ബയോമെട്രിക് വിവരങ്ങള്‍ ഒരു വ്യക്തിയുമായോ സ്ഥാപനാമായോ പങ്കിടില്ല. തെറ്റായ കാര്യങ്ങളെ കുറിച്ച് അതോറിറ്റി പറയുന്നു.

നവാഗതനായ തനുബാലക് സംവിധാനം ചെയ്ത ചിത്രമാണ് കോള്‍ഡ്‌കേസ്. കഴിഞ്ഞ ദിവസമാണ് വേള്‍ഡ് പ്രീമിയറായി ചിത്രം ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. പൃഥ്വിരാജ് സുകുമാരന്‍, അതിഥി ബാലന്‍, അലന്‍സിയര്‍, ലക്ഷ്മി പ്രിയ ചന്ദ്രമൗലി, അനില്‍ നെടുമങ്ങാട്, സുചിത്ര പിള്ള, ആത്മിയ രാജന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കോവിഡ് സമയത്ത് തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ചിത്രീകരിച്ച കോള്‍ഡ് കേസ് ഹൊറര്‍ മിസ്റ്ററി ത്രില്ലര്‍ ആണ്. എസിപി സത്യജിത്ത് എന്ന നായക കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് സിനിമയില്‍ എത്തുന്നത്.

കായലില്‍ നിന്നൊരു തലയോട്ടി കിട്ടുന്നതും അതിന് പിന്നാലെയുള്ള അന്വേഷണവുമാണ് കോള്‍ഡ് കേസ്. രണ്ട് വഴികളിലൂടെയാണ് അന്വേഷണം കടന്നുപോകുന്നത്. യുക്തിയും അതീന്ദ്രിയതയും ഇടകലര്‍ന്ന വഴികളാണ് അത്. സിനിമകാണുന്ന പ്രേക്ഷകരെ പലയിടത്തും ഭയപ്പെടുത്തുകയും അതുപോലെ ത്രില്ലടിപ്പിക്കുകയും ചെയ്യുന്നു. ജേര്‍ണലിസ്റ്റ് മേധ പത്മജ എന്ന കഥാപാത്രമായിട്ടാണ് അതിഥി ബാലന്‍ സിനിമയില്‍ എത്തുന്നത്. തമിഴ് താരമായ അതിഥി ബാലന്‍ അഭിനയിച്ച് റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമകൂടിയാണ് കോള്‍ഡ് കേസ്. നിവിന്‍പോളിയുടെ പടവെട്ട് എന്ന സിനിമയിലൂടെയാണ് അതിഥി ബാലന്‍ ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നത്. അരുവി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിലൂടെ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ നടി കൂടിയാണ് അതിഥി ബാലന്‍.

സത്യജിത്തിന്റെ അന്വേഷണത്തില്‍ ഉണ്ടായ ചില പ്രശ്‌നങ്ങള്‍ ചൂണ്ടി കാണിക്കുകയാണ് യുഐഡിഎഐ അതായത് യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. സിനിമയില്‍ പങ്കുവെയ്ക്കുന്ന ആധാറിനെ പറ്റിയുള്ള വിവരങ്ങളെ കുറിച്ചാണ് അതോറിറ്റിയുടെ പ്രതികരണം. കേരള കൗമുദി പത്രമാണ് അത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിനിമയില്‍ ആധാറിനെ തെറ്റായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് വാര്‍ത്തയില്‍ പറയുന്നു. സിനിമയില്‍ ഒരു വ്യക്തിയുടെ ആധാര്‍ കാര്‍ഡിലൂള്ള ചിത്രം അന്വേഷണ ഉദ്യോഗസ്ഥന് പങ്കിടുന്നത് കാണിക്കുന്നുണ്ട്. ഇത് പൂര്‍ണ്ണമായും തെറ്റാണെന്ന് ആധാര്‍ അതോറിറ്റി പറയുന്നു. മാത്രമല്ല ഇത് ആധാറിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണയ്ക്കും ആശയക്കുഴപ്പത്തിനും കാരണമാകും.

അന്വേഷണ ആവശ്യങ്ങള്‍ക്കായി ഒരിക്കലും ആധാര്‍ വിവരങ്ങള്‍ പങ്കിടില്ല. ആധാര്‍ നിയമം യുഐഡിഎഐക്ക് ബാധകമാണ്. അതുപോലെ അതോറിറ്റി വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബന്ധവുമാണ്. ബയോമെട്രിക് വിശദാംശങ്ങള്‍ ഒരു കാരണവശാലും ഒരു വ്യക്തിയുമായോ സ്ഥാപനമായോ പങ്കിടില്ല. സാങ്കല്‍പ്പികവും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമായ വിവരങ്ങളില്‍ വിശ്വസിക്കരുത്. ആധാര്‍വിവരങ്ങള്‍ പൊതുഇടങ്ങളില്‍ പങ്കിടരുതെന്നു അതോറിറ്റി പറയുന്നതായി വാര്‍ത്തയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.