അഞ്ച് കോടി കാഴ്ചക്കാര്‍. പത്ത് ലക്ഷം ലൈക്ക്. അഡാര്‍ ലൗ ഹിന്ദി ബംമ്പര്‍ ഹിറ്റ്

ഒന്ന് കണ്ണിറുക്കിയതിന്റെ പേരില്‍ ലോകത്താകമാനം ആരാധകരുണ്ടായ താരമാണ് പ്രിയാ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലൗ എന്ന ചിത്രിത്തിന്റെ ട്രെയിലര്‍ റിലീസായപ്പോള്‍ അതില്‍ പ്രിയാ വാര്യരുടെ കണ്ണിറുക്കലാണ് ഹിറ്റായത്. പിന്നെ നിമിഷങ്ങള്‍ക്കകം ആ വീഡിയോ ലോകത്താകമാനം പങ്കുവെയ്ക്കപ്പെടുകയായിരുന്നു. നിമിഷ നേരം കൊണ്ട് മിന്നിമറഞ്ഞുപോകുന്ന സീന്‍ അങ്ങനെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. മലയാളത്തിലെ ഏതൊരു താരത്തേക്കാളും വലിയ ഫോളോവേഴ്‌സ് നടിയെ തേടിയെത്തിയതും പിന്നെ ചരിത്രമായി. എന്നാല്‍ സിനിമ തീയേറ്ററുകളിലേക്ക് എത്തിയപ്പോള്‍ വലിയ വിജയമായില്ല. മലയാളികള്‍ സിനിമയെ സ്വീകരിച്ചില്ല എന്ന് തന്നെ പറയാം.

എന്നാല്‍ കഴിഞ്ഞ മാസം സിനിമയുടെ ഹിന്ദി ഡബ്ബ് ചെയ്ത പതിപ്പ് യൂട്യൂബില്‍ വന്നപ്പോള്‍ വീണ്ടും ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു. ഇതുവരേയും സിനിമ കണ്ടത് അഞ്ച്‌കോടിയിലേറെ പ്രേക്ഷകരാണ്. വീഡിയോക്ക് കിട്ടിയിരിക്കുന്ന ലൈക്ക് പത്ത് ലക്ഷവും. മറ്റൊരു മലയാള സിനിമയ്ക്കും അവകാശപ്പെടാന്‍ കഴിയാത്ത റിക്കോര്‍ഡിലേക്കാണ് ഈ ഒമര്‍ലുലു ചിത്രം പൊയ്‌ക്കോണ്ടിരിക്കുന്നത്. മാത്രമല്ല ഹിന്ദി കണ്ട പ്രേക്ഷകര്‍ വലിയ അഭിപ്രായവുമാണ് സിനിമയെ കുറിച്ച് പറയുന്നത്. ഏക് ദന്‍സു ലൗ സ്‌റ്റോറി എന്ന പേരിലാണ് ഹിന്ദി പതിപ്പ് യൂട്യൂബില്‍ വന്നിരിക്കുന്നത്. ഏപ്രില്‍ ഇരുപത്തിയൊമ്പതിനാണ് സിനിമ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

നൂറ്റാണ്ടിലെ മികച്ച ചിത്രം എന്നാണ് ചിലര്‍ വീഡിയോയ്ക്ക് താഴെ കമന്റ് ഇട്ടിരിക്കുന്നത്. ടൈറ്റാനിക്കിന് ശേഷം എനിക്ക് സ്വര്‍ഗ്ഗീയ അനുഭൂതിയും ഹൃദയം തകര്‍ന്ന വേദനയും നല്‍കിയ സിനിമ. എന്നാണ് മറ്റൊരു കമന്റ്. കണ്ണ് നനയാതെ നിങ്ങള്‍ക്ക് ഈ ചിത്രം മുഴുമിപ്പിക്കാന്‍ ആകില്ല. അത്രയും മികച്ച സിനിമയാണ് ഇത്. തുടക്കത്തില്‍ ഒരുപാട് ചിരിപ്പിച്ചെങ്കിലും അവസാനം കണ്ണ് നിറയിച്ചു. എല്ലാവരും മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. ഇതിലുള്ളതുപോലെ ഫ്രണ്ട്ഷിപ്പ് എനിക്കും ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. എന്റെ ഹൃദയത്തില്‍ തൊട്ട സിനിമാ അനുഭവമായിരുന്നു. ഇതിനൊരു സെക്കന്റ് പാര്‍ട്ട് വരണം. ഇത്തരത്തില്‍ നിരവധി കമന്റുകളാണ് നിറയുന്നത്.

എന്നാല്‍ മലയാളികളും രസകരമായ ചില കമന്റുകള്‍ അതില്‍ കുറിച്ചിട്ടുണ്ട്. സല്‍മാന്‍ ഖാന്റെ പടങ്ങള്‍ കണ്ട് മനസ്സ് വരണ്ട് പോയ ഹിന്ദിക്കാര്‍ക്ക് ഒരിറ്റ് ജീവജലം. ബഹുത്ത് സുന്ദര്‍ സിനിമ ഹേ. ഇസ്‌കാ 2ണ്ട് പാര്‍ട്ട് ഭീ വേഗം ആന പടെഗ ഹൈ. ഹമാര കണ്ണു നിറഞ്ഞു കവിഞ്ഞു. അങ്ങനെ നമ്മുടെ ഒമര്‍ ഇക്കയെ ഹിന്ദിക്കാര്‍ എല്ലാരും കൊണ്ടു പോകുകയാണ് ഗൂയ്‌സ്. ഇതെന്താണ്. ഹിന്ദിക്കാരെല്ലാം സെന്റി മൂഡില്‍ ആണല്ലോ. സെക്കന്റ് പാര്‍ട്ട് വേണം എന്ന് ഹിന്ദി ക്കാര്‍ പറയുന്നത് കേട്ട് ചങ്ക് പൊട്ടിപ്പോയി. ഇതെന്തു മറിമായം. എനിക്ക് വട്ടായതാണോ അതോ ഹിന്ദിക്കാര്‍ക്ക് മൊത്തം വട്ടായതാണോ. ഹിന്ദി കാരെ എല്ലാം കരയിപ്പിച്ചു വിട്ടത് മോശം ആയി പോയി ഉമര്‍ ഇക്ക. തുടങ്ങി നിരവധി കമന്റുകളുമായി മലയാളികളും അവിടെ സജീവമാണ്.