തീപ്പൊരി ഡയലോഗുകളുടെ സുല്‍ത്താനാണ് രഞ്ജിപണിക്കര്‍. കേള്‍ക്കുമ്പോള്‍ രോമാഞ്ചം കൊള്ളുന്ന ആവേശത്തോടെ എഴുന്നേറ്റ് നിന്ന് കൈയടിയാക്കാന്‍ തോന്നുന്ന കഥാപാത്രങ്ങളുടേയും സംഭാഷണങ്ങളുടേയും എഴുത്തുകാരന്‍. കമ്മീഷ്ണറിലെ ഭരത്ചന്ദ്രന്‍ ലേലത്തിലെ ആനക്കാട്ടില്‍ ചാക്കോച്ചി കിംഗിലെ തേവള്ളി പറമ്പില്‍ ജോസഫ് അലക്‌സ് പ്രജയിലെ സക്കീര്‍ അലി ഹുസൈന്‍ തുടങ്ങി നിരവധി നായക കഥാപാത്രങ്ങളെയാണ് രഞ്ജിപണിക്കര്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്. ഷാജികൈലാസും ജോഷിയുമാണ് കൂടുതലും രഞ്ജിപണിക്കര്‍ കഥാപാത്രങ്ങളെ സ്‌ക്രീനില്‍ എത്തിച്ചത്. സുരേഷ്‌ഗോപിയും മമ്മൂട്ടിയും മോഹന്‍ലാലും ആ കഥാപാത്രങ്ങളായി പകര്‍ന്നാടി.
എന്നാല്‍ പലര്‍ക്കും അറിയാത്ത ഒരു സംഗതി ഉണ്ട്. മലയാളികള്‍ ഇപ്പോഴും കണ്ട് ചിരിക്കുന്ന ഒരു കോമഡി ചിത്രം എഴുതിക്കൊണ്ടായിരുന്നു രഞ്ജി പണിക്കര്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്. ഇന്നസെന്റ് റ്റൈറ്റില്‍ കഥാപാത്രമായി എത്തിയ ഡോ പശുപതി ആയിരുന്നു ആ ചിത്രം. ഷാജി കൈലാസ് ആയിരുന്നു സംവിധാനം. ക്യാമറ കൈകാര്യം ചെയ്തത് സാക്ഷാല്‍ സന്തോഷ് ശിവനും. തലസ്ഥാനം, സ്ഥലത്തെ പ്രധാന പയ്യന്‍സ് തുടങ്ങിയ ചിത്രങ്ങളും അതിന് പിറകെ രഞ്ജി പണിക്കര്‍ എഴുതി. ഏകലവ്യന്‍, മാഫിയ, കിംഗ്, കമ്മീഷ്ണര്‍, ലേലം തുടങ്ങിയ ചിത്രങ്ങള്‍ രഞ്ജി പണിക്കരെ മുന്‍നിര തിരക്കഥാകൃത്തുകളില്‍ ഒരാളാക്കി മാറ്റുകയായിരുന്നു.
എന്നാല്‍ മോഹന്‍ലാലിനു വേണ്ടി ഒരേയൊരു തിരക്കഥമാത്രമാണ് രഞ്ജിപണിക്കര്‍ എഴുതിയത്. ജോഷി സംവിധാനം ചെയ്ത പ്രജ ആയിരുന്നു ആ ചിത്രം. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ചിത്രം എന്നാല്‍ വലിയ പരാജയം ആയിരുന്നു. എന്നാല്‍ നെടുനീളന്‍ സംഭാഷണങ്ങള്‍ കൊണ്ട് ഇപ്പോഴും പലരുടേയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് പ്രജ. സിനിമ ചിത്രീകരണ സമയത്ത് മോഹന്‍ലാലുമായി ഉണ്ടായ ചില കാര്യങ്ങള്‍ രഞ്ജി പണിക്കര്‍ തുറന്ന് പറഞ്ഞിരുന്നു. മോഹന്‍ലാലിന് ഡയലോഗ് പറഞ്ഞു കൊടുക്കുമ്പോള്‍ തന്നോട് അങ്ങനെ പറഞ്ഞു തരരുത് എന്ന് മോഹന്‍ലാല്‍ പറഞ്ഞതായി രഞ്ജിപണിക്കര്‍ പറഞ്ഞു. അണ്ണാ എനിക്ക് ഡയലോഗുകള്‍ ഇങ്ങനെ വായിച്ചു തരരുത്. എനിക്ക് നിങ്ങളുടെ മീറ്ററില്‍ പറയാന്‍ കഴിയില്ല.
എനിക്ക് എന്റെ മീറ്ററിലെ അത് പറയാനായി കഴിയൂ. എന്ന് മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ ഇത് ഇങ്ങനെ പറഞ്ഞില്ലേല്‍ പങ്ചുവേഷന്‍ മാറി പോകും എന്ന് രഞ്ജിപണിക്കര്‍ പറഞ്ഞു. അതായിരുന്നു മോഹന്‍ലാലുമായിട്ടുണ്ടായ ആദ്യ തിരുത്തലെന്നും രഞ്ജി പണിക്കര്‍ പറയുന്നു. കഥാപാത്രത്തെ കുറിച്ച് പറഞ്ഞുകൊടുത്തിരുന്നെങ്കിലും ചിത്രീകരണ സമയത്താണ് മോഹന്‍ലാലിന് ഡയലോഗ് കൊടുക്കുന്നത്. ഇങ്ങനെ വായിച്ചാല്‍ ഞാന്‍ കുഴങ്ങി പോകുമെന്നും ഡയലോഗ് പറയാന്‍ കഴിയില്ല എന്നും മോഹന്‍ലാല്‍ പറഞ്ഞു. മമ്മൂട്ടിക്കോ സുരേഷ് ഗോപിക്കോ ആ മീറ്ററില്‍ പറയാന്‍ കഴിയുമായിരിക്കും. എന്നാല്‍ മോഹന്‍ലാലിന് കഴിയില്ല. മോഹന്‍ലാലിന്റെ മീറ്റര്‍ അതല്ല. രഞ്ജിപണിക്കര്‍ പറയുന്നു.