ARTICLES

ഉണ്ണിമായയുടെ സാരി ചോപ്പ് ആണ് ,ഒരു കഷ്ണം ചോയ്ച്ചാലോ…!! മഴ നനഞ്ഞുനിൽക്കുന്ന അവളെ ജഗൻ നന്ദിയോടെ നോക്കി !!!

ഞാനും കൂടി കൂടട്ടെ കളിക്ക് !!!

ജഗന്നാഥൻ ::ഇത് ,,കുട്ടികളുടെ കളിയാണ് !!!

ചെങ്കളം ::ആയിക്കോട്ടെ ,, കളിക്കണത് നമ്മള് രണ്ടും ആണെങ്കിലോ ???അപ്പൊ കളി വലിയവരുടേതായില്ലേ ???

ജഗന്നാഥൻ ::ആവും ,,ഇവിടെ വച്ച് തന്നെ വേണോ ???

ചെങ്കളം ::വേണ്ട ,,ഈ പൊടിക്കുട്ട്യോളടേം പെണ്ണുങ്ങളടേം മുന്നിലിട്ട് നിന്നെ തല്ലുന്നത് ഒരു രസല്യ !!എന്റെ സമ്പ്രദായം അതല്ല !!!

ജഗന്നാഥൻ ::തന്റെ സമ്പ്രദായപ്രകാരം എവടാ സ്ഥലം ???ഞാനവടെ വരാം !!!

ചെങ്കളം ::അങ്ങാടീല് ,,,പത്താള് കൂടുന്നെന്റെ നടൂല് കിട്ടണം നിന്നെ !!!

ജഗന്നാഥൻ ::കിട്ട്യാൽ നീയെന്നെ ഒലത്തുവോടാ ചെങ്കളം മാധവാ ???നിന്നെക്കുറിച്ചു ഞാൻ കേട്ടു !!!വരവും പ്രതീക്ഷിച്ചു !!!പോ ,,പോയി കാഴ്ചക്കാരെ കൂട്ട് !!ഞാൻ എത്താം !!

ജഗന്നാഥൻ അത് പറഞ്ഞപ്പോൾ ചെങ്കളം സംശയത്തോടെ ജഗന്നാഥനെ ഒന്ന് കൂടി നോക്കി ,,,

അസ്സല് മഴയാണ് ജഗന്നാഥാ പുറത്ത് ,, ഞാൻ അവടെ പോയി ആളേം കൂട്ടി കാത്തിരുന്നിട്ട് ഒടുവില് ഇയ്യ്‌ ഇബടെ കട്ടൻ ചായേം കുടിച്ച് ഇരിക്കരുത് എന്ന ഭാവത്തിൽ !!!

ചെങ്കളത്തിന്റെ മുഖത്ത് നിന്ന് ആ വാക്കുകൾ ഊഹിച്ചെടുത്ത ജഗന്നാഥൻ വീണ്ടും തറപ്പിച്ചു പറഞ്ഞു ,,,

എന്റെ പേര് ജഗന്നാഥൻ എന്നാണ് !! ഞാൻ എത്തും !!!

ഒരു വിധം വിശ്വാസം വന്നപ്പോൾ ചെങ്കളം പടിയിറങ്ങി അങ്ങാടിയിലേക്ക് പോയി ,, ശേഷം പിന്നെ നിങ്ങൾ പലരും കണ്ടിരിക്കുക ,,ഉഗ്രൻ ബി ജി എം ന്റെ പിൻബലത്തിൽ തലയിൽ ഒരു ചോപ്പ് തുണികൊണ്ട് കെട്ടും കെട്ടി മഴയത്ത് ബുള്ളറ്റും ഓടിച്ചുപോയി അങ്ങാടീല് ചെങ്കളത്തിനെ എടുത്ത് പെരുമാറുന്ന സീനുകൾ ആയിരിക്കും ….

പക്ഷേങ്കില് ഇങ്ങള് കാണാത്ത ഒരുപാട് സീനുകൾ അയ്ന്റെ ഇടയില് കണിമംഗലം കോലോത്തും ചെങ്കളം കാത്ത് നിന്ന അങ്ങാടിയിലും ഉണ്ടായിട്ടുണ്ട് ,,ഇങ്ങളെല്ലാവരും മഴത്തുള്ള ആ അടിയിൽ ജഗന്നാഥൻ ചെങ്കളത്തിനെ എടുത്തിട്ട് അലക്കുന്നതേ കണ്ടിട്ടുള്ളൂ !!!

