മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ താരസുന്ദരി

ഏതോ വിദേശ രാജ്യത്തുള്ള കടല്‍. ദൂരെ കടലിനപ്പുറത്ത് അസ്തമയ സൂര്യനെ കാണാം. ഇന്ത്യന്‍ സിനിമയിലെ തന്നെ തിരക്കുള്ള നായികമാരില്‍ ഒരാള്‍ ബോട്ടില്‍ ഇരിപ്പുണ്ട്. കൂടെ ഭര്‍ത്താവും. താരസുന്ദരി ബിക്കിനി അണിഞ്ഞ് കൂടുതല്‍ സുന്ദരിയായി കടലിലേക്ക് നോക്കി നില്‍ക്കുകയാണ്. അതിന് മുകളിലായി ഇട്ടിരിക്കുന്ന വസ്ത്രം സായന്തനകാറ്റില്‍ പാറി പറക്കുന്നുണ്ട്. നടി ഇരുകൈകളും ഇരുവശത്തേക്കും ഉയര്‍ത്തി നിന്നപ്പോള്‍ ഭര്‍ത്താവ് തന്റെ ക്യാമറ ക്ലിക്ക് ചെയ്തു. അസ്തമയ സൂര്യന്റേയും കടലിന്റേയും പശ്ചാത്തലത്തില്‍ മനോഹരമായൊരു ചിത്രം പതിഞ്ഞു. ചിത്രത്തില്‍ നടിയെ ഒരു ചിത്രശലഭം പോലെ തോന്നിച്ചു. ഭര്‍ത്താവ് തന്നെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ആരാധര്‍ ആവേശത്തോടെ ഫോട്ടോ ഏറ്റെടുക്കുകയും വൈറലാവുകയും ചെയ്തു.

ആ താരസുന്ദരി മറ്റാരുമല്ല. ഹരിദ്വാറില്‍ ആണ് ജനിച്ചതെങ്കിലും ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യമായിരുന്ന ശ്രീയ ശരണ്‍ ആണ്. ഹരിദ്വാര്‍ ആണ് ജന്മദേശമെങ്കിലും ശ്രീയയുടെ ഉപരിപഠനം ഡല്‍ഹിയില്‍ ആയിരുന്നു. നല്ലൊരു നര്‍ത്തകിയായിരുന്നു ശ്രീയ. ആ സമയത്ത് കോളേജിലെ ഡാന്‍സ് ടീച്ചര്‍ ഒരു ചെറിയ വീഡിയോയില്‍ അഭിനയിക്കുവാനുള്ള അവസരം തന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിനിയായ ശ്രീയയ്ക്ക് ഒരുക്കി കൊടുത്തു. അങ്ങനെയാണ് ശ്രീയ ആദ്യമായി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. ബനാറസിലായിരുന്നു അതിന്റെ ചിത്രീകരണം. തെലുങ്കിലെ വലിയ പ്രൊഡക്ഷന്‍ കമ്പനിയായ രാമോജി ഫിലിംസ് ശ്രീയ അഭിയിച്ച ആ വീഡിയോ കാണാന്‍ ഇടയായി.

അതായിരുന്നു ശ്രീയ ശരണിന്റെ കരിയറിലെ ആദ്യത്തെ മാറ്റം. അവര്‍ നിര്‍മ്മിക്കുന്ന പുതിയ സിനിമയില്‍ നായികയാകാന്‍ ശ്രീയ ശരണിന് ക്ഷണം കിട്ടി. രാമോജി ഫിലിംസില്‍ നിന്ന് വന്ന ഓഫര്‍ ശ്രീയ നിരസിച്ചില്ല. അങ്ങനെ ഇഷ്ടം എന്ന തെലുങ്ക് സിനിമയില്‍ നായികയായി ശ്രീയ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. അതിന് ശേഷം നിരവധി തെലുങ്ക് ചിത്രങ്ങള്‍ നടിയെ തേടിയെത്തി. നുവേ നുവേ, സന്തോഷം തുടങ്ങിയ ചിത്രങ്ങള്‍ വലിയ വിജയവുമായി. തുജേ മേരി കസം എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും എനക്ക് ഇരുപത് ഉനക്ക് പതിനെട്ട് എന്ന ചിത്രത്തിലൂടെ തമിഴിലും ശ്രീയ ശരണ്‍ അരങ്ങേറി. എന്നാല്‍ കരിയറിലെ ആദ്യ വര്‍ഷങ്ങളില്‍ ശ്രീയ തെലുങ്ക് സിനിമകളാണ് കുടുതല്‍ ചെയ്തത്.

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ നായികയായി ശങ്കര്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ട ചിത്രം ശിവാജിയില്‍ നായികയായി എത്തിയത് ശ്രീയയുടെ സിനിമാ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു. ശങ്കറും രജനീകാന്തും ആദ്യമായി ഒന്നിച്ച ചിത്രം അതുവരെയുള്ള എല്ലാ ബോക്‌സോഫീസ് റിക്കോര്‍ഡുകളും പഴങ്കഥകളാക്കി മാറ്റി. ശിവാജിയുടെ വിജയത്തിന് ശേഷം നിരവധി ചിത്രങ്ങള്‍ ശ്രീയ ശരണിനെ തേടിയെത്തി. പോക്കിരിരാജ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശ്രീയ മലയാളത്തിലും എത്തി. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായിട്ടാണ് നടി അഭിനയിച്ചത്. പിന്നീട് കാസനോവ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ നായികയായും നടി എത്തി. രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ ആര്‍ ആര്‍ തമിഴില്‍ നരകാസുരന്‍ തുടങ്ങിയവ ചിത്രങ്ങളാണ് ശ്രീയയുടെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രങ്ങള്‍.