മമ്മൂട്ടിയെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വിനായക് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ‘എന്തുകൊണ്ട് മമ്മൂട്ടി ഇത്ര അപ്ഡേറ്റഡ്?’ സിനിമാ പ്രേമികൾക്കിടയിൽ ഇപ്പോൾ ഉയർന്നു വരുന്ന ഒരു ചോദ്യമാണിത്.. എന്താണ് അതിനുള്ള ഉത്തരം? പുതുമുഖ സംവിധായകർക്ക് ഡേറ്റ് കൊടുക്കുന്നത് കൊണ്ട് മാത്രമാണോ മമ്മൂട്ടി അപ്ഡേറ്റഡ് ആണെന്ന് പറയുന്നത്? മലയാള സിനിമ പുതിയ വഴിയിലേക്ക് മാറി ചിന്തിച്ചിട്ടുള്ള പല സന്ദർഭങ്ങളിലും മമ്മൂട്ടിയുടെ സാന്നിധ്യം അവിടെ ഉണ്ടായിട്ടുണ്ട്.
അത് യവനികയിൽ തുടങ്ങി ന്യൂ ഡൽഹി, ബിഗ് ബി ഇപ്പൊ റോഷാക്കിൽ വരെ എത്തി നിൽക്കുന്നു.. പൃഥ്വിരാജ് പറഞ്ഞ കരിയറിലെ ആ ഇന്റെസ്റ്റിങ് ഫേസ് എന്താണെന്ന് കൊറോണക്ക് ശേഷം അദ്ദേഹം തിരഞ്ഞെടുക്കുന്ന സിനിമകളിൽ നിന്ന് തന്നെ വായിച്ചെടുക്കാവുന്നതാണ്. പുതുമുഖ സംവിധായകർ മാത്രമല്ല കാരണം, കാലത്തിനനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുള്ള സിനിമകൾ മമ്മൂട്ടിയിലെ പ്രേക്ഷകൻ മനസിലാക്കുകയും അതുവഴി ഒരു പുതിയ സിനിമാ സംസ്കാരത്തിന് തുടക്കം കുറിച്ച് പ്രേക്ഷകർക്ക് നല്ലൊരു പുതുമയും ഉണർവും നൽകി.
ഇതെല്ലാം തന്നിലെ നടനെ പിഴിഞ്ഞെടുക്കാൻ പറ്റുന്ന അവസരവുമാണെന്നുള്ള ബോധ്യവും തിരിച്ചറിവുമാണ് മമ്മൂട്ടി എന്ന നടനെ ഇന്നും അപ്ഡേറ്റഡ് ആക്കി നിർത്തുന്നത് എന്നാണ് എന്റെ ഒരു വ്യക്തിപരമായ നിഗമനം. കൊറോണക്ക് ശേഷം ഇവിടുത്തെ സാധാരണ സിനിമ പ്രേമികളുടെ ആസ്വാദനത്തിലും സിനിമ കാണാനുള്ള തിരഞ്ഞെടുപ്പിലും വരെ വളരെയേറെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. എല്ലാ പ്രമുഖ ലോകസിനിമകളും ക്ലാസ്സിക്കുകളും സീരിസുകളും കണ്ട് ഒരുവിധം ഫിലിം എഡ്യൂക്കേഷൻ കിട്ടിയ ഫിലിം ലിറ്ററസി മെച്ചപ്പെടുത്തിയ പ്രേക്ഷകരാണ് ഇവിടെ ഉള്ള പലരും.