അന്നത്തെ രത്നച്ചുരുക്കം ………

ആളെക്കൂട്ടാൻ പറഞ്ഞിട്ട് ചെങ്കളത്തിനെ അങ്ങാടിയിലേക്ക് വിട്ടതിന് ശേഷം കണിമംഗലം കോവിലകത്തെ ചില കാഴ്ചകൾ …..

ജഗന്നാഥൻ കോവിലകം മുഴുവനും എന്തോ തിരഞ്ഞു നടക്കുകയാണ് !!! പുറത്ത് പെയ്യുന്ന കനത്ത മഴയത്തും അയാൾ വിയർക്കുന്നു !!!

എല്ലാം കണ്ടുകൊണ്ട് ഉണ്ണിമായയും കൂടെയുണ്ട് ,,എന്താ തിരയുന്നത് ജഗേട്ട എന്ന് ഉണ്ണിമായക്ക് ചോദിക്കണം എന്നുണ്ട് ,,,പക്ഷെ ചോദിക്കാൻ പറ്റിയ അവസ്ഥയാണോ ഇപ്പോൾ എന്നവൾ പേടിച്ചു !!!

ജഗന്നാഥന്റെ മുഖം ആകെ കലുഷിതമാണ് !!!ഇനിയിപ്പോ ചെങ്കളത്തിനെ വെല്ലുവിളിച്ചത് കാരണം പേടിച്ചിട്ടാകുമോ ???ഏയ് !!!അങ്ങനെയാകാൻ വഴിയില്ല !!!ധാരാവി ഒറ്റ രാത്രികൊണ്ട് ഒഴിപ്പിച്ച തന്റെ ജഗേട്ടന് എന്ത് ചെങ്കളം മാധവൻ !!!

ഒടുവിൽ ധൈര്യം സംഭരിച്ചു തന്നെ അവൾ ജഗന്നാഥനോട് ചോദിച്ചു ???

എന്താ ഈ തെരയണേ ???

ജഗന്നാഥൻ അവളെ സൂക്ഷിച്ചു നോക്കി ,,,പക്ഷെ ഒന്നും പറഞ്ഞില്ല !!!

അവൾ വീണ്ടും പറഞ്ഞു ,,,പറഞ്ഞിരുന്നേൽ ഞാനും കൂടി നോക്കാമായിരുന്നു ,,,

ജഗന്നാഥൻ ::എന്റെയൊരു ചോപ്പ് തുണിയുണ്ടായിരുന്നു ???

ഉണ്ണിമായ ::എന്ത് തുണി ???

ജഗന്നാഥൻ ::ഹാ ,,നിനക്കറിയില്ല മായേ ,,ഞാൻ തല്ലിന് പോവുമ്പോ കെട്ടുന്ന തുണിയാണ് !!!എന്റെ രാശിത്തുണിയാണ് !!!

ശേഷം ഉണ്ണിമായയും കൂടി തിരയാൻ തുടങ്ങി ,,കോവിലകം മുഴുവനും തിരഞ്ഞു ,,രക്ഷയില്ല !!!

കുന്തം പോയാൽ കുടത്തിലും തപ്പണം എന്നാണല്ലോ ,, ഇനി ചായ്പ്പിൽ എങ്ങാനും ??? തലേ ദിവസം ഫിറ്റുംപുറത്ത് അവടെ കൊണ്ടോയി ഇട്ടതാവാനും ചാൻസ് ഇല്ലാതില്ല !!!

ജഗൻ ഓടി !!!ചായ്പ്പിൽ എത്തി !!!

അപ്പോൾ കണ്ട കാഴ്ച !!!

സംഗതി ശരിയാണ് !!!ഇന്നലെ ഫിറ്റും പുറത്ത് ഇവിടെ ഇട്ടിട്ടുപോയി !!! പക്ഷേങ്കില് അത് ഇനി പറഞ്ഞിട്ട് കാര്യമില്ല !!!പൊറാട്ട കീറുന്നത് പോലെ എലികൾ അത് കീറി തിന്നിരിക്കുന്നു !!!

