ARTICLES

ജോര്‍ജ്കുട്ടിയുടെ കഥ അടിച്ചു മാറ്റിയാതായിരുന്നുവെങ്കില്‍ അവര്‍ ഇങ്ങോട്ട് എന്നെ തേടി വരില്ലാരുന്നല്ലോ.

ദൃശ്യവും ദൃശ്യത്തിന്റെ തുടര്‍ച്ചയും മലയാളസിനിമയില്‍ ചരിത്രം സൃഷ്ടിക്കുകയാണ്. ലോക സിനിമകളില്‍ തന്നെ വലിയ വിജയം നേടിയ ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയായി അടുത്തൊരു സിനിമ വരുമ്പോള്‍ പലപ്പോഴും വലിയ പരാജയത്തിലേക്ക് പോകാറാണ് പതിവ്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലും ഒരു സിനിമയുടെ തുടര്‍ച്ച ആദ്യ ഭാഗത്തിനേക്കാള്‍ ഗംഭീരമാകുന്നതും വിജയിക്കുന്നതും അപൂര്‍വ്വമായെ കണ്ടിട്ടുള്ളൂ. ആ ഒരു സാഹചര്യത്തിലാണ് ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ദൃശ്യവും തുടര്‍ച്ചയായി ഇറങ്ങിയ ദൃശ്യം രണ്ടും വേറിട്ട് നില്‍ക്കുന്നത്. മലയാളത്തിലെ അതുവരെയുള്ള ബോക്‌സ് ഓഫീസ് വിജയങ്ങളെ പഴങ്കഥകളാക്കിയ വിജയമായിരുന്നു ദൃശ്യം നേടിയത്. മലയാളത്തില്‍ ആദ്യമായി നൂറുകോടി നേടിയ സിനിമ എന്ന അഭിമാനവും ദൃശ്യത്തിനായിരുന്നു.

എന്നാല്‍ തിയേറ്റര്‍ റിലീസ് ഒഴിവാക്കി ആമസോണ്‍ പ്രൈമിലൂടെ ലോകമെമ്പാടുമുള്ള വലിയൊരു വിഭാഗം കാണികളിലേക്കാണ് ദൃശ്യം രണ്ട് എത്തിയത്. തങ്ങളെ ഞെട്ടിച്ച ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയും ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. തമിഴിലും തെലുങ്കിലും ഹിന്ദിയിലും എന്തിന് ചൈനീസ് ഭാഷയിലും സിംഹളയിലും വരെ റീമേക്കുകള്‍ സൃഷ്ടിക്കപ്പെട്ട സിനിമയായിരുന്നു ദൃശ്യം. അങ്ങനെ കഥ അറിയാവുന്ന വലിയൊരു വിഭാഗത്തിന്റെ മുന്നിലേക്കാണ് തുടര്‍ച്ചയും എത്തിയത്. ആദ്യ ഭാഗത്തിലേതുപോലെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തിരിക്കുകയാണ് ദൃശ്യം രണ്ടും. ലക്ഷകണക്കിന് പ്രേക്ഷകരാണ് പ്രൈമിലൂടെ ഇതുവരെ സിനിമ കണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ട്രെന്‍ഡിംങ് ആണ് ദൃശ്യം.

ദൃശ്യം ഇറങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ വിവാദമായത് സിനിമ കോപ്പിയടിയാണ് എന്നുള്ള ആരോപണമായിരുന്നു. 2012 ല്‍ ഇറങ്ങിയ കൊറിയന്‍ സിനിമയായ പെര്‍ഫക്ട് നമ്പര്‍ (സസ്‌പെക്ട് എക്‌സ്) സിനിമയില്‍ നിന്ന് കോപ്പിയടിച്ചതാണ് ദൃശ്യമെന്ന് വ്യാപകമായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ദൃശ്യം റിലീസാകുന്നത് രണ്ടായിരത്തി പതിമൂന്നിലാണ്. കുറ്റം ചെയ്യുകയും അത് മറച്ചുവെക്കാന്‍ പാട് പെടുകയും ചെയ്യുന്ന ഒരു അദ്ധ്യാപകന്റെ കഥയായിരുന്നു പെര്‍ഫെക്ട് നമ്പര്‍. മലയാളത്തിലെ ജോര്‍ജ് കുട്ടിയിലേക്ക് വരുമ്പോഴും ഏകദേശം കഥാസന്ദര്‍ഭം അങ്ങനെ തന്നെ.

ഇപ്പോള്‍ കോപ്പിയടി വാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. ദൃശ്യം ഒന്നാം ഭാഗത്തിന്റെ റീമേക്ക് റൈറ്റ്‌സിനായി ഒരു കൊറിയന്‍ കമ്പനി തന്നെ സമീപിച്ചതായി സംവിധായകന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ പറയുന്നു. സിനിമയാക്കാനും വെബ്‌സീരീസാക്കാനുമാണ് അവര്‍ വന്നത്. അതില്‍ വലിയ സന്തോഷമുണ്ടെന്നും അതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കുകയും ചെയ്യുകയാണ് ജീത്തു. കൊറിയന്‍ സിനിമ അടിച്ചുമാറ്റിയതാണ് ദൃശ്യമെങ്കില്‍ അവര്‍ ഇപ്പോള്‍ ഇങ്ങോട്ട് ദൃശ്യത്തിന്റെ റൈറ്റ്‌സ് തേടി വരേണ്ടുന്ന കാര്യമെന്താണ്. കൊറിയന്‍ സിനിമ വരുന്നതിന് മുന്‍പേ ഞാന്‍ ദൃശ്യത്തിന്റെ തിരക്കഥ തീര്‍ത്ത് എന്റെ മെയിലില്‍ സൂക്ഷിച്ചിരുന്നു. കോടതിയില്‍ ഞാന്‍ അത് തെളിവായി നല്‍കി ആ വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞതുമാണ് – സംവിധായകന്‍ ജീത്തു ജോസഫ് പറയുന്നു.

Trending

To Top
error: Content is protected !!