ആ ബന്ധത്തില്‍ ആദ്യമായി ചെറിയൊരു അകല്‍ച്ച ഉണ്ടാകേണ്ടി വന്നു

മലയാളികള്‍ക്ക് വ്യത്യസ്തമായ നിരവധി സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് വിനയന്‍. എന്നാല്‍ പലപ്പോഴും മലയാള സിനിമ മാറ്റി നിര്‍ത്തിയ സംവിധായകന്‍ കൂടിയായിരുന്നു അദ്ധേഹം. അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞതിന്റെ പേരില്‍ തെറ്റുകള്‍ ചൂണ്ടികാണിച്ചതിന്റെ പേരില്‍ പലരുടേയും കണ്ണിലെ കരടായി വളരെ പെട്ടെന്ന് തന്നെ വിനയന്‍ മാറിയിരുന്നു. പക്ഷെ തന്റെ നിലപാടുകളില്‍ നിന്ന് ഒരു ശതമാനം പോലും പിന്നോട്ട് പോകാന്‍ വിനയന്‍ ഒരുക്കമായിരുന്നില്ല. തന്നെ മാറ്റി നിര്‍ത്തിയവര്‍ക്ക് നേരെയും സംഘടനകള്‍ക്ക് നേരെയും വിനയന്‍ ഒറ്റയാള്‍ പോരാട്ടം നയിച്ചു. സിനിമകള്‍ ചെയ്തു. അത് വിജയിപ്പിച്ച് കാണിച്ച് മധുരപ്രതികാരവും വീട്ടി. ഇപ്പോള്‍ തന്റെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ എന്ന ചിത്രത്തില്‍ സംഭവിച്ച ചിലകാര്യങ്ങളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് വിനയന്‍.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിനയന്‍ അത് വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തായ കലൂര്‍ ഡെന്നീസ് ഇപ്പോള്‍ മാധ്യമം ആഴ്ചപ്പതിപ്പിലൂടെ തന്റെ ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ്. അത് വായിക്കാനിടയായ വിനയന്‍ കലൂര്‍ ഡെന്നീസ് അതില്‍ പറഞ്ഞിരിക്കുന്ന തന്റെ സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ എത്രത്തോളം ശരിയാണെന്ന് പറയുകയായിരുന്നു. ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ എന്ന സിനിമയ്ക്ക് കഥയെഴുതിയത് വിനയനും തിരക്കഥ തയ്യാറാക്കിയത് കലൂര്‍ ഡെന്നീസും ആയിരുന്നു. ജയസൂര്യ എന്ന നടന്റെ കരിയറിലെ വലിയൊരു വഴിത്തിരിവായ ചിത്രം കൂടിയായിരുന്നു അത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ഒതുങ്ങി നിന്ന നടനെ നായക വേഷത്തിലേക്ക് വിനയന്‍ കൈപിടിച്ച് ഉയര്‍ത്തുകയാണ് ചെയ്തത്. എന്നാല്‍ ആ സിനിമയുടെ തുടക്കത്തില്‍ ജയസൂര്യയെ അല്ല നായകനായി നിശ്ചയിച്ചിരുന്നത്. മറ്റൊരു നടനായിരുന്നു. എന്ത് കൊണ്ട് അഡ്വാന്‍സ് വരെ വാങ്ങിയ ആ താരത്തെ മാറ്റി എന്ന് പറയുകയാണ് വിനയന്‍.