ഇനിയിപ്പോ എന്താ ചെയ്യാ ??? ജഗൻ ആലോചിച്ചു ,, ആകെക്കൂടി ഉണ്ടായിരുന്ന ഒരു ചോപ്പ് തുണിയാണ് !!!ഇനിയിപ്പോ വേറെ തുണി പോയി വാങ്ങാനും സമയമില്ല !!! ഇങ്ങനെയുള്ള സാഹചര്യങ്ങൾ മുന്നിൽ കണ്ട്‌ കുറച്ചധികം തുണി വാങ്ങി കോവിലകത്ത് സ്റ്റോക്ക് ചെയ്യഞ്ഞത് മണ്ടത്തരം ആയി എന്ന് ജഗന് തോന്നി !!!

ഇനിയിപ്പോ ????

ഉണ്ണിമായയുടെ സാരി ചോപ്പ് ആണ് ,,ഒരു കഷ്ണം ചോയ്ച്ചാലോ ???

ഹേയ് ,,അത് വേണ്ട ….

പക്ഷെ ജഗന്നാഥന്റെ ആ നിൽപ്പ് കണ്ടപ്പോൾ ഉണ്ണിമായക്ക് സഹിച്ചില്ല !!!അവൾ ആ പെരുമഴ നനഞ്ഞുകൊണ്ട് വീട്ടിലേക്കോടി !!!അച്ഛന്റെ ഹാർമോണിയം മൂടാറുള്ള ഒരു ചോപ്പ് തുണിയുണ്ട് ,,അവൾ അത് തപ്പിയെടുത്ത് തിരികെ കോവിലകത്ത് എത്തി !!!കിതച്ചുകൊണ്ട് അവൾ ആ തുണി ജഗന് നേരെ നീട്ടി !!!

മഴ നനഞ്ഞുനിൽക്കുന്ന അവളെ ജഗൻ നന്ദിയോടെ നോക്കി !!! ഇവൾ എന്റെ പാതി തന്നെ !! അയാൾ മനസ്സിൽ ഉറപ്പിച്ചു !!! സമയം കളയാനില്ല ,,ജഗൻ ആ തുണി വാങ്ങി തലയിൽ കെട്ടി !!! വേഗം ബുള്ളറ്റ് വച്ചിരിക്കുന്നിടം ലക്ഷ്യമാക്കി നടന്നു ,,,

അതാ അടുത്ത പുലിവാല് !!!

ബുള്ളറ്റുമായി ഗോവിന്ദൻകുട്ടി സാധനം വാങ്ങാൻ ബീവറേജിൽ പോയിരിക്കുകയാണ് !!!വല്ലാത്ത ജാതി പോസ്റ്റ്‌ ആയല്ലോ എന്ന് വിചാരിച്ച് ജഗന്നാഥൻ വീണ്ടും എരിപൊരി സഞ്ചാരത്തോടെ പൂമുഖപ്പടിയിലേക്കും നോക്കി നിന്നു ഗോവിന്ദൻകുട്ടി വരുന്നതും കാത്ത് !!!!


ഈ സമയം അങ്ങാടിയിൽ …..

കനത്ത മഴ കാരണം അങ്ങാടി കാലിയാണ് !!!പത്താള് കൂടണെന്റെ എടേല് കിട്ടണം ജഗനെ എന്നും പറഞ്ഞ് തള്ളിയിട്ട് ഇപ്പൊ ഒരു ഈച്ച പോലുമില്ലല്ലോ ഈശ്വരാ !!!

ചെങ്കളം കൂടെയുള്ളവരോട് പറഞ്ഞു ,,

നിങ്ങൾ എങ്ങനെയെങ്കിലും ഈ നാട്ടാര് പത്താളെ കൂട്ടീട്ട് വരണം !!!ഇല്ലെങ്കിൽ ഞാൻ അവടെ തള്ളിയതൊക്കെ വെറുതെയാവും !!!

ശിങ്കിടികൾ ചിതറിയോടി ,,ഒരു സംഘത്തിന്റെ കൂടെ ചെങ്കളവും പോയി ,,ഒറ്റ വീട്ടുകാരും ചെങ്കളം പറഞ്ഞത് കേട്ടില്ല !!!

