ദാസിക്ക് ഒരിക്കലും കുടുംബ ജീവിതം സ്വപ്നം കാണാനാവില്ല

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സഞ്ജീവ് എസ് മേനോൻ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ധനം, അവളുടെ പേര് അതാണ്. അവൾക്കുമുണ്ട് ഒരു മനസ്.പക്ഷെ കറുത്ത മഷി കൊണ്ട് അവൾ അവളുടെ മനസിനെ മായ്ച്ചു കളഞ്ഞിരുന്നു. കാരണം അവൾ ഒരു ദാസിയാണ്. ദാസിക്ക് ഒരിക്കലും കുടുംബ ജീവിതം സ്വപ്നം കാണാനാവില്ല. ഇനി അഥവാ കണ്ടാൽത്തന്നെ ആ ജീവിതം സുഗമമായി മുന്നേറുമെന്ന് പ്രത്യാശിക്കാനുമാവില്ല.

അവൾ തന്റേടിയായിരുന്നു, ആ തന്റേടം അവളുടെ ജീവിതത്തിൽ അത്യന്താപേക്ഷിതമായിരുന്നു. അവൾ അങ്ങനെ ജീവിക്കേണ്ടവളായിരുന്നില്ല. മറ്റു പല അഭിസാരികളേയും പോലെ സാഹചര്യം അവളേയും ഒരു അഭിസാരികയാക്കി. അനന്തു ഒരു വിദ്യാർത്ഥിയാണ്. അവൻ ആന്ധ്രയിലെത്തിയത് പഠിക്കാനാണ്. ധനം എന്ന പെണ്ണിൽ അവൻ അക്യഷ്ടനായി. അവന്റെ കണ്ണിൽ ധനം ഒരു അഭിസാരികയായിരുന്നില്ല, അവൻ അവളിൽ ഒരു കാമുകിയെ കണ്ടു.

ധനത്തിനറിയാം, അഭിസാരികയെന്നും അഭിസാരിക തന്നെയെന്ന്. പക്ഷെ, ഈ ചെക്കന് മനസ്സിലാകണ്ടേ. ജാതകം, പൊരുത്തം, പ്രശ്നം വെയ്പ് ഒക്കെ ചിലർക്ക് സ്വാർത്ഥ താല്പര്യങ്ങൾക്കായുള്ള ഉപാധി മാത്രമാണ്. ഇവിടെ, ധനത്തിന്റെ ശരീരത്തെ മോഹിച്ചു വരുന്ന ജ്യോത്സ്യനാണ് വില്ലനാകുന്നത്. അയാൾ പറയുന്ന വാക്കുകൾക്ക് വളരെയേറെ വില കല്പിക്കുന്ന ആ ബ്രാഹ്മണ കുടുംബത്തിലേക്കാണ് ധനം നവവധുവായി എത്തുന്നത്. അവൾ മനസിൽ ആഗ്രഹിക്കാത്ത പലതും നേടി.

ഒരു കുഞ്ഞ് ലഭിച്ചപ്പോൾ അവൾ ഒരു സ്നേഹമയിയായ അമ്മയായി, നല്ലൊരു ഭാര്യയായി, കുടുംബാംഗങ്ങൾക്കെല്ലാം വേണ്ടപ്പെട്ടവളായി.പക്ഷെ എല്ലാം ഭസ്മമാക്കാൻ അയാൾ വന്നു, ആ കൗശലക്കാരനായ ജ്യോത്സ്യൻ! അവൾ ആഗ്രഹിക്കാത്ത ആ ജീവിതത്തിന് അവൾ നല്കേണ്ടി വന്ന വില വിലമതിക്കാനാവാത്തതായിരുന്നു. ഇനിയും കഥ പറഞ്ഞാൽ ക്ലൈമാക്സ് പൊട്ടും. ‘ധനം’ കണ്ടു വിലയിരുത്തുക.

2008 ൽ എസ്.കൗസല്യ റാണി നിർമ്മിച്ച് ജി. ശിവ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ധനം. സംഗീതയുടെ ഉജ്ജ്വല പ്രകടനം ധനത്തെ ഗംഭീരമാക്കി. ഗിരീഷ് കർണ്ണാടിന്റെ സാന്നിധ്യം പതിവുപോലെ അറിയാനുണ്ട് .ഇളയരാജയുടെ മാസ്മരികതയുള്ള പാട്ടുകൾ.”കണ്ണനുക്ക് എന്ന വേണ്ടും” എന്നുമാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

Leave a Comment