ARTICLES

“അശുദ്ധ സിനിമയും വിശുദ്ധ സിനിമയും.!!! ദിലീപും മഞ്ജു വാര്യരും സ്ക്രീനിലെത്തിയതോടെ ഞാൻ സിനിമയുടെ ലോകത്തേക്കു കയറി..!!

അശുദ്ധ സിനിമയും വിശുദ്ധ പ്രസംഗവും.സിനിമയും ടിവിയുമൊക്കെ നിഷിദ്ധമായ ഒരു സമൂഹത്തെപ്പറ്റി കേട്ടിട്ടുണ്ടോ..? ഒന്നല്ല ഒരുപാടുണ്ട് അവർ.. നേരനുഭവങ്ങളിൽ ചിലത്.ആദ്യമേ പറഞ്ഞുകൊള്ളട്ടെ, ഇത് ഹലാൽ ലൗസ്റ്റോറിയുടെ റിവ്യൂവോ ആസ്വാദനക്കുറിപ്പോ ഒന്നുമല്ല.

കുറെക്കാലമായി എഴുതണമെന്നു കരുതിയ കാര്യങ്ങളെല്ലാം കൂടി ഇപ്പോൾ കലങ്ങിമറിഞ്ഞ് മുകളിലേക്കു വരാൻ കാരണം ഒരൊറ്റ സിനിമയാണ്‌. ഹലാൽ ലൗ സ്റ്റോറി. സിനിമയെയും അതിന്റെ രാഷ്ട്രീയത്തെയും വിസ്താരഭയത്താൽ തൊടാതെ വിടുന്നു.

സിനിമ വിശ്വാസികൾക്ക് നിഷിദ്ധമാണോ എന്ന ചോദ്യം ഉയർന്നുവരുന്നത് മുസ്ലിം സമുദായത്തിൽ മാത്രമല്ലെന്ന് നിങ്ങൾ മനസ്സിലാക്കണം. അച്ചായന്മാർ അല്ലെങ്കിൽ ക്രിസ്ത്യാനികളെന്ന് വിളിക്കുന്ന കൂട്ടത്തിലും പല വിഭാഗങ്ങൾ സിനിമാവിരുദ്ധ വിശ്വാസത്തിന്റെ തീവ്രതയിലെ ഏറ്റക്കുറച്ചിലുകൾ കൊണ്ടു മാത്രം പല കളറിൽ നിൽപ്പുണ്ട്.

സിനിമയെന്നാൽ മൂക്കത്ത് കൈവെക്കുന്ന, വായ പൊത്തുന്ന, സിനിമാപ്പാട്ടുകൾ കേട്ടാൽ നരകത്തിൽ പോകുമെന്നു വരെ പഠിപ്പിച്ചിരുന്ന വിഭാഗങ്ങൾ ക്രൈസ്തവർക്കിടയിലുണ്ട്. പെന്തെക്കോസ്ത് സമൂഹം തന്നെയെടുക്കാം.

ഞാൻ ജനിച്ചുവളർന്നത് ഒരു പെന്തെക്കോസ്ത് വിശ്വാസികുടുംബത്തിലാണ്‌. ദ് പെന്തെക്കോസ്ത് മിഷൻ (TPM) എന്ന സഭയിലായിരുന്നു അപ്പനും വല്യമ്മച്ചിയുമൊക്കെ. അമ്മ ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (IPC) എന്ന വിഭാഗത്തിൽ നിന്നു വന്നയാളും.

ഈ രണ്ടു സഭകൾക്കിടയിൽ തന്നെ ഉപദേശസംബന്ധമായ കുറെയേറെ വൈരുദ്ധ്യങ്ങൾ നിലനിൽക്കെ സിനിമയോടുള്ള അകൽച്ച വളരെ ശക്തമായിരുന്നു. ടിപിഎമ്മിലായിരുന്നു ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാതിരുന്നത്.

അവരുടെ വിശ്വാസപ്രമാണങ്ങൾ തന്നെ ക്രൈസ്തവരിലെ കടുത്ത വിശ്വാസികളായ ഇതര പെന്തെക്കോസ്ത് സമൂഹങ്ങൾക്കു പോലും അപ്രാപ്യമെന്ന് തോന്നിക്കുന്ന തരത്തിലുള്ളവയായിരുന്നു. അതിൽ പലതും അലിഖിതനിയമങ്ങളാണെങ്കിലും സഭാംഗങ്ങൾ അണുവിട മാറാതെ അവ പാലിച്ചുപോന്നിരുന്നു.

ഉദാഹരണത്തിന്‌: അസുഖം വന്നാൽ ചികിൽസിക്കരുത്; പ്രാർത്ഥിച്ച് സൗഖ്യം നേടണം, മേൽമീശ വെക്കാൻ പാടില്ല; ക്ളീൻ ഷേവ് തന്നെ വേണം, സിനിമാപ്പാട്ടുകളോ ലളിതഗാനമോ ഒന്നും കേൾക്കാൻ പാടില്ല, ടിവി കാണാൻ പാടില്ല; വീടുകളിൽ ടിവി ഉപയോഗിക്കരുത് (എന്റെ അപ്പന്റെ സഹോദരങ്ങളിൽ ഒരാളുടെ വീട്ടിൽ എൺപതുകളിൽ തന്നെ ടിവിയുണ്ടായിരുന്നു, പക്ഷേ അവർ കടുത്ത വിശ്വാസികളായതിനു ശേഷം ഇപ്പോൾ ആ വീട്ടിൽ ടിവിയില്ല.. )

ടിവി കാണരുതെന്ന് പറയുന്ന ഒരു സമൂഹത്തിൽ സിനിമ എത്രത്തോളം അകലെയായിരിക്കുമെന്ന് ഊഹിക്കാമല്ലോ.

എന്റെ അപ്പൻ 1970കളുടെ തുടക്കത്തിൽ തന്നെ ഇലക്ട്രോണിക്സ് പഠിച്ച് അതിന്റെ സർവീസിങ്ങും മറ്റും തുടങ്ങിയ ആളാണ്‌, 1980കളുടെ തുടക്കത്തിൽ വീഡിയോഗ്രാഫറായ ആളാണ്‌..

പക്ഷേ എന്റെ വീട്ടിൽ ഒരു ടിവി വന്നത് അപ്പൻ മരിച്ച് രണ്ടു കൊല്ലം കഴിഞ്ഞാണ്‌.. 2015ൽ..! ഞാനും എന്റെ അനിയന്മാരും ടിവിയിൽ ക്രിക്കറ്റ് കാണാൻ പോലും അയലത്തെ വീടുകളിലായിരുന്നു പോയിരുന്നത്.

അപ്പന്‌ സിനിമയോട് താല്പര്യമുണ്ടായിരുന്നു. സിനിമാ ഗാനങ്ങൾ കേൾക്കുമായിരുന്നു, വയലാറിനെയും പി.ഭാസ്കരനെയും ഓ.എൻ.വിയെയും അവരുടെ ഗാനങ്ങളെയുമൊക്കെ ഇഷ്ടമായിരുന്നു.നേരത്തേ പറഞ്ഞ പേരപ്പന്റെ വീട്ടിൽ പോകുമ്പോഴായിരുന്നു ടിവിയിൽ ഒരു സിനിമയൊക്കെ കാണാനുള്ള അവസരമൊക്കെ കിട്ടുന്നത്.

അങ്ങനെ ആദ്യമായി കണ്ട മുഴുനീള സിനിമയാവട്ടെ (ദേവൻ നായകനായ) ‘സൈമൺ പീറ്റർ നിനക്കു വേണ്ടി’ ആയിരുന്നു. പക്ഷേ ഞങ്ങൾക്കാർക്കും തിയേറ്ററിൽ പോയി ഒരു സിനിമ കാണാനുള്ള അനുവാദമുണ്ടായിരുന്നില്ല.

ഒമ്പതാം ക്ലാസ്സിലെ വല്യപരീക്ഷ കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ അതുവരെ എന്നോടു വലിയ പ്രതിപത്തിയൊന്നുമില്ലാതിരുന്ന സിജു കുര്യൻ എന്ന കൂട്ടുകാരനാണ്‌ എന്നെ ഒരു സിനിമ കാണാൻ ക്ഷണിച്ചത്.

ദീപാ തിയേറ്ററിൽ പോയി രണ്ട് സെക്കൻഡ് ക്ളാസ്സ് ടിക്കറ്റെടുത്തു. ആരെങ്കിലും കാണുന്നുണ്ടോ എന്ന പരിഭ്രമത്തോടെ ഞാൻ അരുതാത്തതെന്തോ ചെയ്യുന്ന ചങ്കിടിപ്പുമായി അവനൊപ്പം തിയേറ്ററിന്റെ ഇരുട്ടിലേക്കു കയറി. സിനിമ തുടങ്ങി… ഈ പുഴയും കടന്ന്. അതായിരുന്നു സിനിമ.

