പെട്രോൾ ഇല്ലാതെ വഴിയിൽ ആയതിനു പിഴയോ, സംഭവം ഇങ്ങനെ

കഴിഞ്ഞ ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ ചർച്ച ആയ ഒരു സംഭവം ആണ് പെട്രോൾ ഇല്ലാത്തതിന് കേരളം പോലീസ് പെറ്റി അടിച്ചെന്നുള്ളത്. പെറ്റി അടിച്ച രസീതിന്റെ ചിത്രം ഉൾപ്പെടെ ആണ് ഇത് പ്രചരിച്ചത്. എന്നാൽ ഇപ്പോൾ ഇതാ അതിന്റെ സത്യാവസ്ഥ പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് പെറ്റി അടിക്കപെട്ട യുവാവ്. ഫേസ്ബുക്കിൽ കൂടി ആണ് യുവാവ് സത്യാവസ്ഥ പറഞ്ഞിരിക്കുന്നത്. ബേസിൽ ശ്യാം എന്ന യുവാവ് ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, പ്രിയ സുഹൃത്തുക്കളെ, ഒഫിഷ്യലി എന്റെ ഭാഗത്തു നിന്നുള്ള ക്ലാരിഫിക്കേഷൻ ആയി ഈ പോസ്റ്റ് കണക്ക് കൂട്ടണമെന്നു താല്പര്യപെടുന്നു. കുറച്ചു പേർക്കെങ്കിലും കാര്യം മനസ്സിലായി കാണും. 4 ദിവസം ആയി ഞാൻ എയറിലാണ്. അറിയുന്നവരുടെയും അറിയാത്തവരുടെയും ഫോണ് കോളുകളുടെയും മെസേജുകളുടെയും പാരാവാരമായിരുന്നു. ഇപ്പോഴും തുടരുന്നു. ട്രോൾ പേജുകളും, യൂട്യൂബ് ചാനലുകളും, ഇൻസ്റ്റാഗ്രാം, സോഷ്യൽ മീഡിയ സെലിബ്രിറ്റികളും സ്റ്റോറിയിട്ട് ആറാടുകയാണ്. വാട്‌സ്ആപ്പിൽ ആണെങ്കിൽ ഗ്രുപ്പുകളായ ഗ്രുപ്പുകളിൽ മുഴുവൻ പറന്ന് നടക്കുന്നു. ഞാൻ മെമ്പർ ആയ ഗ്രുപ്പുകളിൽ തന്നെ കറങ്ങി തിരിഞ്ഞു പൊടിപ്പും തൊങ്ങലും വച്ചു വരുന്നു. ഞാൻ ഒരു meme ആയി മാറുകയാണ് സുഹൃത്തുക്കളെ. പല പത്രങ്ങളിൽ നിന്നും ചാനലുകളിൽ നിന്നും ക്ലാരിഫിക്കേഷൻ ചോദിച്ചു വിളിച്ചു. ഇനി സംഭവത്തിന് ആധാരമായ കഥയിലേക്ക് വരാം.

കഴിഞ്ഞ ദിവസം ജോലിക്ക് പോകുന്നിതനിടയിൽ ഒരു കറക്കം ഒഴിവാക്കാനും കുറച്ചു സമയം ലാഭിക്കാനും വേണ്ടി ഞാൻ പുക്കാട്ടുപടി ജംങ്ഷനിലെ വണ് വേ റോഡിലൂടെ എതിർദിശയിൽ എന്റെ റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 ഓടിച്ചുകൊണ്ടു 5 മീറ്റർ അപ്പുറത്തുള്ള റോഡിലേക്ക് കടക്കവേ ഇടത്തല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എന്റെ വാഹനത്തിന് 250 രൂപ പെറ്റി അടക്കുകയുണ്ടായി. ലേറ്റ് ആയതുകൊണ്ട് ക്യാഷ് കൊടുത്തു രസീത് വാങ്ങി പോക്കറ്റിൽ ഇട്ട് നേരെ ഓഫിസിൽ പോയി. അവിടെ എത്തി രസീത് എടുത്തു നോക്കിയപ്പോഴാണ് അതിലെ സെക്ഷൻ എഴുതിയത് ശ്രദ്ധിക്കുന്നത്. “Driving Without Suffiecient Fuel with passangers” എന്നായിരുന്നു അത്. എനിക്ക് സംശയം തോന്നി പരിചയമുള്ള 2,3 വക്കീലന്മാർക്ക് അയച്ചുകൊടുത്തപ്പോൾ അവർ പറഞ്ഞു, ഇങ്ങനെ ഒരു വകുപ്പില്ല എന്ന്. എനിക്ക് പിന്നെയും സംശയം ആയി. വാട്‌സ്ആപ്പ് ൽ സ്റ്റാറ്റസ് ഇട്ടു. ഒരു 6,7 പേര് റീപ്ലേ ചെയ്തതല്ലാതെ പ്രത്യേകിച്ച് ഒന്നും സംഭവിച്ചതും ഇല്ല. 24 മണിക്കൂർ കഴിഞ്ഞു സ്റ്റാറ്റസ് മാഞ്ഞു പോയി. ഞാനും അത് വിട്ടു. പിറ്റേ ദിവസം ഒരു സുഹൃത്ത് ഒരു ഇൻസ്റ്റാഗ്രാം പേജിൽ ഈ രസീത് സ്റ്റോറി ഇട്ടതിന്റെ പടം അയച്ചു തന്നു. അതിലെ എന്റെ ഫോണ് നമ്പർ അടക്കം ഉള്ള വ്യക്തിപരമായ വിവരങ്ങൾ ഒന്നും മാസ്‌ക് ചെയ്യാതെയാണ് ടിയാൻ ഇത് പോസ്റ്റ് ചെയ്തത്. അന്ന് തുടങ്ങിയ കോളുകൾ ആണ് , ഇപ്പോഴും നിൽക്കാതെ തുടരുന്നത്‌. പിന്നീട് നമ്പർ മറച്ചുകൊണ്ടു ഞാൻ പോലും അറിയാതെ ഈ രസീത്, പല ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി സ്റ്റോറികളിലും, വാട്‌സ്ആപ് ഗ്രുപ്പുകളിലും, ട്രോൾ പേജുകളിലും നിറഞ്ഞു. ചില ട്രോളുകളിൽ ഉള്ളടക്കത്തെ വളച്ചൊടിച്ചുകൊണ്ടാണ് പോസ്റ്റ് ചെയ്തത്. സെക്ഷൻ എഴുതിയ ഉദ്യോഗസ്ഥർക്ക് പറ്റിയ ഒരു കൈപ്പിഴ മാത്രമാണ് അത്. അല്ലാതെ ട്രോളുകളിലും മറ്റും പറയുന്നത് പോലെ എന്റെ വണ്ടി പെട്രോൾ തീർന്ന് വഴിയിൽ ആയിട്ടും ഇല്ല, പെട്രോൾ ഇല്ലെന്ന് പറഞ്ഞു ഒരു പോലീസുകാരനും എന്നെ പിഴ അടപ്പിച്ചിട്ടും ഇല്ല. ഏതായാലും കാര്യം എന്തെന്ന് അന്വേഷിക്കാതെ കണ്ണിൽ കണ്ട ഒരു രസീത് എടുത്തു പേരും നമ്ബരും പോലും മായ്ക്കാതെ എയറിലേക്ക് വിട്ട ആ മാന്യ അദ്ദേഹത്തിനോട് പെരുത്തു നന്ദിയുണ്ട്.