വിനയന്റെ കുറിപ്പില്‍ നിന്നും. ഊമപ്പെണ്ണിന് ഉരിയാടാപ്പൈയ്യന്‍എന്ന സിനിമയിലൂടെ അന്ന് സീരീയലിലും ചില സിനിമകളിലും വളരെ ചെറിയ വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന ജയസൂര്യ നായകനായി വന്നത് തികച്ചും യാദൃശ്ചികമായിട്ടായിരുന്നു. അതിനു കാരണമായതോ?മറ്റു ചില പിടിവാശികളും. കല്യാണസൗഗന്ധികം മുതല്‍ രാക്ഷസരാജാവു വരെ നിരവധി വിജയ ചിത്രങ്ങളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുകയും ഒരു സഹോദരനെ പോലെ ഞാന്‍ സ്‌നേഹിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു നടന്‍ ദിലീപ്. വളരെ ആത്മാര്‍ത്ഥതയോടെ ഞാന്‍ കണ്ടിരുന്ന ആ ബന്ധത്തില്‍ ആദ്യമായി ചെറിയൊരു അകല്‍ച്ച ഉണ്ടാകേണ്ടി വന്ന സാഹചര്യമാണ് ഡെന്നീസു ചേട്ടന്‍ വീണ്ടും ഓര്‍മ്മയില്‍ എത്തിച്ചത്. വിനയന്‍ പറയുന്നു. ദിലീപ് ആയിരുന്നു ആ സിനിമ ചെയ്യേണ്ടിയിരുന്നത്. പിന്നെ എന്താണ് സംഭവിച്ചതെന്നും വിനയന്‍ വ്യക്തമാക്കുന്നുണ്ട്. പി കെ ആര്‍ പിള്ളച്ചേട്ടന്‍ ശിര്‍ദ്ദിസായി ക്രിയേഷന്‍സിനു വേണ്ടി നിര്‍മ്മിച്ച ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തില്‍ എന്റെ കഥയ്ക് തിരക്കഥ തയ്യാറാക്കുന്നത് ഡെന്നീസുചേട്ടന്‍ ആയിരിക്കുമെന്ന് അഡ്വാന്‍സ് വാങ്ങുമ്പോഴേ ഞാന്‍ വാക്കു കൊടുത്തിരുന്നതാണ്.

ഞാനൊരു കഥ ദിലീപിനോടു പറഞ്ഞിട്ടുണ്ടന്നും ദിലീപിനെയും കാവ്യയേയും വച്ച് ആ സിനിമ വേണമെങ്കില്‍ പിള്ളച്ചേട്ടനു വേണ്ടി ചെയ്യാമെന്നും ഞാന്‍ പറഞ്ഞു. പിള്ളച്ചേട്ടനു സന്തോഷമായി. ദിലീപിനോട് അക്കാര്യം പറയുകയും ദിലീപിന് ഒരു ലക്ഷം രുപ അഡ്വാന്‍സായി പി കെ ആര്‍ പിള്ള കൊടുക്കുകയുംചെയ്തു. ഇതിനിടയിലാണ് ചിത്രത്തിന്‍െ തിരക്കഥ തയ്യാറാക്കുന്നത് ശ്രീ കലൂര്‍ ഡെന്നീസാണന്ന വാര്‍ത്ത ശ്രീ ദിലീപ് അറിയുന്നത്. ഒരു ദിവസം ദിലീപ് പാലാരിവട്ടത്തുള്ള എന്റെ വീട്ടില്‍ നേരിട്ടെത്തുന്നു. ഭാര്യ മഞ്ജുവും അന്ന് കൂടെ ഉണ്ടായിരുന്നു എന്നാണെന്റെ ഓര്‍മ്മ. സംസാരമദ്ധ്യേ ദിലീപ് ഇക്കാരം എടുത്തിട്ടു. നല്ല കഥയാണന്നും പക്ഷേ തിരക്കഥ കലൂര്‍ ഡെന്നീസെഴുതിയാല്‍ ശരിയാകില്ലന്നും പറയുന്നു. മ്മൂട്ടിക്കും മോഹന്‍ലാലിനും ജയറാമിനും ഒക്കെ വേണ്ടി ധാരാളം ഹിറ്റ് സിനിമകളുടെ തിരക്കഥ രചിച്ച ആളാണന്നും ഞാന്‍ വാക്കു കൊടുത്തു പോയി എന്നു പറഞ്ഞിട്ടും ദിലീപ് നിര്‍ബന്ധം തുടര്‍ന്നു. ദിലീപ് തന്റെ തീരുമാനത്തില്‍ നിന്നു മാറുന്നില്ല എന്നു മനസ്സിലാക്കിയ ഞാന്‍ തെല്ലൊന്നാലോചിച്ച ശേഷം പറഞ്ഞു. ദിലീപേ, ഇതെന്റെ സിനിമയാണ്. ഇതു വിജയിക്കേണ്ടത് ദിലീപിനേക്കാള്‍ കൂടുതല്‍ എന്റെ ആവശ്യമാണ്. പക്ഷേ അതിനായി ഒരാളോടു പറഞ്ഞ വാക്കു മാറ്റാനോ? എടുത്ത നിലപാടില്‍ നിന്ന് ഒളിച്ചോടാനോ എനിക്കു പറ്റില്ല. വിനയന്‍ പറയുന്നു. അങ്ങനെയാണ് ദിലീപ് സിനിമയില്‍ നിന്ന് മാറുന്നതും ജയസൂര്യയ്ക്ക് ആ വേഷം കിട്ടുന്നതും.