പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് ക്ലൈമാക്‌സ് മാറ്റേണ്ടി വന്നത്

മലയാളികളുടെ പ്രിയപ്പെട്ട തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി വിടപറഞ്ഞിട്ട് ഒരു വര്‍ഷം തികയുകയാണ്. സച്ചിയുടെ പെട്ടെന്നുള്ള വേര്‍പാട് സിനിമാസ്‌നേഹികളെ കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയത്. സച്ചിയില്‍ നിന്ന് മികച്ച സിനിമകള്‍ വരാന്‍ ഇരിക്കുന്നതേ ഉള്ളായിരുന്നു. അയ്യപ്പനും കോശിയും പോലെയൊരു സിനിമ ചെയ്ത് കഴിഞ്ഞ് വളരെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് അതിന്റെ സൃഷ്ടാവ് സിനിമാലോകത്തോട് എന്നന്നേക്കും ബൈ പറഞ്ഞ് പോയത്. മമ്മൂട്ടിയെ വെച്ച് അജിത്തിനെ വെച്ച് അങ്ങനെ ഒരുപാട് സ്വപ്‌നങ്ങള്‍ ബാക്കിവെച്ചാണ് സച്ചി പോയത്. അനാര്‍ക്കലി എന്ന സിനിമയിലൂടെയാണ് സച്ചി സംവിധായക വേഷത്തില്‍ എത്തിയത്. രണ്ടാമത്തെ സംവിധാന സംരഭമായിരുന്നു അയ്യപ്പനും കോശിയും.

രണ്ട് സിനിമകളിലും പ്രധാന വേഷത്തില്‍ പൃഥ്വിരാജും ബിജുമേനോനും ആയിരുന്നു. പ്രേക്ഷകര്‍ക്ക് ഇപ്പോഴും പ്രിയപ്പെട്ട പ്രണയകാവ്യമാണ് അനാര്‍ക്കലി. ലക്ഷദ്വീപിനെ ഇത്രയും സൗന്ദര്യത്തോടെ മറ്റൊരു സിനിമയിലും കണ്ടിട്ടില്ല. എന്നാല്‍ അനാര്‍ക്കലി എന്ന സിനിമയുടെ ക്ലൈമാക്‌സ് ഇപ്പോഴുള്ളതുപോലെ ആയിരുന്നില്ല സച്ചിയുടെ മനസ്സില്‍ എന്ന് പറയുകയാണ് സച്ചിയുടെ ഭാര്യ. അനാര്‍ക്കലിയിലെ നായക കഥാപാത്രമായ പൃഥ്വിരാജിന്റെ ശാന്തനു തന്റെ കാമുകി നാദിറയുമായി ഒരുമിക്കുന്നതാണ് അനാര്‍ക്കലിയുടെ ക്ലൈമാക്‌സ്. നാദിറയായി എത്തിയത് പ്രിയ ഗോര്‍ ആയിരുന്നു. എന്നാല്‍ അങ്ങനെയൊരു ഹാപ്പി എന്‍ഡിങ്ങ് ആയിരുന്നില്ല സിനിമയ്ക്ക് ആദ്യം നല്‍കിയിരുന്നത്. വിഷം കഴിക്കുന്ന ശാന്തനു കഥയുടെ അവസാനം മരിക്കുന്നതായിരുന്നു ആദ്യത്തെ ക്ലൈമാക്‌സ്.

എന്നാല്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അങ്ങനെയൊരു അവസാനം മാറ്റണമെന്ന് സച്ചിയോട് പറഞ്ഞു. ഹാപ്പി എന്‍ഡിങ് അല്ലെ നല്ലത് ആളുകള്‍ ഹാപ്പി ആയി പടം കണ്ടു പോകട്ടെ എന്നായിരുന്നു അവരുടെ അഭിപ്രായം. അങ്ങനെയാണ് പുതിയ ക്ലൈമാക്‌സ് വരുന്നത്. ആ സമയത്ത് ഇറങ്ങിയ പൃഥ്വിരാജ് ചിത്രം എന്ന് നിന്റെ മൊയ്തീനിലും നായക കഥാപാത്രം മരണപ്പെടുകയാണ് അവസാനം. കാമുകിയുമായി ഒന്നിക്കുന്നതുമില്ല. അങ്ങനെയൊരു ക്ലൈമാക്‌സ് ആയിരുന്നുവെങ്കില്‍ ഒരു ലോഹിതദാസ് ചിത്രം പോലെ അവസാനിച്ചേനെയെന്നും ചിലര്‍ പറയുന്നു. പക്ഷെ അത് മറ്റൊരു എക്‌സ്പീരിയന്‍സ് ആകുമായിരുന്നു എന്നും അവര്‍ കൂട്ടിചേര്‍ക്കുന്നു. എന്നാല്‍ ഇപ്പോഴുള്ള ക്ലൈമാക്‌സ് തന്നെയാണ് നല്ലതെന്നായിരുന്നു പൊതുവെ എല്ലാവരുടേയും അഭിപ്രായം

മരിക്കുന്ന ക്ലൈമാക്‌സ് ആയിരുന്നെങ്കില്‍ പിന്നേം കിടു ആയിരുന്നേനെ. ഇതുപോലെ റീവാച്ചബിലിറ്റി അതിനു കിട്ടുവോ എന്നറിയില്ല. എന്നാലും അവസാനം ആ പെണ്കുട്ടി അയച്ചുകൊടുക്കുന്ന സൂഫി സൂക്തങ്ങളും കൂടി കാണിച്ചു പടം അവസാനിക്കുമ്പോള്‍ അയ്യോ. ഓര്‍ക്കാന്‍ കൂടി വയ്യ. ഒരാളുടെ അഭിപ്രായം ഇങ്ങനെ ആയിരുന്നു. പക്ഷെ അങ്ങനെയൊരു സങ്കടകരമായ അവസാനം ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്നും പറയുന്നു. പ്രേക്ഷകര്‍ ഹാപ്പി എന്‍ഡിങ്ങാണ് ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ് സിനിമ വീണ്ടും വീണ്ടും കാണാന്‍ തോന്നുന്നത്. അനാര്‍ക്കലിക്ക് മുകളില്‍ നില്‍ക്കുന്ന എത്രയോ സിനിമകള്‍ നമുക്ക് സമ്മാനിക്കാതെയാണ് ആ മാന്ത്രികന്‍ പെട്ടെന്നൊരു ദിവസം നടന്നു പോയത്.