പഞ്ചാബിൽ നിന്നും ഇന്റർനാഷണൽ പത്രങ്ങളിൽ നിന്ന് വരെ വിളി വരുന്നു. ഹിന്ദി അറിയാതെ പകച്ചുപോയി എന്റെ ബാല്യം. (8ആം ക്ലാസിൽ ഹിന്ദി പഠനം നിർത്തിച്ച cbse ഡയറക്ടറെ സ്മരിക്കുന്നു.) കഴിഞ്ഞ ദിവസം മോട്ടർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിലെ ഒരു ഉദ്യോഗസ്ഥൻ വിളിച്ചു കാര്യം ചോദിച്ചപ്പോൾ കഥ വിവരിച്ചു കൊടുത്തു. അപ്പോ അദ്ദേഹം പാഞ്ഞതാണ്. അങ്ങനെ ഒരു വകുപ്പുണ്ട്. അത് പക്ഷെ, 2 വീലറുകൾക്കും , പ്രൈവറ്റ് വാഹനങ്ങൾക്കും ബാധകമായ വകുപ്പല്ല. ബസ് പോലുള്ള പാസഞ്ചർ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് മാത്രമാണ് ബാധകം ആകുക എന്നാണ്. വിദേശത്ത് പല രാജ്യങ്ങളിലും പക്ഷെ പ്രൈവറ്റ് വാഹനങ്ങൾക്കും ഇത് ബാധകമാണ് എന്നും അറിയാൻ കഴിഞ്ഞു. എനിക്കത് പുതിയ അറിവായിരുന്നു. അദ്ദേഹത്തിന് നന്ദി പറഞ്ഞുകൊണ്ട് വെച്ചു. അപ്പൊ ബസ് ഓടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുമല്ലോ ല്ലേ. എയറിൽ കയറിയാൽ പിന്നെ ഇറങ്ങാൻ വല്യ പാടാണ്. അപ്പൊ അത്രയൊക്കെ പറയാൻ ഒള്ളു. ഇനി ഒരു അഭ്യർഥന, മറ്റേ പോസ്റ്റ് എയറിൽ ആക്കിയ മാന്യദേഹത്തോടാണ്. ഈ പോസ്റ്റും കൂടെ എയറിൽ കേറ്റി വിട്ടാൽ നിങ്ങൾ കാരണം തെറ്റിദ്ധരിക്കപ്പെട്ട ഒരുപാട് പേർക്ക് സത്യം മനസിലാവും. ഒന്ന് ഷെയർ ചെയ്ത് എന്നെ ഒന്ന് താഴെ ഇറക്കടെ. (പിന്നെ consent ഇല്ലാതെ ഒരാളുടെ വ്യക്തിവിവരങ്ങൾ വളച്ചൊടിച്ചു പ്രചരിപ്പിക്കുന്നതും ഒരു ഒഫൻസ് ആണ് കേട്ടോ) NB: എന്റെ നല്ലവരായ സുഹൃത്തുകൾക്കും ഇത് ഷെയർ ചെയ്ത് എന്നെ എയറിൽ നിന്ന് താഴെ എത്തിക്കാൻ ഉള്ള ഉദ്യമത്തിൽ പങ്കാളികൾ അകാവുന്നതാണ്. Note: “സ്പെയ്സിൽ ഓക്സിജൻ കുറവാണെന്ന് ബേസിൽ ” എന്നൊക്കെ ഹെഡ്ലൈൻ കൊടുത്തു ഓണലൈൻ മീഡിയക്കാർക്കും ഈ ഉദ്യമത്തിൽ പങ്കാളികൾ ആകാം. റീച് കിട്ടും