വിരമിച്ച പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയോട് രൂപസാദൃശ്യമുള്ള നടന്‍ ആയിരുന്നു സാജു നവോദയ എന്ന പാഷാണം ഷാജി. നിരവധി ട്രോളുകളായിരുന്നു ആ രൂപസാദൃശ്യത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. ഇപ്പോള്‍ ലോക്‌നാഥ് ബഹ്‌റ വിരമിച്ച ഒഴിവില്‍ പുതിയ ഡിജിപിയായി അനില്‍കാന്ത് ചാര്‍ജെടുക്കുകയാണ്. എന്നാല്‍ ട്രോളന്മാര്‍ വലിയ സന്തോഷത്തിലാണ്. അവര്‍ പുതിയ ഡിജിപിക്കും അപരനെ കണ്ടെത്തിയിരിക്കുന്നു. നടന്‍ ചെമ്പില്‍ അശോകനാണ് പുതിയ ഡിജിപിയോട് രൂപസാദൃശ്യമുള്ളത്. പാഷാണം ഷാജിക്ക് നന്ദി പുതിയ ഡിജിപിയായി ചെമ്പില്‍ അശോകന്‍ ചാര്‍ജെടുക്കുന്നു തുടങ്ങി ട്രോളുകളും വന്ന് തുടങ്ങുന്നു. ഈ അവസരത്തില്‍ പ്രതികരിക്കുകയാണ് നടന്‍ ചെമ്പില്‍ അശോകന്‍. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ച അദ്ധേഹം പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോക്‌നാഥ് ബഹ്‌റ സാറ് ചാര്‍ജ് എടുത്തപ്പോള്‍ ആ വര്‍ഷത്തെ ഓണാഘോഷം നമ്മുടെ പാഷാണം ഷാജിയും ലോക്‌നാഥ് ബഹ്‌റ സാറും കൂടി ആയിരുന്നു. ഇതിലേതാണ് ലോക്‌നാഥ് ബഹ്‌റ ഏതാണ് പാഷാണം ഷാജി എന്ന് തിരിച്ചറിയാന്‍ പറ്റാത്തതരത്തില്‍ അത്രയ്ക്ക് രൂപസാദൃശ്യം ഉണ്ട് അവര്‍ തമ്മില്‍. അത് കണ്ടിട്ട് ഞാന്‍ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. ചിരിച്ചിട്ടുണ്ട്. നമ്മുടെ ഷാജീടെ ഒരു ഇതേ എന്ന് തോന്നിയിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ച് വെള്ളിമൂങ്ങയില്‍ അഭിനയിച്ചതാണ്. പിന്നെ സ്‌കിറ്റ് ഒക്കെ ചെയ്തിട്ടുണ്ട്. ഇന്നലെ മുതലാണ് ഞാന്‍ ഇത് കാണുന്നത്. ഒരാള്‍ ഇന്നലെ എന്നെ വിളിച്ചിട്ട് പറഞ്ഞു.
ചേട്ടാ ഒരു ട്രോളുണ്ട്. നോക്കിക്കോ. ഞാന്‍ അപ്പോള്‍ നോക്കാം എന്ന് പറഞ്ഞു. ഞാന്‍ അത് വല്യ കാര്യമാക്കിയില്ല. കാരണം എന്താന്ന് വെച്ചാല്‍ സത്യന്‍ അന്തിക്കാട് സാറിന്റെ പുതിയ തീരങ്ങള്‍ എന്ന സിനിമയിലെ ഒരു ഷോട്ട് എടുത്ത് ഏകദേശം രണ്ടായിരത്തി പതിനേഴ് തൊട്ട് പ്രളയത്തിന്റെ സമയത്ത് ശബരിമല വിഷയം നടക്കുന്ന സമയത്ത് അങ്ങനെ ഇപ്പോ വരെ ട്രോളുകള്‍ വരുന്നത് ആള്‍ക്കാര് അയച്ചുതരുന്നുണ്ട്. അപ്പോള്‍ ഞാന്‍ കരുതുന്നത് ആ സിനിമയിലെ സീന്‍ വെച്ചുള്ള ട്രോളുകള്‍ ആയിരിക്കും എന്നാണ്. എപ്പോഴും ഇതുതന്നെയല്ലേ കാണുന്നേ എന്നായിരുന്നു. പിന്നെയൊരാള്‍ വിളിച്ചിട്ട് ചേട്ടന്‍ ഡിജിപി ആയതില്‍ സന്തോഷമുണ്ട് കേട്ടോ ഞങ്ങള് റെക്കമെന്റൊക്കെ ആയിട്ട് വരും എന്ന് പറഞ്ഞു. അപ്പോഴാണ് ഞാന്‍ ഇതൊക്കെ എടുത്ത് നോക്കിയത്. ഞങ്ങളെ രണ്ടുപേരേയും വെച്ചുള്ള ഫോട്ടോ കാണുന്നത് അങ്ങനെയാണ്.
ശരിക്കും പറഞ്ഞാല്‍ അത് കണ്ടപ്പോള്‍ വലിയ അത്ഭുതമായിപ്പോയി. അനില്‍കാന്ത് സാറിനെ കുറിച്ച് ഇപ്പോഴാണ് കാണുന്നത്. ഞാന്‍ ഇപ്പോള്‍ സിനിമയൊന്നുമില്ലാതെ ഭക്ഷണമൊക്കെ കഴിച്ച് വീട്ടിലിരിക്കുന്നതുകൊണ്ട് ഇത്തിരി പുഷ്ടിപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നു. കഴിഞ്ഞ ദിവസം ഇന്റര്‍വ്യു എടുക്കാന്‍ വന്ന ഒരു കൂട്ടര്‍ പറഞ്ഞു ചേട്ടന്‍ ഇച്ചിരി തടിച്ചുപോയി. എന്നാല്‍ ഭാഗ്യദേവത സിനിമ മുതല്‍ ഇങ്ങോട്ടുള്ള മീശയുള്ള രൂപം കണ്ടാല്‍ കറക്ടാണ്. കവിളൊക്കെ ഒട്ടിയിരിക്കുന്ന ആ രൂപം കണ്ടാല്‍ ശരിക്കും അനില്‍കാന്ത് സാറ് തന്നെ. ഒരു സംശയവുമില്ല. ഭാര്യ ടിവിയല്‍ കണ്ടപ്പോള്‍ പറഞ്ഞു ഇത് അശോകന്‍ തന്നെയാണല്ലോ. ഇളയ മകന്‍ പറഞ്ഞു അച്ഛന്റെ ട്രോളുകള്‍ ഇറങ്ങിയിട്ടുണ്ട് എന്ന് ഇതാണിപ്പോള്‍ സംസാരവിഷയം എന്ന്. അനാര്‍ക്കലി എന്ന സിനിമയില്‍ ഡിവൈഎസ്പി വരെ ആയിട്ടുണ്ട്. ഐപിഎസ് എത്തിയട്ടില്ല. ഇനി ഇപ്പോ സിനിമാസംവിധായകരോ വല്ലോം ഇത് കണ്ട് ഇദ്ദേഹത്തിന് ഡിജിപിയുടെ വേഷം കൊടുക്കാം എന്ന് തീരുമാനിച്ചാല്‍ വളരെ സന്തോഷം. ചെമ്പില്‍ അശോകന്‍ പറയുന്നു.