ചിലർ ചെങ്കളത്തിന്റെ മുഖത്താട്ടി !!

ഇബടെ ഒലക്കേമലേ മഴ കാരണം മനുഷ്യൻ പണിക്ക് പോയിട്ട് രണ്ടൂസ്സായി ,, അപ്പോളാണ് അവൻ തല്ല് കാണാൻ വിളിക്കണത് !! വറ്റ് വെലങ്ങത്തുകുത്തിയിട്ടുള്ള സൂകേട്‌ ആണെങ്കിൽ പോയി വല്ല ഗ്യാസിന്റെ ഗുളിക കഴിക്ക് !!!

തണുത്തുറയുന്ന മഴയെക്കാൾ മുൻപേ ഐസ് ആയ അവസ്ഥയിലായി ചെങ്കളം !!! പക്ഷെ അത് പറ്റില്ലല്ലോ ,, ഒടുവിൽ അങ്ങോട്ട് കാശ് കൊടുക്കാം എന്നുള്ള എഗ്രിമെന്റ്ൽ ഒരു പത്താളെ സംഘടിപ്പിച്ചു !!!

ജീപ്പും പരിവാരങ്ങളും കാഴ്ചക്കാരും കാത്തിരിപ്പാണ് !!!

ജഗന്നാഥനെ !!!

പക്ഷേങ്കില് ഗോവിന്ദൻകുട്ടി കണിമംഗലം പാലം കടന്നിട്ടേ ഉളളൂ എന്ന് ആരറിയാൻ ???

ചെങ്കളത്തിന്റെ പോസ്റ്റ്‌ ………

കാശ് കൊടുത്ത് വിളിച്ചുകൊണ്ടു വന്നവരും കൂടെ വന്ന ഗുണ്ടകളും പിറുപിറുക്കാൻ തുടങ്ങിയിരുന്നു !!!കൂട്ടത്തിൽ നിന്നും നാട്ടുകാരിൽ ആരോ വിളിച്ചുപറഞ്ഞു ,,,

ഞാനപ്പോഴേ പറഞ്ഞതാ ,,ഇമ്മാതിരി നാറ്റക്കേസിന് വന്നിട്ട് മഴയത്ത് ജെട്ടി നനയെ ഉളളൂ എന്ന് !!!

ചെങ്കളം ഓരോ നിമിഷവും നാണക്കേട് കാരണം തകർന്നുകൊണ്ടേയിരുന്നു !!!ലോകത്ത് ഒരു ഗുണ്ടയ്ക്കും ഇമ്മാതിരി പണി കൊടുക്കരുത് ദൈവമേ എന്നയാൾ പ്രാർത്ഥിച്ചു !!!

അങ്ങനെ കൂടെ വന്നവരുടെ തെറിവിളി പേടിച്ച് ജീപ്പിൽ നിന്നും ഇറങ്ങാതെ ആശ നശിച്ചവനെപോലെ ജീപ്പിനുള്ളിൽ ഇരുന്ന ചെങ്കളത്തിന്റെ മുന്നിലേക്ക്‌ അതാ വരുന്നു !!!

ബുള്ളറ്റിൽ !!! ചോപ്പ് തലേക്കെട്ടും കെട്ടി !!ജഗന്നാഥൻ !!!

അത് വരെ പ്ലാൻ ചെയ്തതൊക്കെ മറന്ന ചെങ്കളം തന്നെ പോസ്റ്റ്‌ ആക്കിയ ദേഷ്യത്തിൽ ജഗന് നേരെ പാഞ്ഞു !!!

ആവേശം നല്ലതല്ല !!!

ജഗൻ തട്ടിക്കൂട്ടി ചേറിൽ എറിഞ്ഞു !! പിന്നെ ഒരു അമ്പത്താറ് മെടഞ്ഞു !! ചെങ്കളം തൊട്ടടുത്തെ കവുങ്ങും തോപ്പും തപ്പി ഓടി !!!പുറത്ത് പാള വച്ച് കെട്ടാൻ !!!

അല്ല ചെങ്കളത്തെയും കുറ്റം പറയാൻ പറ്റില്ല ,,കായികമായി തയ്യാറെടുക്കുന്നതിനു മുൻപേ ജഗന്നാഥൻ കൊടുത്ത പോസ്റ്റിന് മുന്നിൽ മാനസികമായി തോറ്റിരുന്നു അയാൾ !!!!

നിങ്ങള് വിചാരിക്കും ഇത് അവടെ തീർന്നു എന്ന് !!!ഒരിക്കലുമില്ല !!! ചെങ്കളം എന്ന പഹയൻ വീണ്ടും പറ്റിക്കപ്പെട്ടു !!!

മുള്ളൻകൊല്ലി എന്ന സ്ഥലത്ത് വച്ച് !!!

ഏതോ തലതെറിച്ച ഒരുത്തൻ പോയിട്ട് മുള്ളൻകൊല്ലി ഷാപ്പിൽ പോയിട്ട് ഷോ കാണിച്ചു ..മുള്ളൻകൊല്ലി വേലായുധന്റെ നിയമങ്ങളൊക്കെയും കാറ്റിൽ പറത്തി അവൻ ആഘോഷിച്ചു !!!

ഒടുക്കം വേലായുധൻ വന്ന് അടിച്ചു തൂക്കി അവനെ ജെട്ടിയോടെ ഓടിച്ചു വിട്ടു !!!

ചെക്കൻ ചെന്ന് പറഞ്ഞ വഴിക്ക് എന്താ കാര്യം എന്ന് പോലും അന്വേഷിക്കാതെ ഇമ്മടെ മൊതല് വക്കാലത്തിനു പുറപ്പെട്ടു മുള്ളൻകൊല്ലിയിലേക്ക് !!!

ചെക്കനെ തല്ലിയത് ചോദിച്ച് വേലായുധനെ രണ്ടെണ്ണം പൊട്ടിച്ച് പെട്ടന്ന് തന്നെ അടുത്ത വള്ളം പിടിച്ച് അക്കരെ കടക്കണം എന്ന് വിചാരിച്ച് വന്നപ്പോഴോ !!!

ദാ അടുത്ത പോസ്റ്റ് !!!

വേലായുധൻ മുള്ളൻകൊല്ലിപുഴയിൽ കെട്ടിത്താഴ്ത്തിയ ചാരായം പൊക്കാൻ പോയിരിക്കുന്നു !!!

ഇനിയിപ്പോ എന്താ ചെയ്യാ !!!

എന്തായാലും മര്യാദ ഉള്ള നാട്ടാരെല്ലാം കൂടി പുള്ളിക്ക് ഇരിക്കാൻ ഒരു കസേര അങ്ങട്ട് ഇട്ടു !!!

അതും കൂടി കിട്ടിയില്ലെങ്കിൽ വേലായുധനെ കാത്ത് നിന്ന് കാലിന്റെ ഉപ്പൂറ്റി നീര് വന്ന് വീർത്തേനെ !!!

ആ കസേരയിൽ വേലായുധനേം കാത്തിരുന്നപ്പോൾ പുള്ളി വെറുതെ ഒന്ന് തന്റെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കി ,,,

ഇതെന്താണപ്പാ ഇമ്മക്ക് മാത്രം ഇങ്ങനെ ???

അന്ന് അങ്ങാടീല് മഴയത്ത് പോസ്റ്റ്‌ !!! ഇന്നിപ്പോ മുള്ളൻകൊല്ലി ഷാപ്പിലും പോസ്റ്റ്‌ !!!

ഒന്നുമില്ലേലും താൻ ഒരു ഗുണ്ടയല്ലേ ???

ഇമ്മടെ സമയത്തിന് ഒരു വിലയും തരാത്ത കൃത്യനിഷ്ടയില്ലാത്ത നായകവർഗ്ഗങ്ങളെ ആലോചിച്ചപ്പോൾ അയാളുടെ മനസ്സാകെ കലങ്ങി !!!അയാളുടെ ശരീരത്തെ മനസ്സ് തളർത്തി !!!

ആ ഗ്യാപ്പിൽ വേലായുധൻ സ്ഥലത്തെത്തി അയാളെ എടുത്തിട്ട് വീണ്ടും പെരുക്കി !!!

