വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും എല്‍സമ്മയുടെ ഒരു ഭാഗം ഇപ്പോഴും എന്നില്‍ അവശേഷിക്കുന്നു

പുറത്ത് വരുന്ന പുതിയ വാര്‍ത്തകള്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെ നായികയായി വീണ്ടും ആന്‍ അഗസ്റ്റിന്‍ തിരിച്ചുവരുന്നു എന്നാണ്. ഇതേ പേരിലുള്ള എം മുകുന്ദന്‍ എഴുതിയ കഥയ്ക്ക് കഥാകൃത്ത് തന്നെയാണ് തിരക്കഥയൊരുക്കുന്നത് എന്നും അറിയുന്നു. ഹരികുമാര്‍ ആണ് സിനിമയുടെ സംവിധായകന്‍. സുരാജ് വെഞ്ഞാറുമൂട് സിനിമയില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. കുടുംബം പുലര്‍ത്താന്‍ ധൈര്യസമ്മേതം ഭര്‍ത്താവ് ഓടിച്ചിരുന്ന ഓട്ടോ ഓടിക്കേണ്ടിവരുന്ന വീട്ടമ്മയുടെ കഥയാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. ആന്‍ അഗസ്റ്റിന്‍ ആ വേഷത്തിലെത്തുമ്പോള്‍ നടിയുടെ ആദ്യ സിനിമയായ എല്‍സമ്മ എന്ന ആണ്‍കുട്ടിയുമായി സാമ്യതകളേറെയാണ്.

ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രമായ എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയാണ് നടന്‍ അഗസ്റ്റിന്റെ മകളായ ആന്‍ അഗസ്റ്റിന്‍ സിനിമയിലേക്ക് എത്തുന്നത്. എല്‍സമ്മ എന്ന റ്റൈറ്റില്‍ കഥാപാത്രമായി ഒരു പുതുമുഖ താരത്തിന്റെ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ ആ വേഷം ആന്‍ അഗസ്റ്റിന്‍ ഗംഭീരമാക്കുകയും ചെയ്തു. കുടുംബം മുന്നോട്ട് കൊണ്ടുപോകാന്‍ വേണ്ടി പത്രവിതരണവും പത്ര റിപ്പോര്‍ട്ടിങ്ങും തുടങ്ങി നിരവധി ജോലികള്‍ ചെയ്യുന്ന മലയോര ഗ്രാമത്തിലെ എല്‍സമ്മയെ പ്രേക്ഷകര്‍ വലിയ ഇഷ്ടത്തോടെയാണ് സ്വീകരിച്ചത്. കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തുമായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സിനിമ റിലീസായി പതിനൊന്ന് വര്‍ഷങ്ങള്‍ തികയുമ്പോള്‍ സിനിമയുടെ ഓര്‍മ്മകള്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി.

പോസ്റ്റില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ. രണ്ടായിരത്തി പത്തില്‍ ഈ സമയത്ത് ഞാന്‍ എല്‍സമ്മയെ കണ്ടുമുട്ടി. ക്രമേണ ഒരു മാസത്തിലേറെ സമയം കൊണ്ട് ഞാന്‍ അവളായി. ഞാന്‍ ഇപ്പോഴും എല്‍സമ്മയെയും പാലൂണ്ണിയെയും കുറിച്ച് ചിന്തിക്കുന്നു. അവര്‍ ഒരുമിച്ചാണെന്നും അവരുടെ ചെറിയ സന്തോഷകരമായ സ്ഥലത്ത് താമസിക്കുന്നതായും എനിക്ക് ഉറപ്പുണ്ട്. ഒരു പതിറ്റാണ്ടിനുശേഷം അവളുടെ ഒരു ഭാഗം ഇപ്പോഴും എന്നില്‍ അവശേഷിക്കുന്നു. എനിക്ക് വളരെയധികം സ്‌നേഹവും പിന്തുണയും നല്‍കുകയും ചെയ്തു നിങ്ങള്‍. ഞാന്‍ നിങ്ങളോട് എല്ലാം കടപ്പെട്ടിരിക്കുന്നു. സിനിമ എന്റെ ജീവിതത്തിന്റെ ഭാഗമാണ്. തന്നേക്കാള്‍ സിനിമയെ സ്‌നേഹിച്ച എന്റെ അച്ഛനെപ്പോലെ. ആന്‍ അഗസ്റ്റിന്‍ പറയുന്നു.

എല്ലാവരുടേയും പ്രിയപ്പെട്ട സിനിമയാണ് എല്‍സമ്മയെന്ന് നിരവധി പേര്‍ കമന്റിലൂടെ പറയുന്നുണ്ടായിരുന്നു. അടുത്ത സിനിമ എന്നാണ് എന്നൊക്കെയുള്ള ചോദ്യങ്ങളും കമന്റുകളായി വരുന്നുണ്ട്. സമയം വളരെ വേഗത്തിലാണ് പോകുന്നത്. എന്നാല്‍ നിങ്ങളിപ്പോഴും പഴയ എല്‍സമ്മ തന്നെ എന്നായിരുന്നു ഒരാള്‍ പോസ്റ്റിന് കമന്റ് ചെയ്തത്. നിങ്ങള് സിനിമയില്‍ തിരികെ വരുമോ എന്ന ഒരാളുടെ കമന്റിന് ആന്‍ അഗസ്റ്റിന്‍ മറുപടി നല്‍കുകയും ചെയ്തു. വരും എന്നായിരുന്നു നടിയുടെ മറുപടി. ആന്‍ ഞങ്ങള്‍ക്ക് ഇപ്പോഴും ഇഷ്ടം എല്‍സമ്മയെ തന്നെയാണ്. ങ്ങനെയുള്ള പെണ്‍കുട്ടികളാണ് ഇന്നത്തെ സമൂഹത്തില്‍ വേണ്ടത്. തുകൊണ്ട് എല്‍സമ്മ എന്നും ഞങ്ങളുടെ മനസ്സില്‍ ഉണ്ടാവും. ചുണ കുട്ടി എന്നാണ് മറ്റൊരാള്‍ കമന്റെ ചെയ്തത്.