അവരെ ഇമ്പ്രസ്സ് ചെയ്യിക്കാൻ 24 മണിക്കൂറും സിനിമ ശ്വസിച്ചു, ചിന്തിച്ചു കൊണ്ട് നടക്കുന്ന മമ്മൂട്ടി എന്തായിരിക്കും ചെയ്തിട്ടുണ്ടാകുക..? ലോക്ക് ഡൗൺ സമയത്ത് പല പ്രമുഖ നടന്മാരും ഓ ടി ടി ക്ക് വേണ്ടി ഓടി നടന്ന് പരിപ്പുവട സിനിമകൾ ചെയ്ത് കൊണ്ടിരുന്ന സമയം ഈ മനുഷ്യൻ എങ്ങനെ ആയിരിക്കും ആ സമയം വിനിയോഗിച്ചിട്ടുണ്ടാവുക..? എല്ലാ ഭാഷയിലുമുള്ള സിനിമകളും സീരിസുകളും ഒക്കെ കണ്ടും പുസ്തകങ്ങൾ വായിച്ചും ഇതുവരെയുള്ള തന്റെ കരിയറിന്റെ ഓരോ വിലയിരുത്തലുകൾ നടത്തിയും മറ്റും ആയിരിക്കും ആ മനുഷ്യൻ നമ്മൾ ഇന്ന് ഈ കൊട്ടിഘോഷിക്കുന്ന അപ്ഡേഷനിലേക്ക് എത്തിയിട്ടുണ്ടാകുക. അവിടെ മമ്മൂട്ടിക്ക് വേണ്ടി തീരുമാനങ്ങൾ എടുക്കാൻ ഒരു ഉപചാരകവൃന്തവും ഉണ്ടാവില്ല. അവിടെ അവസാന വാക്ക് എപ്പോഴും മമ്മൂട്ടിയുടെ തന്നെയായിരിക്കും എന്ന് തീർച്ചയാണ്.
പുതിയ കാലത്തിൽ സ്റ്റാർഡം പ്രൊജക്റ്റ് ചെയ്യുന്ന തരം സിനിമകൾ മാത്രം ചെയ്യാതെ ഒപ്പമുള്ള കഥാപാത്രങ്ങൾക്ക് കൂടെ പെർഫോം ചെയ്യാൻ സ്പേസ് കൊടുക്കുന്ന സിനിമകളാണ് മമ്മൂക്ക ഇപ്പോൾ കൂടുതൽ തിരഞ്ഞെടുത്തിട്ടുള്ളത് എന്ന് കാണാം. നമ്മൾ പ്രതീക്ഷിക്കാത്ത അഭിനേതാക്കളിൽ നിന്നും തികച്ചും അപ്രതീക്ഷിതമായ വിധം പെർഫോമൻസുകൾ ലഭിച്ചിട്ടുള്ളത് ഈ അടുത്ത് പുറത്തിറങ്ങിയതായ മമ്മൂട്ടി സിനിമകളിലാണ്. അമൽ നീരദ്, രത്തീന, നിസ്സാം ബഷീർ, ലിജോ ജോസ് പെല്ലിശ്ശേരി, ജിയോ ബേബി എന്നീ പ്രതിഭയുള്ള നവധാര സംവിധായകർക്ക് തന്റെ ഡേറ്റ് നൽകാൻ ശ്രമിക്കുമ്പോഴും കെ. മധുവിനും ബി. ഉണ്ണികൃഷ്ണനും തെലുഗ് സിനിമയ്ക്കും ഡേറ്റ് കൊടുക്കുന്നുണ്ട് മമ്മൂട്ടി.
അങ്ങിനെ നിലവിലെ എല്ലാത്തരം സിനിമാ ആസ്വാദകർക്കും തന്നിലെ നടനേയും , താരത്തേയും അവൈലബിൾ ആക്കാനുള്ള ആഗ്രഹം കൊണ്ടാവാം ഇങ്ങനെയൊക്കെ. ‘പാഷനെറ്റ്’ എന്ന വാക്കിനു മലയാള സിനിമ കണ്ട ഏറ്റവും വലിയ ഉദാഹരണം മമ്മൂട്ടി ആവാൻ കാരണവും ഇതൊക്കെയാവാം. കഴിഞ്ഞ ഒരു പ്രസ്സ് മീറ്റിൽ “കുറച്ചു നാളായി സീരിയസ് റോളുകൾ മാത്രം ചെയ്യുന്ന മമ്മൂക്കയെ എന്നാണ് ഇനി ഒരു അടിപൊളി തമാശ സിനിമയിൽ കാണാൻ പറ്റുക?” എന്ന ഒരു യുവമാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് “നിങ്ങൾ അങ്ങനെ ഒരു പടം ആഗ്രഹിക്കുന്നുണ്ടോ? നമുക്ക് നോക്കാം.” എന്നായിരുന്നു മമ്മൂട്ടി കൊടുത്ത മറുപടി. അതെ, കാണാൻ നമ്മൾ റെഡിയാണേൽ എന്ത് മാജിക് കാണിക്കാനും അദ്ദേഹവും തയ്യാറാണ്. അതാണ് ‘മെഗാനടൻ’ മമ്മൂട്ടി എന്നുമാണ് പോസ്റ്റ്.