സലാം ബാപ്പു എന്ന സംവിധായകന്റെ ആദ്യ ചിത്രമായിരുന്നു റെഡ് വൈന്‍. ഫഹദ് ഫാസില്‍, ആസിഫ് അലി എന്നിവരായിരുന്നു നായകന്മാരായി എത്തിയത്. മലയാളികളുടെ സൂപ്പര്‍താരം മോഹന്‍ലാലും പ്രധാനപ്പെട്ട വേഷത്തില്‍ ചിത്രത്തിലെത്തി. രതീഷ് വാസുദേവന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് മോഹന്‍ലാല്‍ സിനിമയില്‍ എത്തിയത്. എന്നാല്‍ വലിയൊരു താര നിരയുണ്ടായിട്ടും തീയേറ്ററുകളില്‍ വലിയ വിജയം സിനിമ നേടിയിരുന്നോ എന്ന് സംശയമാണ്. പക്ഷെ പലരുടേയും ഫേവറൈറ്റ് സിനിമകളിലൊന്നായി റെഡ് വൈന്‍ പിന്നീട് മാറുകയും ചെയ്തു. ഫഹദ് ഫാസില്‍ മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. മിയ, അനുശ്രീ, മേഘ്ന രാജ് തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ടായിരുന്നു.
മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തിയ ആദ്യ സിനിമയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കിയാണ് സംവിധായകന് അടുത്ത ചിത്രം ചെയ്തത്. മംഗ്ലീഷ് എന്നായിരുന്നു സിനിമയുടെ പേര്. മട്ടാഞ്ചേരി മാര്‍ക്കറ്റില്‍ മീന്‍ കച്ചവടം നടത്തുന്ന മാലിക് ഭായ് എന്ന രസമുള്ളൊരു കഥാപാത്രമായിട്ടാണ് മമ്മൂട്ടി മംഗ്ലീഷില്‍ എത്തിയത്. കരോളിന് ബെച്ച് എന്ന ഇംഗ്ലീഷുകാരിയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. പരസ്പരം ഭാഷയറിയാത്ത രണ്ട് പേരുടെ ജീവിതമാണ് മംഗ്ലീഷില്‍ പറഞ്ഞത്. എന്നാല്‍ അതും പ്രതീക്ഷിച്ചതുപോലെ വലിയ വിജയം നേടാന്‍ മംഗ്ലീഷിന് കഴിഞ്ഞോ എന്ന് അറിയില്ല. സലാംബാപ്പും അവസാനം സംവിധാനം ചെയ്ത ചിത്രവും മംഗ്ലീഷാണ്.
കഴിഞ്ഞ ദിവസം സംവിധായകന് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. തന്റെ ആദ്യചിത്രമായ റെഡ് വൈനിനെ കുറിച്ചായിരുന്നു പോസ്റ്റ്. റെഡ് വൈന്‍ എന്ന സിനിമയില്‍ താരതമ്യേന ഫഹദ് ഫാസിലിനെക്കാളും സ്ക്രീന്‍ സ്പേസ് കുറവായിരുന്നു മോഹന്‍ലാലിന്. ഞാന്‍ ലാലേട്ടന്റെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്കി സ്ക്രിപ്റ്റ് ശരിയാക്കാന്‍ പോയപ്പോള്‍ അദ്ധേഹം പറഞ്ഞത് എന്റെ കഥാപാത്രമല്ല സിനിമയാണ് പ്രധാനം എന്നായിരുന്നു. ഇതിന് താഴെ നിരവധിപേരാണ് കമന്റുകളുമായി എത്തിയത്. ലാലേട്ടന് എന്ന മനുഷ്യന് എല്ലാം സിനിമ ആണെന്നും തന്നെക്കാള്‍ പ്രാധാന്യം സഹതാരങ്ങള്‍ക്ക് കിട്ടുന്നതില്‍ യാതൊരു ഈഗോയും അദ്ധേഹത്തിന് ഇല്ലെന്നും കമന്റുകള്‍ വന്നു.
എന്നാല്‍ മറ്റൊരു കമന്റ് ഇങ്ങനെ ആയിരുന്നു. ലാലേട്ടന് ഫഹദ് ഫാസില്‍ ആസിഫ് അലി എല്ലാവരുമുണ്ടായിട്ടും ആ പടം എങ്ങിനെ പരാജയപെട്ടു. മംഗ്ലീഷ് സിനിമയില്‍ മമ്മൂട്ടി ഉണ്ടായിട്ടും പടം പരാജയപ്പെട്ടു. സൂപ്പര്‍ സ്റ്റാറുകളുടെ ഡേറ്റ് കിട്ടിയിട്ടും വേണ്ടരീതിയില്‍ ഉപയോഗിക്കുവാന്‍ സാധിക്കാതെ പോയത് എന്തുകൊണ്ടൊന്ന് ചിന്തിക്കണം സര്. തന്റെ ചിത്രങ്ങള്‍ പരാജയമായിരുന്നോ എന്ന് കമന്റ് ചെയ്ത ആള്‍ക്ക് മറുപടിയുമായി സംവിധായകനും എത്തി. മംഗ്ലീഷും റെഡ്വൈനും സാമ്പത്തികമായി വലിയ വിജയമായിരുന്നു. എന്നാണ് സലാം ബാപ്പു കമന്റിന് മറുപടി നല്‍കിയത്. തന്റെ അടുത്ത സിനിമയുടെ പണിപ്പുരയിലാണ് സംവിധായകന് ഇപ്പോള്‍.