നവാഗതനായ മാത്തുകുട്ടി സേവ്യര്‍ സംവിധാനം ചെയ്ത് രണ്ടായിരത്തി പത്തൊമ്പതില്‍ പുറത്തിറങ്ങിയ സിനിമയാണ് ഹെലന്‍. വിനീത് ശ്രീനിവാസന്‍ ആയിരുന്നു സിനിമയുടെ നിര്‍മ്മാണം. അന്ന ബെന്‍, ലാല്‍, നോബിള്‍ തോമസ്, അജുവര്‍ഗ്ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സര്‍വ്വൈവല്‍ ത്രില്ലറായ ഹെലന്‍ തീയേറ്ററുകളില്‍ മികച്ച വിജയവും അഭിപ്രായവുമാണ് നേടിയത്. രണ്ട് ദേശീയ പുരസ്‌കാരങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. മികച്ച നവാഗത സിനിമയ്ക്കും മേക്കപ്പ് ആര്‍ടിസ്റ്റിനും ഉള്ള പുരസ്‌കാരങ്ങളാണ് കിട്ടിയത്. ഹെലന്‍ എന്ന നായിക കഥാപാത്രമായി എത്തിയ അന്ന ബെന്നിന് സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ജൂറി മെന്‍ഷനും ലഭിച്ചിരുന്നു.
ഹെലന്‍ ഫ്രീസര്‍ റൂമില്‍ അകപ്പെട്ടുപോകുന്നതും അവിടെ നിന്ന് രക്ഷപ്പെടുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. എന്നാല്‍ ഇത്തരത്തില്‍ ഒരു കഥ പണ്ട് കുട്ടികളുടെ പ്രസിദ്ധീകരണമായ ബാലരമയില്‍ വന്നതാണെന്നാണ് ചില സിനിമാഗ്രൂപ്പുകളില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. അതിന് ആസ്പദമായ കഥയും പോസ്റ്റ് ചെയ്തിരുന്നു. എല്ലാവരും വലിയവര്‍ എന്ന പേരില്‍ ആണ് കഥ വന്നിരിക്കുന്നത്. ജപ്പാനിലെ കൊസോവ എന്നയാളുടെ ജോലി തണുത്തുറഞ്ഞ ഫ്രീസറുകളിലെ തണുപ്പ് പരിശോധിച്ച് കൃത്യമാണോ എന്ന് ഉറപ്പുവരുത്തുകയാണ്. എന്നാല്‍ അയാള്‍ ഫ്രീസറിനുള്ളില്‍ ഒരു ദിവസം കുടുങ്ങി പോകുന്നു.
ഇനിയാണ് സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട രംഗവുമായി ഈ കഥയ്ക്ക് സാമ്യം വരുന്നത്. കഥയില്‍ കൊസോവ രക്ഷപ്പെടുന്നത് അവിടുത്തെ സെക്യൂരിറ്റികാരണമാണ്. കോസോവ എന്നും ജോലിക്ക് വരുമ്പോള്‍ സെക്യൂരിറ്റിയോട് ഗുഡ്‌മോണിംങും പോകുമ്പോള്‍ ഗുഡ്‌നൈറ്റും പറയുമായിരുന്നു. എന്നാല്‍ അന്നേ ദിവസം ഗുഡ്‌മോണിങ് പറഞ്ഞുപോയ കൊസോവയെ രാത്രി ആയിട്ടും കാണാഞ്ഞതുകൊണ്ടാണ് സെക്യൂരിറ്റി അന്വേഷിച്ച് ചെല്ലുന്നത്. അങ്ങനെ അയാളെ ഫ്രീസറില്‍ നിന്ന് രക്ഷിക്കാനും കഴിഞ്ഞു. സിനിമയിലും ഇതേ സംഗതി അതുപോലെയുണ്ട്. ഹെലന്‍ എന്ന പെണ്‍കുട്ടി ഫ്രീസറില്‍ ഉണ്ടെന്ന് മനസ്സിലാകുന്നത് സെക്യൂരിറ്റിയുടെ മൊഴിയില്‍ നിന്നാണ്.
രണ്ടായിരത്തി പതിനാറില്‍ ആണ് ഈ കഥ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നടന്ന കഥയില്‍ നിന്നാണ് സിനിമ ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് സിനിമയുടെ റ്റൈറ്റിലില്‍ പറയുന്നത്. അതില്‍ ഒരു തെറ്റുമില്ല നമ്മള്‍ വായിച്ചതോ കണ്ടതോ അനുഭവിച്ചത് ആയ പുസ്തകങ്ങളും കഥകളും അനുഭവങ്ങളും ഒക്കെയാണ് തിരക്കഥകള്‍ ആകേണ്ടത. അല്ലാതെ പ്ലൂട്ടോയില്‍ പോയി കഥയുണ്ടക്കന്‍ പറ്റില്ലല്ലോ. ഈ ഒരു ഒറ്റ പേജ് കഥയെ സാമാന്യം ബോറടിപ്പിക്കാതെ രണ്ട് മണിക്കൂര്‍ സിനിമയാക്കി എടുത്ത എഴുത്തുകാരനിരിക്കട്ടെ ഇന്നത്തെ കുതിര പവന്‍. എന്നായിരുന്നു ഒരാള്‍ അഭിപ്രായം പറഞ്ഞത്. അടിച്ചുമാറ്റുന്നെ ഇങ്ങനെ വേണം. വെറും ഇരുപത് രൂപക്ക് ഒരു തിരക്കഥ. മറ്റൊരാളുടെ കമന്റ് ഇങ്ങനെ ആയിരുന്നു.