ദിലീപ് റോഡ് ക്രോസ്സ് ചെയ്യുമ്പോഴേക്കും അവര് ഈ ലെവലിൽ എത്തിയോ ?

ജിത്തു ജോസഫ് എന്ന സംവിധായകനെ ഇഷ്ടമില്ലാത്ത മലയാളി സിനിമ പ്രേക്ഷകർ ഉണ്ടാകില്ല. മികച്ച ത്രില്ലർ സിനിമകൾ ഇന്നും അദ്ദേഹത്തിന്റെ പേരിൽ തന്നെയാണ്. ദൃശ്യവും മെമ്മറീസും, ഒക്കെ ഇന്നും ജിത്തു ജോസഫ് എന്ന സംവിധായകന്റെ മാസ്റ്റർ ക്രാഫ്റ്റ് എന്നാണ് അറിയപ്പെടുന്നത്. ദൃശ്യം എന്ന ചിത്രം ജിത്തു ജോസഫ് എന്ന സംവിധായകന് നൽകിയ മൈലേജ് വളരെ ചെറുതല്ല. ആ ഒറ്റ ചിത്രം കൊണ്ട് ഇന്ത്യ ഒട്ടാകെ പ്രശസ്തനാകുകയും ചൈനീസ് ഭാഷയിലേക്ക് പോലും ആ ചിത്രം റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. ഡിറ്റെക്ടിവ് എന്ന ചിത്രത്തിലൂടെയാണ് ജിത്തു ജോസഫ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. സുരേഷ്‌ഗോപിയെ നായകനാക്കി എടുത്ത ഈ ചിത്രവും ഒരു ത്രില്ലർ ചിത്രമായിരുന്നു. എന്നാൽ തന്റെ രണ്ടാം ചിത്രമായ മമ്മി ആൻഡ് മി തികച്ചും ഒരു കുടുംബ ചിത്രമായിരുന്നു. ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് മൈ ബോസ്. ഈ ചിത്രം ഒരു കോമഡി എന്റർടെയ്‌നർ ആയിരുന്നു.

അതിനു ശേഷമാണ് ജിത്തു വീണ്ടും ത്രില്ലർ സിനിമകളിലേക്ക് തിരിഞ്ഞത്. മെമ്മറീസ്, ദൃശ്യം, പാപനാസം, തുടങ്ങിയ ചിത്രങ്ങൾ വന്നത് ഇക്കാലത്ത് ആയിരുന്നു. ഇവയ്ക്ക് ശേഷം ദിലീപിനെ നായകനാക്കി പുറത്തിറങ്ങിയ ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി. ത്രില്ലർ ചിത്രത്തിൽ നിന്നും മാറി വീണ്ടും ജിത്തു ജോസഫ് കുടുംബ പ്രേക്ഷകർക്ക് വേണ്ടി തയ്യാറാക്കിയ ചിത്രമായിരുന്നു ഇത്. ജോസൂട്ടി എന്ന വ്യക്തിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. ഒരു ഉൾനാടൻ ഗ്രാമത്തിൽ താമസിക്കുന്ന ജോസൂട്ടിക്ക് കുട്ടികാലം മുതലുള്ള കളിക്കൂട്ടുക്കാരിയോടുള്ള പ്രണയം നഷ്ടമാകുന്നു. പിന്നീട് വീട്ടുകാരുടെ നിർബന്ധപ്രകാരം അയാൾ ഒരു വിവാഹം കഴിക്കുന്നു. റോസ് എന്ന തന്റെ ഭാര്യയോടൊപ്പം ന്യൂസിലാൻഡിലേക്ക് പോകുന്ന ജോസൂട്ടിയുടെ ജീവിതം അവിടെ വച്ച് മാറുന്നതും ബാക്കി ജീവിതവുമാണ് സിനിമ.

ത്രില്ലർ സിനിമയിൽ പഴുതടച്ച തിരക്കഥ എഴുതുന്ന ജിത്തു ജോസഫിനും ഒരു അബദ്ധം പറ്റിയിരുന്നു. അത് ലൈഫ് ഓഫ് ജോസൂട്ടിയിൽ ആണ്. ആ തെറ്റ് എന്താണെന്നല്ലേ. ഭാര്യയോടൊപ്പം ന്യൂസിലാൻഡിലേക്ക് പോകുന്ന ജോസൂട്ടി ഒരു സത്യം മനസ്സിലാക്കുന്നു. താൻ വിവാഹം കഴിച്ച പെണ്ണിന് മറ്റൊരു പുരുഷനോടാണ് പ്രണയം എന്ന്. അത് ഭാര്യ തന്നെ പറയുന്നു. പിന്നീട് വരുന്ന സീനാണ് കോമഡി. ജോസൂട്ടിയുടെ ഭാര്യ തന്റെ കാമുകനെ കാണുന്നു. അവർ ഒരുമിച്ചു വീട്ടിനുള്ളിലേക്ക് കയറുന്നു. ഇത് കണ്ടു റോഡ് ക്രോസ് ചെയ്തു വരുന്ന ജോസൂട്ടി നോക്കുമ്പോൾ കാണുന്നത് നഗ്നരായി കിടക്കുന്ന തന്റെ ഭാര്യയെയും കാമുകനെയും ആണ്. ഒരു സംശയം എന്തെന്നാൽ ഒരാൾ വന്നു വിളിക്കുമ്പോൾ ചെയ്തുകൊണ്ടിരുന്ന പ്രവർത്തി തന്നെ മറന്നു വസ്ത്രം പോലും ധരിക്കാതെ ഓടി വന്നു ഗ്ലാസ് ഇട്ട വാതിലിന്റെ കർട്ടൻ മാറ്റുന്ന കാമുകന്റെ മനസ്സ് ആണ്. ഇങ്ങനെ ഒരു മണ്ടത്തരം അത് ഇനി എത്ര വലിയ പുരോഗമനം ഉള്ള നാടായാലും മിനിമം ബുദ്ധി ഉപയോഗിക്കേണ്ട സമയമല്ലേ അത്. എന്തായാലും സൂപ്പർ സംവിധായകൻ ചെയ്ത അബദ്ധമാണോ അതോ ബ്രില്ലൻസ് ആണോ എന്ന് ഇതുവരെയും മനസ്സിലായിട്ടില്ല.