മലപ്പുറത്ത് ഒരു തിയേറ്ററില്‍ റ്റൈറ്റാനിക്കിന് ശേഷം ഹൗസ്സ്ഫുള്‍ ഉണ്ടാക്കിയ പണ്ഡിറ്റ് ചിത്രം

സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യന്‍ രണ്ടായിരത്തി പതിനൊന്ന് കാലയളവ് മുതലാണ് മലയാളികള്‍ക്ക് പരിചിതനാകുന്നത്. തിരക്കഥയും അഭിനയവും സംവിധാനവുമായി ഒരു സമ്പൂര്‍ണ്ണ സന്തോഷ് പണ്ഡിറ്റ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയായിരുന്നു, കൃഷ്ണനും രാധയും. എന്നാല്‍ വലിയ വിമര്‍ശനമാണ് പലയിടങ്ങളില്‍ നിന്നും സന്തോഷ് പണ്ഡിറ്റിന് നേരിടേണ്ടി വന്നത്. പരിഹാസങ്ങളും അതിലേറെ ആയിരുന്നു. രൂപവെച്ചും അഭിനയം വെച്ചും നിരന്തരം കളിയാക്കലുകള്‍ നേരിട്ടു. സോഷ്യല്‍ മീഡിയ അത്രകണ്ട് പ്രചാരത്തില്‍ ഇല്ലാതിരുന്നിട്ട് കൂടി അത് യഥേഷ്ടം തുടര്‍ന്നു. എന്നാല്‍ കൃഷ്ണനും രാധയും ചിലര്‍ ആവേശത്തോടെയാണ് തീയേറ്ററുകളില്‍ കണ്ടത്.

അത്തരമൊരു കാഴ്ചാനുഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ജെയിംസ് എന്നൊരാളാണ് സോഷ്യല്‍ മീഡിയയിലൂടെ തന്റെ കൃഷ്ണനും രാധയും തിയേറ്റര്‍ അനുഭവം പങ്കുവെച്ചിരിക്കുന്നത്. അതില്‍ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍ ഇങ്ങനെയാണ്.എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഒരു തിയേറ്റര്‍ അനുഭവം ഏതാണെന്ന് ചോദിച്ചാല്‍ അവതാറോ എന്‍ഡ്‌ഗേയിമോ ഒന്നും അല്ല ഞാന്‍ പറയുക. അത് ദോ ഇതാണ് കൃഷ്ണനും രാധയും. ആകെ നാല് തീയേറ്ററില്‍ ആണ് ഈ എപിക് റൊമാന്റിക് ഡ്രാമ അന്ന് റീലീസ് ആയത്. മലപ്പുറത്തു പൊളിക്കാന്‍ വെച്ച ഒരു തീയേറ്ററില്‍ ആയിരുന്നു ഇതിട്ടിരുന്നത്. ഇതിനു മുന്‍പ് അവിടെ ഹൗസ്സ്ഫുള്‍ ആയി ഓടിയ പടം റ്റൈറ്റാനിക് ആണെന്നും ഇതിന്റെ തിരക്ക് കണ്ടു തിയേറ്റര്‍ മുതലാളി ബോധം കെട്ടു വീണു എന്നൊക്കെ അന്ന് വാര്‍ത്ത ഉണ്ടായിരുന്നു.

തീയേറ്ററില്‍ വന്‍ തിരക്ക്. ഉള്ളില്‍ കേറിയപ്പോ അസാധ്യ ഒച്ചപ്പാടുകള്‍. പിന്നെ പടം തുടങ്ങിയപ്പോ പറയണ്ട. മലയാള ഭാക്ഷ ഇത്രക്ക് വിപുലം ആണെന്ന് ഞാന്‍ മനസിലാക്കിയ നിമിഷങ്ങള്‍. പെണ്കുട്ടികള്‍ വരെ സ്‌ക്രീനില്‍ നോക്കി തന്തക്കും തള്ളക്കും വിളി ആയിരുന്നു. എന്ത് പറയാനാ ഇതൊന്നും കേട്ട് സഹിക്കാതെ ആരോടൊക്കെയോ ഉള്ള ദേഷ്യം മൊത്തം ഞാനും അങ്ങു ഇറക്കി വെച്ചു. സത്യസന്ധമായി പറഞ്ഞാല്‍ അന്ന് തീയേറ്ററില്‍ ചിരിച്ചു ശ്വാസം മുട്ടല്‍ വരെ വന്ന അവസ്ഥ വന്നിട്ടുണ്ട്. പടം കഴിഞ്ഞു ഇറങ്ങിയപ്പോ ഡി ജെ പാര്‍ട്ടി കഴിഞ്ഞു ഇറങ്ങിയ അവസ്ഥ ആര്‍ന്നു. ഇതുപോലൊരു തീയേറ്റര്‍ എക്‌സ്പീരിയന്‍ ജെയിംസ് കാമറൂണ് പോലും തരാന്‍ പറ്റൂല. ഇതായിരുന്നു ആ രസകരമായ അനുഭവ സാക്ഷ്യം.

സത്യം ആണ്. ആ ഭാഗ്യം എനിക്കും ലഭിച്ചിട്ടുണ്ട്. പടം അവസാനിച്ചപ്പോള്‍ തിയറ്ററിലുണ്ടായിരുന്ന എല്ലാവരും ഒരുമിച്ച് എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് തിയറ്റര്‍ വിട്ടത്. മറ്റൊരാള്‍ അയാള്‍ക്കുണ്ടായ അനുഭവം കമന്റിലൂടെ അറിയിച്ചു. ചിത്രച്ചേച്ചി പാടിയ പാട്ട് നല്ലതായിരുന്നു. നെഗറ്റീവ് ഇമേജ് കൊണ്ട് തീയേറ്ററില്‍ ആളെക്കയറ്റി ലാഭം കൊയ്തു. അന്നൊക്കെ ചാനലുകളില്‍ സ്ഥിരം ഇങ്ങേരെ വിളിച്ചു കളിയാക്കി വിടും. എത്രയൊക്കെ കൂട്ടം കൂടി ആക്രമിച്ചാലും കട്ടയ്ക്ക് പിടിച്ചു നില്‍ക്കാനുള്ള ആ ചങ്കൂറ്റം. എന്നായിരുന്നു വേറൊരാള്‍ കമന്റ് ചെയ്തത്. ചങ്ങനാശ്ശേരി അപ്‌സരയിലാണു കണ്ടത്. പെണ്ണുമ്പിള്ളയുമായി വഴക്കിട്ട് വന്ന ഒരുത്തനായിരുന്നു കമ്പനിക്ക്. പകുതിയായപ്പൊ അവനെ കാണുന്നില്ല. ഞാന്‍ ഫോണെടുത്ത് വിളിച്ചു. ഡാ നീയെവിടാ പടം കാണുന്നില്ലേ. പോ മൈ* ഞാന്‍ വീട്ടിലെത്തി. ഇതിലും ഭേദം എന്റെ ഭാര്യേടെ വായിലിരിക്കുന്നത് കേള്‍ക്കുന്നതാ. എന്നാണ് മറ്റൊരാള്‍ അനുഭവം പറഞ്ഞത്.