ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇത്രയും ബുദ്ധിമാനായൊരു നിര്‍മ്മാതാവ് ഉണ്ടാകുമോ എന്ന് സംശയമാണ്

ആന്റണി പെരുമ്പാവൂര്‍ എന്ന പേര് മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞു. മലയാളത്തിലെ എക്കാലത്തേയും വലിയ പണംവാരി പടങ്ങളുടേയും നിര്‍മ്മാതാവായി ആന്റണി പെരുമ്പാവൂര്‍ മാറിക്കഴിഞ്ഞു. മോഹന്‍ലാലിന്റെ വാണിജ്യ സിനിമകളുടേ എല്ലാം പിറകില്‍ ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മ്മാതാവും നിഴലുപോലെ ഉണ്ട്. മോഹന്‍ലാല്‍ എന്ന നടന്റെ ഡ്രൈവറായിട്ടായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെരുമ്പാവൂരുകാരന്‍ ആന്റണിയുടെ വരവ്. ആ സൗഹൃദമാണ് പിന്നെ ഇന്ന് കാണുന്ന നടന്‍ നിര്‍മ്മാതാവ് എന്ന തരത്തിലേക്ക് വളരുന്നത്. ആശീര്‍വാദ് സിനിമാസ് എന്ന ബാനറിലാണ് ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാല്‍ ചിത്രങ്ങളുടെ നിര്‍മ്മാണം തുടങ്ങിയത്.

ആദ്യചിത്രം തന്നെ മലയാളത്തിലെ അതുവരെയുള്ള എല്ലാ കളക്ഷന്‍ റിക്കോര്‍ഡുകളും ബ്രേക്ക് ചെയ്ത സിനിമയായി മാറി. രഞ്ജിത്ത് തിരക്കഥ എഴുതി ഷാജികൈലാസ് സംവിധാനം ചെയ്ത നരസിംഹമായിരുന്നു ആ സിനിമ. ഇന്ദുചൂഡന്‍ എന്ന നായക കഥാപാത്രം പൗരുഷത്തിന്റെ പ്രതീകമായി ഇന്നും ആരാധകര്‍ ആവേശത്തോടെ കാണുന്ന കഥാപാത്രമായി പിന്നെ മാറി. രണ്ട് കോടി ബഡ്ജറ്റില്‍ പൂര്‍ത്തികരിച്ച സിനിമ ഏകദേശം ഇരുപത്തിരണ്ട് കോടിയോളമാണ് തിയേറ്ററുകളില്‍ നിന്ന് കളക്ട് ചെയ്തത്. അതും ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. അടുത്ത വര്‍ഷവും ആ വിജയം ആവര്‍ത്തിച്ചു. രഞ്ജിത്ത് സംവിധായക കുപ്പായമണിഞ്ഞ രാവണപ്രഭു ആയിരുന്നു ആശിര്‍വാദിന്റെ രണ്ടാമത്തെ സിനിമ. ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി രാവണപ്രഭു മാറുകയും ചെയ്തു.

നരന്‍, രസതന്ത്രം, ദൃശ്യം, ഒപ്പം, ലൂസിഫര്‍ തുടങ്ങി പിന്നെയുള്ള വര്‍ഷങ്ങളിലും വിജയം ആവര്‍ത്തിച്ചു. ദൃശ്യം മലയാള സിനിമ ചരിത്രത്തിലെ ആദ്യ അമ്പത്‌കോടി കളക്ട് ചെയ്യുന്ന ചിത്രവുമായി മാറി. ലൂസിഫര്‍, മരക്കാര്‍, ബറോസ് പോലെയുള്ള മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രങ്ങളും ആശിര്‍വാദില്‍ നിന്ന് വെളിച്ചം കാണുകയും കാണാനിരിക്കുകയും ചെയ്യുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധികള്‍ എല്ലാ മേഖലകളേയും സാരമായി ബാധിച്ചതുപോലെ സിനിമാ വ്യവസായത്തേയും അടിമുടി ബാധിച്ചു. എന്നാല്‍ അതിലൊന്നും തളര്‍ന്നുപോകാതിരുന്ന നിര്‍മ്മാതാവ് ആണ് ആന്റണി എന്ന് പറയാം എന്നാണ് ചിലരുടെ വിലയിരുത്തല്‍. മരക്കാര്‍ പോലെ ഒരു വമ്പന്‍ ചിത്രം തിയേറ്ററുകളില്‍ മാത്രം ഇറക്കുവാന്‍ വേണ്ടി രണ്ട് വര്‍ഷത്തോളമാണ് കാത്തിരിക്കുന്നത്.

എന്നാല്‍ അതിന്റെ നഷ്ടം നികത്താന്‍ വേണ്ടി ദൃശ്യത്തിന്റ രണ്ടാം ഭാഗം ഒരുക്കുകയും ഒടിടി റിലീസായി എത്തിച്ച് വലിയ വിജയം നേടുകയും ചെയ്തു. ഇപ്പോള്‍ അത്തരത്തില്‍ മറ്റൊരു ചെറിയ സിനിമയ്ക്കായി ആന്റണി പെരുമ്പാവൂര്‍ ഒരുങ്ങുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന ചിത്രം ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കുകയാണ്. ഓരോ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ ഗ്യാപ്പില്‍ ഒരു ആവറേജ് ബഡ്ജറ്റ് ചിത്രവുമിറക്കും. ഗ്യാപ്പില്‍ കിട്ടുന്ന ആ അവസരം മാക്‌സിമം ഉപയോഗിക്കുന്നവനാണ് യഥാര്‍ത്ഥ പ്രൊഡ്യൂസര്‍. എന്നാണ് ആന്റണി പെരുമ്പാവൂരിനെ കുറിച്ച് ഒരാള്‍ സിനിമാ ഗ്രൂപ്പില്‍ പറഞ്ഞത്.