മലയാളികള്‍ പൊളിയാണ് എന്നൊരു പ്രയോഗം അടുത്തകാലത്തായി ഹിറ്റാണ്. എന്നാല്‍ അത്ര പൊളിയാണോ എന്ന് ചിലര്‍ ചോദിക്കുന്നുണ്ട് അടുത്ത കാലത്ത് ചില സംഭവങ്ങള്‍ കാണുമ്പോള്‍. സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ ഇപ്പോഴും മാന്യത പുലര്‍ത്തുന്നില്ല എന്നൊരു ആക്ഷേപം പരക്കെയുണ്ട്. പണ്ട് രഹസ്യമായി ടോയിലറ്റ് മതിലുകളില്‍ പലതും എഴുതി പിടിപ്പിച്ചവരുടെ മറ്റൊരു പതിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യമായി കണ്ടുവരുന്നത്. ജെന്റില്‍ യൂസ് എന്നൊരു കാര്യം അവരെയൊക്കെ പഠിപ്പിക്കേണ്ടുന്ന മനസ്സിലാക്കികൊടുക്കേണ്ടുന്ന കാലം കഴിഞ്ഞിരിക്കുന്നു എന്നാണ് പലരും പറയുന്നത്.
ഒരു സെലിബ്രിറ്റി ഒരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ കൂട്ടത്തോടെ പലതരത്തിലുമുള്ള കമന്റുകളുമായി ചില മലയാളികള്‍ അവിടെ എത്തു. പിന്നെ അവര്‍ക്ക് തോന്നിയത് പറയുന്ന സ്ഥലമാകും അവിടം. ചിലപ്പോള്‍ വസ്ത്രത്തെ കുറിച്ചാകാം. അത് കൂടിപോയതും കുറഞ്ഞ് പോയതിനേയും കുറിച്ചാകാം. എന്തെങ്കിലും ശരീരഭാഗം കാണുന്നതിനെ കുറിച്ചാകാം. മുന്‍പൊക്കെ ഫേക്ക് പ്രൊഫൈലുകളിലൂടെയാണ് ഇങ്ങനെയുള്ള കമന്റുകളെങ്കില് ഇപ്പോള്‍ ഒറിജിനല്‍ അക്കൗണ്ടുകളില്‍ നിന്ന് വരെ ഇത്തരത്തില്‍ കമന്റുകള്‍ നിറയുക പതിവാണ്. എല്ലാവരും ഇതില്‍ ഉണ്ടെന്നല്ല. ഇങ്ങനെയുള്ള ആള്‍ക്കാരുടെ എണ്ണം കൂടി വരികയാണ് എന്നതാണ് വാസ്തവം.
കഴിഞ്ഞ ദിവസം അങ്ങ് യൂറോപ്പില്‍ നടന്നൊരു സംഭവം ഇങ്ങനെ. യൂറോകപ്പ് ഫുഡ്ബോളില്‍ ഇംഗ്ലണ്ട് ജയിച്ചാല്‍ താന്‍ മേല്‍വസ്ത്രം ഊരി സ്റ്റേഡിയത്തിന് പുറത്ത് നില്ക്കും എന്നൊരു ട്വീറ്റ് ഒരു ആരാധിക പോസ്റ്റ് ചെയ്യുന്നു. എവിടുന്നോ ഇക്കാര്യം അറിഞ്ഞ ചില മലയാളികള്‍ ഉടനെ അതിന് താഴെയെത്തി കമന്റുകള്‍ വര്‍ഷിക്കുന്നു. അതും തനി മലയാളത്തില്‍, അല്ലെങ്കില്‍ മംഗ്ലീഷില്‍. നീ പൊളിക്ക് മുത്തേ, കട്ട സപ്പോര്‍ട്ട് തുടങ്ങി നിരവധി മലയാളി കമന്റുകള്‍ അതിന് താഴെ എത്തി. മത്സരത്തില്‍ ഇംഗ്ലണ്ട് ജയിക്കുകയും ആരാധിക വാക്ക് പാലിക്കുകയും ചെയ്തു. സ്റ്റേഡിയത്തിന് മുന്നില്‍ മേല്‍വസ്ത്രം ഊരി ഫോട്ടോ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
ആ പോസ്റ്റ് ചിലര്‍ ഇവിടെയുള്ള ഫുഡ്ബോള്‍ ഗ്രൂപ്പില്‍ പങ്കുവെയ്ക്കുകയും അത് കണ്ടവര്‍ നേരെ ആരാധികയുടെ അക്കൗണ്ടിലേക്ക് വെച്ച് പിടിക്കുകയും ചെയ്തു. തന്റെ അക്കൗണ്ടില്‍ ഇതുവരേയും ഇല്ലാത്ത തള്ളികയറ്റം കണ്ട് അവര്‍ അത്ഭുതപ്പെട്ടു. ട്വിറ്ററില്‍ വളരെ വേഗത്തില്‍ ഫോളോവേഴ്സിന്റെ എണ്ണം നാല്പതിനായിരം കടന്നു. മാത്രമല്ല ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ അമ്പതിനായിരം പേര് കാണുകയും ചെയ്തു. എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാക്കുമോ എന്ന് ചോദിച്ച് ഒടുവില്‍ അവര്‍ക്ക് ട്വീറ്റ് ചെയ്യേണ്ടി വന്നു. എനിക്ക് ഇത് മനസ്സിലാകുന്നില്ല എന്ന് അവര്‍ പറഞ്ഞു. ഇന്ത്യയില്‍ തെക്ക് ഭാഗത്ത് കേരളമെന്നൊരു സ്ഥലം ഉണ്ടെന്നും അവിടെയുള്ളവരാണ് കമന്റ് ചെയ്തതെന്നും ഫോട്ടോ അവിടെയുള്ള ഗ്രൂപ്പുകളില്‍ വൈറല്‍ ആണെന്നും ഒരാള്‍ പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. എന്നാല്‍ മലയാളികളുടെ ഈ സ്വാഭാവത്തെ വിമര്‍ശിച്ച് കൊണ്ട് നിരവധി കമന്റുകളും വരുന്നുണ്ട്. നമ്മുടെ സ്വഭാവം യൂറോപ്പ് വരെ എത്തിച്ച് നാറ്റിച്ചു എന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്.