ബ്രോ ഡാഡിയിലൂടെ വിണ്ടും ഒന്നിക്കുമ്പോള്‍ എന്താകാം അവരുടെ വിജയ രഹസ്യം

ഏകദേശം നാല്‍പത് വര്‍ഷങ്ങക്ക് മുന്‍പ് ഒരു ഒമ്പതുവയസ്സുകാരി മലയാള സിനിമയില്‍ അഭിനയിക്കാന്‍ എത്തുകയാണ്. മദ്രാസില്‍ നിന്നാണ് വരവ്. മുന്‍പ് രജനികാന്ത്, കമല്‍ഹാസന്‍, വിജയകാന്ത് തുടങ്ങിയവരുടെ ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങിയ അനുഭവ സമ്പത്തോടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. ബാലതാരങ്ങള്‍ക്കിടയിലെ സൂപ്പര്‍സ്റ്റാര്‍ എന്ന് വേണമെങ്കില്‍ പറയാം. സോമന്‍ അമ്പാട്ട സംവിധാനം ചെയ്യുന്ന മനസ്സറിയാതെ എന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് വരുന്നത്. സിനിമയില്‍ നായകന്‍ അന്നത്തെ യുവതയുടെ ആവേശമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ വില്ലനായി തിളങ്ങിയ മോഹന്‍ലാല്‍ എന്ന പയ്യന്‍ ആണ്.

സെറീന വഹാബും നെടുമുടി വേണുവുമാണ് മറ്റ് താരങ്ങള്‍. നെടുമുടി വേണു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകള്‍ മിനിമോള്‍ ആയിട്ടാണ് ബാലതാരം എത്തുന്നത്. മറ്റൊരു സിനിമയില്‍ കൂടി ബാലതാരമായി മലയാളത്തില്‍ അഭിനയിച്ചു. ഒരു കൊച്ചു കഥ ആരും പറയാത്ത കഥ എന്നായിരുന്നു സിനിമയുടെ പേര്. മറ്റൊരു യുവതാരമായിരുന്നു ആ സിനിമയില്‍ നായകന്‍. പേര് മമ്മൂട്ടി. പിന്നെ ഒരു പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ എന്ന താരത്തിന്റെ നായികയായി ആ പഴയ ബാലതാരം വീണ്ടും എത്തി. ഐവി ശശി സംവിധാനം ചെയ്ത ആ സിനിമയുടെ പേര് വര്‍ണ്ണപകിട്ട്. ബാലതാരമായി അഭിനയിച്ച നടന്റെ കൂടെ പിന്നെ നായികയായി എത്തിയ നടിയുടെ പേര് മീന എന്നായിരുന്നു.

വര്‍ണ്ണപകിട്ട് എന്ന സിനിമയില്‍ തുടങ്ങിയ ആ കൂട്ട്‌കെട്ട് പിന്നെ നിരവധി സിനിമകളില്‍ വിജയം ആവര്‍ത്തിച്ചു. മലയാള പ്രേക്ഷകരുടെ പ്രിയ ജോഡികളായി മീനയും മോഹന്‍ലാലും മാറി. അവര്‍ ഒരുമിക്കുമ്പോഴേല്ലാം വലിയ വിജയങ്ങളും പിറന്നു. ഒളിമ്പ്യന്‍ അന്തോണി ആദം, മിസ്റ്റര്‍ ബ്രഹ്മചാരി, നാട്ടുരാജാവ്, ചന്ദ്രോത്സവം തുടങ്ങി ചുരുക്കം ചില ചിത്രങ്ങള്‍ മാത്രമാണ് വലിയ വിജയങ്ങളാകാതെ പോയത്. എങ്കിലും സിനിമയിലെ അവരുടെ കെമിസ്ട്രി പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഉദയനാണ് താരം, ദൃശ്യം സീരീസ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ സിനിമകള്‍ മലയാളത്തിലെ വലിയ ഹിറ്റ് ചിത്രങ്ങളായി മാറി. ദൃശ്യം ഒന്നും രണ്ടും ഭാഗങ്ങള്‍ നേടിയ വിജയം ഇപ്പോഴും അതിശയിപ്പിക്കുന്ന വിജയങ്ങളില്‍ ഒന്നായി മാറി. മലയാള സിനിമയുടെ ചരിത്രമായി മാറി.

വീണ്ടും മീന മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒരുമിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ വരികയാണ്. ബ്രോഡാഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പൃഥ്വിരാജ് സുകുമാരനാണ്. ലൂസിഫറിന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ബ്രോഡാഡി. സംവിധായകനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കല്യാണി പ്രിയദര്‍ശന്‍, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍, ലാലു അലക്‌സ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൂട്ടിംങ് തുടങ്ങാന്‍ അനുമതി കിട്ടുന്ന ഉടന്‍ ചിത്രീകരണം തുടങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ മീന കൂട്ടുകെട്ടില്‍ നിന്നുള്ള അടുത്ത ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍.