതുപോലെ തന്നെ നമുക്ക് പരിചയമില്ലാത്ത സമുദായങ്ങൾ, പോലീസുകാർ, രാഷ്ട്രീയക്കാർ, ഫെമിനിസ്റ്റുകൾ, തമിഴർ, ആദിവാസികൾ, ട്രാൻസ്ജെന്റേഴ്‌സ്, ഹോമോസെക്ഷ്വൽസ്, etc etc.. ഒരുപാട് ഐഡന്റിറ്റികളെപ്പറ്റി സിനിമകൾ ഉണ്ടാക്കി വെച്ചിട്ടുള്ള ധാരണകൾ ഉണ്ട്. പലപ്പോഴും യാഥാർഥ്യവുമായി ഈ നിർമിച്ചെടുത്ത ഇമേജുകൾക്ക് ബന്ധം ഉണ്ടാവണമെന്നൊന്നുമില്ല, പക്ഷേ ആളുകളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ് പോയ ചിത്രം ഈ വ്യാജനിർമിതിയായിരിക്കും.ഇതൊരൊറ്റ സിനിമയിലൂടെയോ, ഒരൊറ്റ ദിവസം കൊണ്ടോ നടന്നിട്ടുള്ള കാര്യമല്ല. ചെറുപ്പം മുതലേ നമ്മൾ കണ്ട് വരുന്ന സിനിമകളിലൂടെ, ചിലപ്പോഴൊക്കെ മറ്റു മാധ്യമങ്ങളിലൂടെ, ചില ധാരണകൾ ഉള്ളിൽ വേരുറപ്പിക്കുകയാണ്. ഇതിനായി നെടുനീളൻ ഡയലോഗുകളോ, സീനുകളോ ഒന്നും ആവശ്യമായി വരുന്നില്ല. സിനിമകളിൽ കടന്ന് വരുന്ന ചില ഡയലോഗുകൾ, ചെറിയ ചെറിയ സീനുകൾ ഒക്കെ ധാരാളം മതിയാവും. ഇത് തന്നെ പല സിനിമകളിൽ, പല സന്ദർഭങ്ങളിലായി ആവർത്തിച്ച് വരുമ്പോൾ പ്രേക്ഷകന്റെ മനസ്സിലെ ധാരണകൾ വേരുറപ്പിക്കുകയായി.

വളരെ പ്രോഗ്രസ്സീവ് ആയ ചിന്തകളും വീക്ഷണങ്ങളും സൃഷ്ടിക്കാൻ കഴിയുമായിരുന്നിട്ടും അതിന് പകരം അന്ധവിശ്വാസങ്ങൾ, ബ്രാഹ്മണ്യം, റേസിസം, അരാഷ്ട്രീയത, സ്ത്രീവിരുദ്ധത ഒക്കെയാണ് ഭൂരിപക്ഷം സിനിമകളും മുന്നോട്ട് വെച്ചത്. ഈ കൂട്ടത്തിൽ എടുത്ത് പറയേണ്ട ഒന്നാണ് ‘സംവരണ വിരുദ്ധത’. കേരള സമൂഹത്തിൽ സംവരണവിരുദ്ധത പടർത്തുന്നതിൽ സിനിമയുടെ പങ്കാളിത്തം വളരെ വലുതാണ്.

തൊഴിലില്ലാത്ത ‘നായർ’ നായകന്മാർക്ക് മലയാളത്തിൽ കയ്യുംകണക്കുമില്ല.1987 ൽ ഇറങ്ങിയ, ടി.ദാമോദരന്റെ രചനയിൽ മോഹൻലാൽ നായകനായ ‘അടിവേരുകൾ’ എന്ന സിനിമയിൽ ലാൽ ഒരു എജ്യുക്കേറ്റഡ് നായർ യുവാവാണ്, ബാലകൃഷ്ണൻ. പക്ഷേ ഉദ്ദേശിച്ച സർക്കാർ ജോലി കിട്ടാത്തത് കൊണ്ട്, വീട്ടിലെ ആനയെ വിൽക്കേണ്ട ഗതികേട് വന്നു. എന്നിട്ട് കൂപ്പിലെ മരപ്പണിക്ക് പോവുകയാണ്. അവിടെ വെച്ചാണ് ഫോറസ്റ്റ് ഓഫീസറായി പഴയ കൂട്ടുകാരൻ ബെന്നിയെ കാണുന്നത് (മുകേഷ്). [ താഴ്ജാതിയിൽ നിന്ന് വേദം കൂടിയ പൊലയൻ ചാത്തന്റെ മോൻ ആണ് ബെന്നി എന്ന് കുതിരവട്ടം പപ്പുവിനെ കൊണ്ട് ആദ്യമേ പറയിക്കുന്നുണ്ട് ] ശേഷം ബെന്നിയോട് പറയുകയാണ് “എന്നേക്കാൾ മാർക്ക് കുറവായിരുന്നിട്ടും നിനക്കീ ജോലി കിട്ടി. ഒരു നായരായി ജനിച്ചതിൽ ജീവിതത്തിലാദ്യമായി എന്നോടുതന്നെ വെറുപ്പുതോന്നുന്നു”തനിക്ക് ജോലി കിട്ടാത്തതും, ആനയെ വിൽക്കേണ്ടി വന്നതും, പട്ടിണിയിൽ ആയതുമൊക്കെ കൊണ്ടുചെന്നു സംവരണത്തിന്റെ തലയിൽ ഇട്ട് കൊടുക്കുകയാണ്.

അതേ കാലഘട്ടത്തിൽ തന്നെ ഇറങ്ങിയ സത്യൻഅന്തിക്കാട് -ശ്രീനിവാസൻ കോമ്പോയുടെ സൂപ്പർഹിറ്റ് ആയ ‘ടിപി.ബാലഗോപാലൻ.എംഎ’ യിലെ മോഹൻലാൽ കഥാപാത്രവും ഉന്നതവിദ്യാഭ്യാസം ഉണ്ടായിട്ടും ജോലിയില്ലാത്ത ആളാണ്. ലോണിന് വേണ്ടി ബാങ്ക്മാനേജരുമായി സംസാരിക്കുമ്പോൾ മാനേജർ പറയുന്നത് “ഒന്നുകിൽ രാഷ്ട്രീയക്കാരുടെ റെക്കമെന്റേഷൻ വേണം, അല്ലെങ്കിൽ പിന്നാക്ക സമുദായക്കാരൻ ആവണം, എന്നാലേ ലോൺ പാസാവൂ” എന്നാണ്. “അതിന് വേണ്ടി പെട്ടെന്ന് പിന്നാക്ക സമുദായക്കാരൻ ആവാൻ പറ്റില്ലല്ലോ” എന്ന് ബാലഗോപാലൻ. പിന്നാക്ക സമുദായക്കാർക്ക് അനർഹമായ ആനുകൂല്യങ്ങൾ കിട്ടുന്നു എന്നാണ് പറഞ്ഞു വെക്കുന്നത്.

ഇതുപോലെ എത്രയോ ഉദാഹരണങ്ങൾ, ഈ സിനിമകളിലെല്ലാം ഒന്നോ രണ്ടോ ഡയലോഗുകളിൽ ആണ് സംവരണ വിരുദ്ധത പ്രത്യക്ഷപ്പെടുന്നതെങ്കിൽ, ‘സംവരണം മൂലം ജോലി കിട്ടാതെ നശിച്ച യുവാവ്’ എന്ന വൺലൈൻ സിനിമയാക്കുന്നത് ‘ഹരിഹരൻ’ ആണ്. ഒരുപാട് മികച്ച സിനിമകളുടെ, വമ്പൻ ഹിറ്റുകളുടെ സൃഷ്ടാവായ ഹരിഹരൻ 2005 ലാണ് സൈജു കുറുപ്പിനെയും മമ്ത മോഹൻദാസിനെയും വെച്ച് മയൂഖം ഇറക്കുന്നത്. ശാന്തിപ്പണിക്ക് ആരും വിളിക്കാത്തത് കൊണ്ട് ദാരിദ്ര്യം പിടിച്ച ഇല്ലം, കടം വാങ്ങിയും പട്ടിണി കിടന്നുമാണ് മകൻ ഉണ്ണിയെ നെടുമുടി വേണുവിന്റെ അച്ഛൻ നമ്പൂതിരി പഠിപ്പിച്ചത്. റാങ്കോടെ എല്ലാത്തിലും ഒന്നാമനായി ഉണ്ണി പാസ്സാവുകയും ചെയ്തു, പക്ഷേ “ജാതിയിൽ തോറ്റ് പോയി”സംവരണം ഉള്ളത് കൊണ്ട് ഉണ്ണിക്ക് ജോലിയൊന്നും കിട്ടുന്നില്ല, ആ ഫ്രസ്ട്രേഷനിൽ ഉണ്ണിയൊരു സാമൂഹ്യവിരുദ്ധൻ ആയി മാറുകയാണ്. സംവരണം ഒരു യുവാവിനെ മയക്കുമരുന്നിനും കഞ്ചാവിനും അടിമയാക്കുന്നു. പാവപ്പെട്ട ഒരില്ലം നശിപ്പിക്കുന്നു. സൈഡ് ട്രാക്കിൽ കീഴ്ജാതിക്കാർ കലാഭവൻ മണിയുടെ നേതൃത്വത്തിൽ ക്ഷേത്രഭരണം പിടിച്ചെടുക്കുന്നുമുണ്ട്. ഹരിഹരൻ തന്നെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ചെയ്ത സിനിമയാണ്.

ഇങ്ങനെ പല പല സിനിമകളിലൂടെ, സംവരണം വാങ്ങുന്നവർക്ക് പോലും തങ്ങൾ അനർഹമായ എന്തോ ഒന്ന് അനുഭവിക്കുകയാണെന്ന തോന്നലുണ്ടാക്കാൻ, അത്തരമൊരു പൊതുബോധം രൂപീകരിക്കാൻ ഇവിടത്തെ സിനിമകൾക്ക് സാധിച്ചിട്ടുണ്ട്. സിനിമകൾ നിർമ്മിച്ച ഇത്തരം ധാരണകളെ തകർക്കേണ്ടതുണ്ട്.

(നിരീക്ഷണങ്ങൾക്ക് കടപ്പാട് : മലയാള സിനിമയും ജാതി വ്യവസ്ഥയും – കെ.പി ജയകുമാർ)

പറഞ്ഞ് വന്നത്, സിനിമ എന്നാൽ വെറും വിനോദോപാധി മാത്രമല്ല. നമ്മുടെയൊക്കെ കാഴ്ച്ചപ്പാടുകൾ ഉണ്ടാക്കുന്നതിൽ പങ്ക് വഹിക്കുന്ന മീഡിയം കൂടെയാണ്. അതിനെ കൂടുതൽ മെച്ചപ്പെടുത്താൻ ഇത്തരം ചർച്ചകൾ അത്യാവശ്യമാണ്.

പോസ്റ്റ് ലിങ്ക് : https://www.facebook.com/groups/moviestreetlive/permalink/1504014853095929/

Trending

To Top
error: Content is protected !!