സൂക്ഷിച്ചു നോക്കിയാല്‍ രണ്ട് ആനകള്‍ നില്‍ക്കുന്നത് പോലെ തോന്നും.

ലോഹിതദാസ് സിബിമലയില്‍ കൂട്ടുകെട്ടില്‍ നിന്ന് മോഹന്‍ലാലിനെ നായകനാക്കി ഇറങ്ങിയ സിനിമകളേറെയും ഇന്നും മലയാളികള്‍ക്ക് വളരെ പ്രിയപ്പെട്ട സിനിമകളാണ്. തനിയാവര്‍ത്തനം എന്ന ചിത്രത്തിലൂടെയാണ് ലോഹിതദാസും സിബിമലയിലും ആദ്യമായി ഒന്നിക്കുന്നത്. എന്നാല്‍ മോഹന്‍ലാലുമൊത്ത് ചെയ്യുന്ന ആദ്യചിത്രം കിരീടമായിരുന്നു. ഇപ്പോഴും ക്ലാസ്സിക് ആയി നില്‍ക്കുന്ന സിനിമ എല്ലാത്തരം പ്രേക്ഷകരുടെയും പ്രിയ സിനിമകളിലൊന്നാണ്. കിരീടത്തിലെ സേതുമാധവനേയും കീരിക്കാടന്‍ ജോസിനെയും മലയാളികള്‍ ഒരിക്കലും മറക്കാന്‍ ഇടയില്ല. ദശരഥം, ഹിസ്സ് ഹൈനസ്സ് അബ്ദുള്ള, ഭരതം, കമലദളം, ചെങ്കോല്‍ തുടങ്ങി പിന്നീട് വന്ന സിനിമകള്‍ ഓരോന്നും ഒന്നിനൊന്ന് മികച്ചത് തന്നെ ആയിരുന്നു. ആ കൂട്ടത്തില്‍ അധികമാരും പറഞ്ഞ് കേള്‍ക്കാത്തൊരു സിനിമയാണ് ധനം.

എന്നാല്‍ ഈ കാലഘട്ടത്തിലും പ്രസക്തിയുള്ള ഒരു കഥാപശ്ചാത്തലമായിരുന്നു ധനത്തിന്റെത്. ധനം റിലീസായി മുപ്പത് വര്‍ഷം കഴിയുമ്പോള്‍ അതിനൊരു പുതിയ പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുകയാണ് ഡിസൈനറായ ജോസ്‌മോന്‍ വാഴയില്‍. മാത്രമല്ല ധനത്തിന്റെ റ്റൈറ്റിലില്‍ ഒളിഞ്ഞിരിക്കുന്ന ചില ബ്രില്ല്യന്‍സുകളും ഡിസൈനര്‍ ചൂണ്ടി കാണിക്കുന്നു. വാക്കുകള്‍ ഇങ്ങനെ. ധനം. അതില്ലാത്തിടത്തോളം അതിനായി ഓടുകയും, അത് കിട്ടിയപ്പോള്‍ ജീവനു വേണ്ടി ഓടുകയും ചെയ്യുന്ന ശിവന്‍കുട്ടിയുടെ കഥ. ഒപ്പം നില്‍ക്കുന്ന അബുവെന്ന ചങ്ക്. സിബി മലയിലിന്റെ ധനം റിലീസ് ആയിട്ട് മുപ്പത് വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. ആദ്യഭാഗത്തെ പല ഭാഗങ്ങളിലും അത് നാമൊക്കെ തന്നെയല്ലേ എന്ന് തോന്നിപ്പോകുന്ന ലോഹിതദാസിന്റെ രചനയില്‍ തെളിഞ്ഞ ധനം. യേശുദാസും ചിത്രയും പാടിയ അതിമനോഹരഗാനങ്ങള്‍. ഇന്നും എന്റെ പ്രിയപ്പെട്ടവ എന്ന പ്ലേലിസ്റ്റിന്റെ മേലെത്തട്ടില്‍ നില്‍ക്കുന്നവ. പിന്നെ ധനം ടൈറ്റില്‍. വീണ്ടും സാബു കൊളോണിയയുടെ മാന്ത്രിക മിനിമല്‍ ടൈറ്റില്‍ ഡിസൈന്‍.

തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന ധ ന അക്ഷരങ്ങളുടെ രീതി തന്നെ കഥയിലെ രണ്ട് വ്യത്യസ്ത ഭാഗങ്ങളെ കാണിക്കുന്നതായി തോന്നാം. പൈസ ഇല്ലാത്തത്, പൈസ ഉള്ളത്. തുടര്‍ന്ന് അം മാത്രയില്‍ കാണുന്ന വരയും കുത്തും. അതൊരു പൈസ ഇടുന്ന ചെറിയ കുടുക്കയുടെ മുകള്‍ഭാഗമായി കാണാം. പൈസ ഇടാനുള്ള ദ്വാരവും, താഴെ സൈഡിലായി താക്കോല്‍ ദ്വാരവും. ഒപ്പം മിനിമല്‍ ആയി നോക്കിയാല്‍ അതൊരു തോക്ക് ആയി തോന്നാം. ശിവന്‍കുട്ടിയെ തങ്കത്തിനടുക്കല്‍ എത്തിക്കാന്‍ കാരണമായ തോക്ക്. അതായത് പാലു വിറ്റും മറ്റുമായി കുടുക്കയില്‍ സ്വരുക്കൂട്ടുന്ന അവസ്ഥയില്‍ നിന്നും ധനം കൈവന്നവസാനം തോക്കിന്‍മുനയിലേക്കെത്തിച്ച യാത്ര. ഇതൊന്നുമല്ലാതെ മറ്റൊരു ചിന്ത കൂടി ആവാം. ധനം എന്ന് എഴുതിയതിനു താഴെ വലിയ ഒരു വര ഇട്ടിരിക്കുന്നത് കാണാം. അതുപോലെ അം മാത്രയില്‍ ചെറിയ വര.

അതിനും താഴെ ഒരു പൊട്ട്. വലിയ ഏതോ കള്ളക്കടത്ത് ലോബിയുടെ ഒരു ചെറിയ ഭാഗമായ സ്റ്റീഫന്‍ – നാസര്‍, അതിനും താഴെ ചെറിയ ഒരു പൊട്ട് മാത്രമായി ശിവന്‍കുട്ടിയും. ഇതൊക്കെ തന്നെയാണ് സാബു കൊളോണിയയും ഇത് ഡിസൈന്‍ ചെയ്തപ്പോള്‍ മനസില്‍ കണ്ടത് എന്ന് ഉറപ്പൊന്നുമില്ല കെട്ടൊ. ഞാനെന്ത് വായിച്ചെടുത്തു എന്നേ അര്‍ത്ഥമാക്കുന്നുള്ളു. ഇതാണ് ഡിസൈനര്‍ പറയുന്നത്. പലരും ഈ അഭിപ്രായം ശരിവെക്കുകയും ചെയ്യുന്നു. ധ ന എന്നീ അക്ഷരങ്ങളുടെ ഡിസ്സൈന്‍ ആനയുടേത് പോലെ തോന്നി എന്നും മറ്റൊരാള്‍ പറയുന്നു. ആനയ്‌ക്കെടുപ്പത് പൊന്നുണ്ടേ എന്ന ഗാനം. റിക്കോര്‍ഡിങ് ഒക്കെ ആദ്യമേ കഴിയുന്നതു കൊണ്ട് പോസ്റ്റര്‍ ഡിസൈനിങിന്റെ സമയം ആയപ്പോഴേക്കും പാട്ട് ഇറങ്ങിയിട്ടുണ്ടാകും. അങ്ങനെ കണക്ട് ചെയ്യാം എന്നും സൂചിപ്പിക്കുന്നു.