ARTICLES

ദൃശ്യം 2 കോപ്പിയടി..? സോഷ്യല്‍ മീഡിയയില്‍ പോര് മുറുകുന്നു.

ദൃശ്യം 2 ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ ഏറ്റെടുത്തപ്പോള്‍ മലയാള സിനിമയ്ക്ക അഭിമാനിക്കാന്‍ കഴിയുന്ന നിമിഷമാണ്. എല്ലാവരും ഒന്നടങ്കം സിനിമയെ പുകഴ്ത്തുന്നു. ലോകം മുഴുവന്‍ ഒരു മലയാള സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു. ചെറിയൊരു ഇന്‍ഡസ്ട്രിക്ക് കൈയടിക്കുന്നു. കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍. ഇതുവരെയും ഒരു സിനിമകള്‍ക്കും നല്‍കാത്ത പബ്ലിസിറ്റിയാണ് ആമസോണ്‍ ദൃശ്യം 2വിന് നല്‍കിയത്. മാത്രമല്ല റിക്കോര്‍ഡ് തുകയ്ക്കാണ് ദൃശ്യം 2 ആമസോണ്‍ വാങ്ങിയതും. ഒന്നാം ഭാഗമായ ദൃശ്യം നേടിയ വിജയം തന്നെ ആയിരുന്നിരിക്കണം അതിന് പിന്നില്‍. എന്തായാലും ആ തീരുമാനം തെറ്റിയില്ല എന്ന് വേണം കരുതാന്‍.

ഒന്നാം ഭാഗത്തിന്റെ കപ്പിത്താനായിരുന്ന ജീത്തു ജോസഫിന്റെ തിരക്കഥയിലും സംവിധാനത്തിലുമാണ് ദൃശ്യം 2 ഒരുങ്ങിയിരിക്കുന്നത്. ജീത്തുവിന്റെ തിരക്കഥ തന്നെയാണ് ദൃശ്യം 2വിന്റെ നട്ടെല്ലെന്നാണ് സിനിമ കണ്ടവരുടെ അഭിപ്രായം. പ്രേക്ഷകനെ ത്രില്ലടിപ്പിക്കാനും ഞെട്ടിക്കാനും തിരക്കഥയ്ക്ക് കഴിഞ്ഞു. എഴുത്തിലെ ത്രില്ലിംങ്ങും മേക്കിങ്ങിലെ പിരിമുറുക്കവും പ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞു. നായക കഥാപാത്രമായി മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ജോര്‍ജുകുട്ടിയായി മോഹന്‍ലാല്‍ എന്ന വിസ്മയത്തിന്റെ പ്രകടനമായിരുന്നു മറ്റൊരു പ്ലസ് പോയിന്റ്. മുരളീഗോപിയുടെ വില്ലന്‍ കഥാപാത്രവും സിദ്ധിക്കിന്റെ അച്ഛന്‍ കഥാപാത്രവും പ്രേക്ഷകര്‍ സ്വീകരിച്ചു. ലോക്ക് ഡൗണ്‍ പരിമിതികളില്‍ നിന്ന് ചിത്രീകരിച്ച ദൃശ്യം 2 നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.

ദൃശ്യം 2 റിലീസ് ആയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചില വിവാദങ്ങള്‍ക്കും തുടക്കം കുറിക്കുകയാണ്. ദൃശ്യം കോപ്പിയടിയാണെന്ന് വാദവുമായിട്ടാണ് ചിലര്‍ വന്നിരിക്കുന്നത്. അങ്ങനെ അഭിപ്രായപ്പെട്ടവര്‍ മലയാളികളല്ല എന്നതാണ് മറ്റൊരു രസകരമായ വസ്തുത. അജയ് ദേവ്ഗണ്‍ നായകനായി അഭിനയിച്ച ഹിന്ദി ചിത്രം ദൃശ്യം എന്ന പേരിലുള്ള ചിത്രമാണ് കോപ്പിയടിച്ചതെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. ഉലകനായകന്‍ കമല്‍ ഹാസന്‍ നായകനായ പാപനാശത്തിന്റെ പകര്‍പ്പാണ് ദൃശ്യമെന്ന് മറ്റ് ചിലര്‍. ഇത് കേള്‍ക്കുന്ന മലയാളികള്‍ അവര്‍ക്ക് കണക്കിന് കൊടുക്കാതെ എന്ത് ചെയ്യാന്‍. ജീത്തു ജോസഫ് സംവിധാനം ചെയ്ത 2013 ല്‍ ഇറങ്ങിയ ദൃശ്യത്തിന്റെ ഒഫിഷ്യല്‍ റീമേക്കുകളായിരുന്നു ഇതെല്ലാം. അതില്‍ പാപനാശം സംവിധാനം ചെയ്തതും ജീത്തു ആയിരുന്നു. ഇതൊന്നുമറിയാതെയാണ് കമന്റുകള്‍ നിറയുന്നത്.

2014 ല്‍ കന്നടയിലാണ് ആദ്യത്തെ റീമേക്ക് വരുന്നത്, പേര് ദൃശ്യ. പി വാസു ആയിരുന്നു സംവിധാനം. രവിചന്ദ്രനും നവ്യാനായരുമായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. ഐജി ഗീതാ പ്രഭാകറായി ആശാ ശരത്ത് തന്നെ കന്നടയിലും അഭിനയിച്ചു. ഇളയരാജ സംഗീതം നിര്‍വഹിച്ച ചിത്രം വലിയ വിജയമായിരുന്നു. വെങ്കിടേഷ് നായകനായി ദൃശ്യം എന്ന പേരില്‍ തന്നെ അതേ വര്‍ഷം തെലുങ്ക് റീമേക്കും ഇറങ്ങി. ശ്രീപ്രിയ ആയിരുന്നു സംവിധാനം. മീനയും എസ്തര്‍ അനിലും അവരുടെ വേഷങ്ങളുമായി തെലുങ്കിലുമെത്തി. അതും വിജയം ആവര്‍ത്തിച്ചു.

2015ല്‍ ആണ് പാപനാശം എന്ന് പേരില്‍ തമിഴില്‍ റീമേക്ക് വരുന്നത്. ജീത്തു ജോസഫ് തന്നെ സംവിധായകനായപ്പോള്‍ നായകനായി കമലഹാസനും നായികയായി ഗൗതമിയും എത്തി. എസ്തര്‍ അനില്‍ അതേ വേഷം പാപനാശത്തിലും ചെയ്തു. അതേ വര്‍ഷം തന്നെ അജയ് ദേവ്ഗണ്‍ നായകനായി ഹിന്ദി ദൃശ്യവുമെത്തി. നിശികാന്ത് കാമത്ത് ആയിരുന്ന സംവിധാനം. തബുവും ശ്രീയാ ശരണും പ്രധാന വേഷങ്ങളിലെത്തി. ബോളിവുഡിലെ ആ വര്‍ഷത്തെ വലിയ ഹിറ്റായിരുന്നു ദൃശ്യം. തീര്‍ന്നില്ല, സിംഹള ഭാഷയിലും , ചൈനീസിലും ദൃശ്യത്തിന് റീമേക്കുകകള്‍ ഉണ്ടായി. എന്തായാലും മലയാളികള്‍ വിമര്‍ശകരെ കണക്കിന് കൊടുത്താണ് വിട്ടത്.

Trending

To Top
error: Content is protected !!