അതുവരെ പിടിച്ച് നില്‍ക്കാനായത് ഹോമിയോ പ്രതിരോധ മരുന്നാണെന്നാണ് എന്റെ ധാരണ

വട്ടിയൂര്‍കാവ് എംഎല്‍എ വികെ പ്രശാന്ത് തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച പോസ്റ്റിന് എതിരെ ചില ഡോക്ടര്‍മാര്‍ രംഗത്ത് വന്നിരിക്കുകയാണ്. ഹോമിയോ മരുന്നാണ് തനിക്ക് ഇതുവരേയും കോവിഡ് വരാതെ പിടിച്ച് നല്‍ക്കാനായത് എന്ന് പോസ്റ്റില്‍ പരാമര്‍ശിച്ചതാണ് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. എംഎല്‍എ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ. അടുത്ത ദിവസങ്ങളില്‍ ഇടപഴകിയവര്‍ ശ്രദ്ധിക്കുക. കോവിഡ് തുടക്കം മുതല്‍ ഇന്നുവരെ പൊതു സമൂഹത്തില്‍ തന്നെ ആയിരുന്നു. പതിനഞ്ച് തവണയിലധികം ആന്റിജന്‍, ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നടത്തി. കഴിഞ്ഞ ആഴ്ച്ചയിലാണ് കോവാക്‌സിന്‍ രണ്ടാം ഡോസ് എടുത്തത്. അതുവരെ പിടിച്ച് നില്‍ക്കാനായത് ഹോമിയോ പ്രതിരോധ മരുന്നാണെന്നാണ് എന്റെ ധാരണ.

പോസ്റ്റിന് മറുപടിയുമായി ഡോ ഷിമ്‌ന അസീസ് എത്തി. ഹോമിയോ മരുന്ന് കൊണ്ട് പ്രതിരോധം കിട്ടി എന്നൊക്കെ ഉത്തരവാദിത്തപ്പെട്ട പൊസിഷനിലുള്ള ഒരാള്‍ പറയുന്നത് വലിയ കഷ്ടമാണ്. തീര്‍ത്തും അശാസ്ത്രീയമായ, മറ്റെവിടെയും വിതരണത്തില്ലാത്ത എന്തിനും ഏതിനും മാമച്ചന്‍ ലൈനില്‍ നാട്ടില്‍ എന്തസുഖം വന്നാലും ഹോമിയോ പ്രതിരോധം എന്ന് പറഞ്ഞിറങ്ങുന്ന പഞ്ചാരമിഠായി എന്ന ഹോമിയോ മരുന്നിന് ക്രെഡിറ്റ് കൊടുക്കുമ്പോള്‍ അതിന് വല്ല അടിസ്ഥാനവുമുണ്ടോ എന്ന് കൂടി ആലോചിക്കുമല്ലോ. പ്രത്യേകിച്ച് നിങ്ങളെപ്പോലൊരാള്‍. രോഗം വേഗം ഭേദമാകട്ടെ. കമന്റിലൂടെ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ ആയിരുന്നു.

ഡോ ജിനേഷ് പിഎസും കമന്റുമായി എത്തി. എത്രയും പെട്ടെന്ന് രോഗമുക്തി നേടട്ടെ എന്ന് ആശംസിക്കുന്നു. ഹോമിയോ കോവിഡിനെ പ്രതിരോധിക്കും എന്നത് അശാസ്ത്രീയമാണ്. ഇതുവരെ തെളിയിക്കപ്പെടാത്ത അവകാശവാദം മാത്രമാണ്. ചൈനയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത കാലത്ത്, അതായത് ഇന്ത്യയില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത കാലത്ത്, ഈ വൈറസിനെ കുറിച്ച് കൂടുതലായി ഒന്നും അറിയാത്ത കാലത്ത്, ഈ അവകാശവാദമുന്നയിച്ചതാണ് ആയുഷ് വകുപ്പ്. എന്നിട്ടും ഇതുവരെ തെളിയിക്കാന്‍ സാധിച്ചിട്ടില്ല. കോവിഡിന് എതിരെ ഇതുവരെ ലഭ്യമായ ഏറ്റവും ഫലപ്രദമായ പ്രതിരോധ മാര്‍ഗ്ഗം വാക്‌സിന്‍ തന്നെയാണ്. പിന്നെയുള്ളത് മാസ്‌കും ശാരീരിക അകലവും ഹാന്‍ഡ് സാനിറ്റൈസറും.

ഒരു വ്യക്തിയുടെ ധാരണ എങ്ങനെ വേണമെങ്കിലും ആവാം. അത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. പക്ഷേ, ജനപ്രതിനിധിയായ, നിരവധി വ്യക്തികളെ സ്വാധീനിക്കാന്‍ സാധിക്കുന്ന താങ്കളെ പോലെ ഒരാള്‍ ഇങ്ങനെ പറയുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കും എന്ന് പറയാതെ വയ്യ. താങ്കള്‍ക്ക് സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എങ്കിലും താങ്കളുടെ അഭിപ്രായത്തോട് വിയോജിപ്പ് രേഖപ്പെടുത്തുന്നു. തികഞ്ഞ അശാസ്ത്രീയമായ നിലപാടാണിത്. ജിനേഷ് പിഎസ് പറയുന്നു.