സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ് നവാഗതനായ തരുണ്‍ മൂര്‍ത്തി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവ. കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് അടഞ്ഞുകിടന്നിരുന്ന തീയേറ്റര്‍ വ്യവസായത്തിന് വലിയൊരു കൈത്താങ്ങ് നല്‍കിയ ചിത്രം കൂടിയായിരുന്നു ഓപ്പറേഷന്‍ ജാവ. മികച്ച അഭിപ്രായം നേടുകമാത്രമല്ല തീയേറ്ററുകളില്‍ ആളെ നിറയ്ക്കാനും സിനിമയ്ക്ക് കഴിഞ്ഞു. രണ്ട് മാസത്തോളം സിനിമ തീയേറ്ററുകളില്‍ ഓടി വലിയ വിജയമാണ് നേടിയത്. ബാലുവര്‍ഗ്ഗീസ്, ലുക്ക്മാന്‍, വിനായകന്‍, ബിനു പപ്പു, ഇര്‍ഷാദ്, ഷൈന്‍ ടോം ചാക്കോ, അലക്‌സാണ്ടര്‍ പ്രശാന്ത് തുടങ്ങിയ താരങ്ങളാണ് ഓപ്പറേഷന്‍ ജാവയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
ഒരു കൂട്ടം സൈബര്‍സെല്‍ ഉദ്യോഗസ്ഥരുടെ കഥയാണ് സിനിമ പറഞ്ഞത്. മലയാളത്തില്‍ ആദ്യമായിട്ടായിരുന്നു അത്തരമൊരു കഥാപരിസരത്ത് സിനിമ നടക്കുന്നത്. കെട്ടുറപ്പുള്ള തിരക്കഥയും കഥാപാത്രങ്ങളുടെ മികച്ച പ്രകടനവുമാണ് സിനിമയുടെ പ്ലസ്സ് പോയിന്റ്. മലയാള സിനിമയില്‍ ഏറെ വിവാദമായ പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി ലീക്ക് ആയത് എങ്ങനെയെന്നുള്ള അന്വേഷണത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. നടന്ന സംഭവങ്ങള്‍ ചേര്‍ത്ത് വെച്ചിട്ടാണ് തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി വിവാദത്തില്‍ കൊല്ലത്തുള്ള ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ആണ് സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തിരുന്നത്. ആ പയ്യന്‍ വഴി അത് സെന്‍സര്‍ ബോര്‍ഡിലുള്ള താല്‍ക്കാലിക ജീവനക്കാരനിലെത്തുകയും ചെയ്തു. അത്തരത്തില്‍ തന്നെയാണ് സിനിമയിലും കഥ പോകുന്നത്.
ചെറിയ സ്‌പോയിലേഴ്‌സ് ഉണ്ടാകാം. കഥാഗതിയും പരിസരവും പരാമര്‍ശിക്കുന്നുണ്ട്. സിനിമ കാണാത്തവര്‍ തുടര്‍ന്ന് വായിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ജെറിയായി സിനിമയില്‍ എത്തുന്നത് മാത്യു തോമസ് ആണ്. കുമ്പളങ്ങി നൈറ്റ്‌സിലൂടെ മലയാളത്തിലേക്ക് അരങ്ങേറി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് മാത്യു തോമസ്. മാത്യു തോമസിനടുത്ത് എത്തുന്ന സൈബര്‍ പോലീസും സംഘവും അവന്റെ ലാപ്‌ടോപ്പ് വിശദമായി പരിശോധിക്കുന്നുണ്ട്. അതില്‍ നിന്നാണ് പ്രേമത്തിന്റെ സെന്‍സര്‍ കോപ്പിയുടെ ഫയല്‍ സൈബര്‍സെല്ലിന് കിട്ടുന്നത്. എന്നാല്‍ ജെറി ലാപ്‌ടോപ്പില്‍ ഒളിപ്പിച്ചുവെച്ചിരുന്ന ഫയലുകളുടെ കൂട്ടത്തില്‍ അധികം ആരും ശ്രദ്ധിക്കാത്ത മറ്റൊരു ഫയല്‍ കൂടി കിടപ്പുണ്ട്. അതൊരു ഡയറക്ടര്‍ ബ്രില്ല്യന്‍സോ ഡീറ്റൈലിങോ ആയി കണക്കാക്കാം.
രാമനാഥന്‍ എന്ന കഥാപാത്രമായിട്ടാണ് സിനിമയില്‍ വിനായകന്‍ എത്തുന്നത്. ഭാര്യ ജാനകിയായി ധന്യ അനന്യയും എത്തുന്നു. രാമനാഥനും ഭാര്യയും സൈബര്‍ സെല്ലില്‍ വരുന്നത് ജാനകിയുടെ സ്വകാര്യദൃശ്യങ്ങള്‍ എന്ന പേരില്‍ വീഡിയോ പ്രചരിക്കുന്നത് പരാതിപെടാനും അത് അവരല്ല എന്ന് തെളിയിക്കാനുമാണ്. പ്രേമം സെന്‍സര്‍ കോപ്പി തിരക്കിവരുമ്പോള്‍ ജെറിയുടെ ലാപ്‌ടോപ്പിലെ നിരവധി വീഡിയോകളില്‍ ഒന്ന് ജാനകിയുടെ പേരില്‍ പ്രചരിക്കപ്പെടുന്ന വീഡിയോ ആണെന്ന് കാണാന്‍ കഴിയും. ജാനകി എംഎംഎസ് എന്നാണ് അതിന് ഫയല്‍ നേയിം കൊടുത്തിരിക്കുന്നത്. ഡയറക്ടര്‍ തരുണ്‍മൂര്‍ത്തി മനോഹരമായിട്ടാണ് അങ്ങനെയൊരു കണക്ഷന്‍ അവിടെ കൊടുത്തിരിക്കുന്നത്. അതിന് കൈയ്യടിച്ചെ മതിയാകു.