നിയമം എവിടെ നിര്‍ത്തുന്നുവോ അവിടെ നീതി ആരംഭിക്കുന്നു. വൈറലായി ക്രിസ്റ്റഫര്‍ ഫസ്റ്റ്‌ലുക്ക്

തന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് മലയാളികളുടെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്തിരിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സിനിമയുടെ റ്റൈറ്റില്‍ അണിയറപ്രവര്‍ത്തകര്‍ അന്നൗണ്‍സ് ചെയ്തത്. എന്നാല്‍ അതില്‍ താരത്തിന്റെ മുഖം വ്യക്തമാക്കിയിരുന്നില്ല. ഇരുട്ടിന്റെ പശ്ചാത്തലത്തില്‍ ഗൗരവ്വ ഭാവത്തില്‍ ഇരിക്കുന്ന നായക കഥാപാത്രമാണ് പുറത്തുവിട്ട ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ കാണുവാന്‍ കഴിയുന്നത്.

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് ആവേശമായി ക്രിസ്റ്റഫര്‍ പോസ്റ്റര്‍ മാറും എന്ന് തീര്‍ച്ച. നിയമം എവിടെ നിര്‍ത്തുന്നുവോ അവിടെ നീതി ആരംഭിക്കുന്നു എന്നാണ് പോസ്റ്ററില്‍ കൊടുത്തിരിക്കുന്ന വാചകം. പോലീസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ത്രില്ലര്‍ ചിത്രമാണ് ക്രിസ്റ്റഫര്‍. ബി ഉണ്ണികൃഷ്ണന്‍ തിരക്കഥ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത ത്രില്ലര്‍ സിനിമകളൊക്കെ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നവയായിരുന്നു. അതുകൊണ്ട് തന്നെ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്ന ടാഗ് ലൈനും പോസ്റ്ററില്‍ ഉണ്ട്.

മോഹന്‍ലാല്‍ നായകനായ ആറാട്ടിന് ശേഷം ആര്‍ ഡി ഇല്യൂമിനേഷന്‍സ് നിര്‍മ്മിക്കുന്ന സിനിമ കൂടിയാണ് ക്രിസ്റ്റഫര്‍. പ്രശസ്ത തെന്നിന്ത്യന്‍ താരം വിനയ് റായ് ഒരു ശ്രദ്ധേയമായ വേഷത്തില്‍ സിനിമയില്‍ എത്തുന്നുണ്ട്. സ്‌നേഹ, അമല പോള്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, ഐശ്വര്യ ലക്ഷ്മി തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയിലുണ്ട്. ഓപ്പറേഷന്‍ ജാവ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഫൈസ് സിദ്ധിഖ് ആണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ജസ്റ്റിന്‍ വര്‍ഗ്ഗീസ് ആണ് സംഗീതം. സുപ്രീം സുന്ദര്‍ സംഘട്ടനം ഒരുക്കുന്നു. പിആര്‍ഓ പി ശിവപ്രസാദും നിയാസ് നൗഷാദും.

Leave a Comment