മമ്മൂട്ടി വീണ്ടും പോലീസ് കഥാപാത്രമായി. ബി ഉണ്ണികൃഷണന്‍-ഉദയകൃഷ്ണ കൂട്ടുകെട്ടിന്റെ ക്രിസ്റ്റഫര്‍

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ റ്റൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റീലീസ് ചെയ്തു. ആര്‍ ഡി ഇലുമിനേഷന്‍സ് നിര്‍മ്മിക്കുന്ന സിനിമയുടെ പേര് ക്രിസ്റ്റഫര്‍ എന്നാണ്. കൈയില്‍ വലിയൊരു തോക്കുമായി പുറം തിരിഞ്ഞ് നില്‍ക്കുന്ന കഥാപാത്രത്തിന്റെ രൂപമാണ് പോസ്റ്ററിലുള്ളത്. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന് മുന്‍പ് ആരാധകര്‍ക്ക് ആഘോഷിക്കുവാന്‍ കഴിയുന്ന ചിത്രമാകും ക്രിസ്റ്റഫറെന്നാണ് സൂചനകള്‍. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ആറാട്ട് സിനിമയ്ക്ക് ശേഷം സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും ഒന്നിക്കുന്ന സിനിമകൂടിയാണ് ക്രിസ്റ്റഫര്‍. ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്നാണ് സിനിമയ്ക്ക് നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍.

പോസ്റ്റര്‍ സൂചിപ്പിക്കുന്നത് പോലെ പോലീസ് പശ്ചാത്തലത്തിലുള്ള ത്രില്ലര്‍ സിനിമയാണ് ക്രിസ്റ്റഫര്‍. പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി സിനിമയില്‍ എത്തുന്നത്. മമ്മൂട്ടിയെ കൂടാതെ വലിയൊരു താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, വിനീത കോശി, ജിനു എബ്രഹാം, വിക്രം സിനിമയില്‍ ഏജന്റ് ടീനയായി തിളങ്ങിയ വാസന്തി തുടങ്ങിയവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍. സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് സിനിമയില്‍ നായികമാര്‍. പ്രതിനായക വേഷത്തിലെത്തുന്നത് തെന്നിന്ത്യന്‍ സൂപ്പര്‍താരം വിനയ് റായ് ആണ്. നടന്‍ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് ക്രിസ്റ്റഫര്‍. എറണാകുളം, പൂയംകുട്ടി, വണ്ടിപെരിയാര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

വലിയ തീയേറ്റര്‍ വിജയം നേടിയ ഓപ്പറേഷന്‍ ജാവ സിനിമയുടെ ക്യാമറമാന്‍ ഫൈസ് സിദ്ധിക്ക് ആണ് സിനിമയുടെ ഛായാഗ്രഹണം. ജസ്റ്റിന്‍ വര്‍ഗ്ഗീസ് സംഗീതം നിര്‍വ്വഹിക്കുന്ന സിനിമയുടെ എഡിറ്റര്‍ മനോജ് ആണ്. ഷാജി നടുവില്‍ കലാസംവിധാനവും പ്രവീണ്‍ വര്‍മ്മ വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു. അരോമ മോഹന്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ജിതേഷ് പൊയ്യ മേക്കപ്പും സുപ്രീം സുന്ദര്‍ സംഘട്ടനവും ഒരുക്കുന്നു. സുജിത്ത് സുരേഷ് ചീഫ് അസോസിയേറ്റ് ആകുന്ന സിനിമയില്‍ പി ശിവപ്രസാദ്, നിയാസ് നൗഷാദ് എന്നിവരാണ് പിആര്‍ഓ. സിനിമയുടെ മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്. നവീന്‍ മുരളി സ്റ്റില്‍സും കോളിന്‍സ് ലിയോഫില്‍ പബ്ലിസിറ്റി ഡിസൈനും ഒരുക്കുന്നു. സ്‌പോട്ട് എഡിറ്റര്‍ ഷെഫീക്ക്.

Leave a Comment