മാനസികമായി തളർത്തിയതിനു ശേഷം കയ്യൂക്ക് കാണിച്ച് തോൽപ്പിക്കുക !!!

ഇതൊക്കെ എന്ത് യുദ്ധനീതിയാണ് പടച്ച തമ്പുരാനെ എന്ന് അടികൊണ്ട് മണ്ണിൽ പെനയുമ്പോൾ അയാൾ ഓർത്തു !!!

അവിടെയും അയാൾക്ക്‌ തോൽവി !!!

പക്ഷേങ്കില് , “ചെങ്കളം മാധവൻ “എന്നു”കുറ്റിച്ചിറ പപ്പൻ “എന്നും വിവിധ പേരുകളിൽ അറിയപ്പെട്ട വീരയോദ്ധാവേ ,,, ആര് വില തന്നില്ലെങ്കിലും ഇമ്മളെപ്പോലെ സമയത്തിന് വില കല്പിക്കുന്ന നാടൻ ഗുണ്ടകളുടെയുള്ളിൽ അങ്ങയുടെ സ്ഥാനം എന്നും വലുതായിരിക്കും !!!!

മറ്റുള്ള ഗുണ്ടകളിൽ നിന്നും ചെങ്കളത്തിനു മാത്രം ഉണ്ടായിരുന്ന സവിശേഷതകൾ ചുവടെ ചേർക്കുന്നു ……….


**കുട്ടികൾക്കു മുന്നിൽ വച്ച് അക്രമം നടത്താറില്ല ,,,അങ്ങാടിയിൽ പത്ത് തലമൂത്തവർ കാൺകെ അഭ്യാസം നടത്തിയാണ് ശീലം !!!

**മാന്യമായ വസ്ത്രധാരണം ,,ഗുണ്ടയാണ്‌ എന്ന് വച്ച് തോന്നിയ പോലെ ജെട്ടിപ്പുറത്തും മുണ്ട് തലേക്കെട്ടിയും നടക്കാറില്ല (അതിപ്പോ പടക്കളത്തിൽ നിന്നും മുണ്ടൂരി ഓടേണ്ടി വന്നാലും )

**നായകനെ ഡോമിനേറ്റ് ചെയ്യാൻ വേണ്ടി നായകനെ കാണുന്ന മാത്രയിൽ തന്നെ സ്വന്തം വലത്തെ കാൽ അടുത്തുള്ള തിണ്ണയിലോ ,,കസേരയിലോ ,,സ്റ്റൂളിലോ കയറ്റി വച്ചൊരു നില്പുണ്ട് !! (ജഗന്നാഥന്റെ മുന്നിലെ ആ നിൽപ്പും എട്ടു കൊല്ലം കഴിഞ്ഞ് വേലായുധന്റെ മുന്നിലുള്ള ആ നിൽപ്പും ശ്രദ്ധിച്ചാൽ മനസിലാക്കാം അത്രയും വർഷം കഴിഞ്ഞിട്ടും അയാൾ തന്റെ ശൈലി മാറ്റിയിട്ടില്ല എന്ന് )

**അന്നും ഇന്നും നീളൻ ജുബ്ബ പോലുള്ള ചോപ്പ് ഷർട്ടും കഞ്ഞിപ്പശ മുക്കിയ വെള്ളമുണ്ടും ധരിക്കാൻ ആണ് പൊതുവെ ഇഷ്ടം !!!

ഒറ്റപേജിൽ പറഞ്ഞാൽ തീരുന്നതല്ല ചെങ്കളം മാധവൻ എന്ന കൃത്യനിഷ്ട നിറഞ്ഞ ഗുണ്ടയുടെ ചരിത്രം !!!

തല്ലാനുള്ളവനെ ഇരുട്ടത്ത് മറഞ്ഞു നിന്നടിച് ശീലമില്ലാത്ത ,,, എത്ര വലിയ കൊമ്പൻ ആയാലും നേർക്ക് നേർ പോരാടി ശീലമുള്ള ചെങ്കളം മാധവന്റെ ആ പ്രതാപകാലത്തിന്റെ ഓർമയ്ക്ക് ………

എ “ഏട്” ഫ്രം

“ചെങ്കളം ഡയറീസ് “

Thozhuthuparambil Ratheesh Trivis

Trending

To Top
error: Content is protected !!