സ്ത്രീധന വിഷയത്തില്‍ പ്രധാനമന്ത്രി അടക്കമുള്ളവരെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തും

ഗാര്‍ഹിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മരണപ്പെട്ട വിസ്മയയുടെ കൊല്ലം നിലമേല്‍ കൈതോട് വീട്ടില്‍ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി എത്തി. കുടുംബാംങ്ങളെ കണ്ട് വിവരങ്ങള്‍ അറിഞ്ഞ ശേഷം മാധ്യമപ്രവര്‍ത്തകരോട് തന്റെ അഭിപ്രായങ്ങള്‍ സുരേഷ് ഗോപി പറയുകയും ചെയ്തു. കേരളത്തിലെ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അതിക്രമങ്ങള്‍ ഒക്കെ പ്രധാനമന്ത്രി അടക്കമുള്ളവരുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് പറഞ്ഞു. കേന്ദമന്ത്രി സ്മൃതി ഇറാനിയേയും കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. ഇത്തരം വിഷയങ്ങളില്‍ പരിഹാരം കാണാന്‍ ചില നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് സ്മൃതി ഇറാനിക്ക് സമ്മര്‍പ്പിച്ചിട്ടുണ്ടെന്നും എംപി വ്യക്തമാക്കി.

ഇനി ഡല്‍ഹിയില്‍ പോകുമ്പോള്‍ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ചര്‍ച്ചചെയ്യും. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ പഞ്ചായത്തുകളില്‍ സ്ത്രീകളും പുരുഷന്‍മാരും അടങ്ങുന്ന ഇരുപത്തഞ്ച ഗ്രാമസഭകള്‍ രൂപികരിക്കണം. ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അവര്‍ അധികാരികളെ അറിയിക്കണം. എല്ലാ കാര്യങ്ങളും പോലീസിന് വിട്ടുകൊടുക്കേണ്ടതില്ല. ഇങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷകര്‍ത്താക്കള്‍ക്ക് വലിയ ആശങ്ക ഉണ്ടാകും. ഇത് ആവര്‍ത്തികരുതെന്ന് മാത്രം പറഞ്ഞുകൊണ്ടായില്ല. സാമൂഹ്യനീതി വകുപ്പ് മുന്‍കൈ എടുത്ത് ഇതൊക്കെ ഒഴിവാക്കാനുള്ള സാഹചര്യം ചര്‍ച്ച ചെയ്ത് ഉണ്ടാക്കണമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

വളരെ വൈകിയാണ് ഞാന്‍ മറ്റൊരു കാര്യം അറിഞ്ഞത്. എന്റെ ഫോണ്‍ നമ്പര്‍ പലരോടും ആ കുട്ടി അന്വേഷിച്ചിരുന്നു. ചില മാധ്യമപ്രവര്‍ത്തകരോടും ചോദിച്ചു. ഞാന്‍ ഇവിടെ വന്ന് കൂട്ടികൊണ്ട് പോകുമെന്നും തടയാന്‍ വരുന്നവരെ രണ്ട് തല്ല് കൊടുത്തിട്ടാണെങ്കിലും കൊണ്ടുപോകുമെന്നും ആ കുട്ടി ആഗ്രഹിച്ചിട്ടുണ്ടാകാം. വിസ്മയ ജീവിക്കാന്‍ അത്രയും ആഗ്രഹിച്ചിട്ടുണ്ടാകും. ഒരു പരാതി പറഞ്ഞാല്‍ ഞാന്‍ ഇവിടെ എത്തി കൂട്ടികൊണ്ട് പോകുമെന്ന് കരുതിയിട്ടുണ്ടാകണം. സുരേഷ് ഗോപി പറയുന്നു. സംഭവ ദിവസം വിസ്മയുടെ സഹോദരനോട് സംസാരിച്ചപ്പോഴും സുരേഷ് ഗോപി ഇതേ കാര്യം പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ശ്ക്തനാണ് നടനെന്നായിരുന്നു പലരുടേയും അഭിപ്രായം

ഇങ്ങനെയൊരു തീരുമാനം എടുക്കുന്നതിന് മുന്‍പ് ആ കുട്ടി എന്നെയൊന്ന് വിളിച്ച് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ കാറെടുത്ത് അവന്റെ വീട്ടില്‍ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ടെണ്ണം പൊട്ടിച്ചിട്ട് ഞാന്‍ വിളിച്ചോണ്ട് വരുമായിരുന്നു. അതിന് ശേഷം സംഭവിക്കുന്നതൊക്കെ ഞാന്‍ നോക്കിയേനെ. എന്നാണ് ദിവസങ്ങള്‍ക്ക് മുന്‍പ് സുരേഷ് ഗോപി പറഞ്ഞത്. തന്റെ ഫേസ്ബുക്കിലുടെ അഭിപ്രായം പറഞ്ഞ നടന്‍ ജയറാമിന്റെ കാര്യത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. സ്വര്‍ണ്ണ പരസ്യത്തില്‍ അഭിനയിക്കുകയും സ്ത്രീധനത്തിന് എതിരെ പോസ്റ്റ് ഇടുകയും ചെയ്ത ജയറാം സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലയ്ക്കാണ് ജയറാം പ്രതികരിച്ചത്. അതിന് അയാള്‍ക്ക് അവകാശമില്ലേ. ജയറാം ഒരു പരസ്യം ചെയ്തതിന്റെ പേരില്‍ വിമര്‍ശിക്കണോ എന്നും സുരേഷ് ഗോപി ചോദിച്ചിരുന്നു.