ദിലീപും മഞ്ജു വാര്യരും സ്ക്രീനിലെത്തിയതോടെ ഞാൻ സിനിമയുടെ ലോകത്തേക്കു കയറി. മാറ്റാരുടെയും ഇടപെടലുകളില്ലാതെ, ടിവി കാണുമ്പോൾ അടുത്തിരുന്നു കേൾക്കുന്ന കമന്റുകളോ വായ്ത്താരിയോ ഇല്ലാതെ ഞാനൊരു സിനിമ കണ്ടു.

കഥാപാത്രങ്ങളോടൊപ്പം ആ ഗ്രാമത്തിലേക്കു കടന്നുചെന്ന് അവരോടൊപ്പം പുഴയോരത്തും മൺപാതകളിലുമൊക്കെ നടന്നു, അവരുടെ പ്രണയം ഞാൻ അനുഭവിച്ചു, അവരുടെ നൊമ്പരങ്ങളിൽ കണ്ണു നനച്ചു… സിനിമയെന്നാൽ എന്താനെന്ന് ഞാൻ മനസ്സിലാക്കിത്തുടങ്ങിയത് അങ്ങനെയായിരുന്നു.

എങ്കിലും തിയേറ്ററിൽ പോയി ഒരു സിനിമ കണ്ടു എന്ന് വീട്ടിൽ പറയാൻ എനിക്കു ധൈര്യം തോന്നിയില്ല. അപ്പനെക്കാളും അമ്മയെയായിരുന്നു അക്കാര്യത്തിൽ എനിക്കു പേടി.ഏതാനും വർഷങ്ങൾ കഴിഞ്ഞ് കോളേജ് പഠനകാലത്ത് എന്റെ പോക്കറ്റിൽ നിന്നും സിനിമാ ടിക്കറ്റ് കിട്ടിയെന്ന പേരിൽ വീട്ടിൽ വലിയ കോലാഹലമുണ്ടായി.

പൊതിരെ തല്ലുകിട്ടി. നിങ്ങൾക്ക് ഒരു പക്ഷേ അതിശയോക്തിയായി തോന്നിയേക്കാം, ഒരു സിനിമ കണ്ടതിന്റെ പേരിൽ എന്തിനാണ്‌ തല്ലു വാങ്ങുന്നതെന്ന്.. അതേ അമ്പരപ്പിലാണ്‌ ഞാൻ അന്നും ഇന്നും. പ്രായം നാല്പതോടടുക്കുന്ന ഈ സമയത്തും ഞാൻ തിയേറ്ററിൽ പോയെന്നു കേൾക്കുമ്പോൾ എന്റെ അമ്മയുടെ മുഖം ചുളിയും.

ടിവിയിൽ വരുന്ന ഒരു സിനിമ കാണാനിരുന്നാൽ അതിന്റെ പേരിൽ ഭള്ളു കേൾക്കും. അമ്മയെ കുറ്റപ്പെടുത്തിയതല്ല, അമ്മ ഉൾപ്പെട്ടു നിൽക്കുന്ന, ഞാൻ പുറത്തു ചാടിയ ഒരു സമൂഹത്തിന്റെ വികലമായ വിശ്വാസങ്ങളുടെ നടപ്പുരീതിയും നടപ്പുദോഷവുമാണത്.

1990കളുടെ അവസാനത്തോടെ ടിപിഎം സഭയിൽ ടിവി വിരുദ്ധ ഉപദേശങ്ങൾ കൂടുതൽ ശക്തമായി. വിവാഹച്ചടങ്ങുകളിൽ വീഡിയോഗ്രഫി പാടില്ലെന്ന ഉത്തരവു പോലും അവരുടെ മേലാവിൽ നിന്ന് വന്നു.

(വിവാഹച്ചടങ്ങുകളിൽ വെള്ള നിറമുള്ള വസ്ത്രങ്ങൾ മാത്രമേ ധരിക്കാൻ പാടുള്ളൂ, അതിൽ തന്നെ വരൻ വെള്ള ഷർട്ടും മുണ്ടും, വധു ഫുൾ സ്ലീവ് ബ്ളൗസും, വെള്ള സാരിയും, നേരിയ ഡിസൈനുള്ള വസ്ത്രങ്ങൾ പോലും ധരിക്കാൻ പാടില്ല എന്നൊക്കെയുള്ള കടുംപിടുത്തങ്ങൾ ഇവർക്കിടയിലുണ്ടായിരുന്നു.

അടുത്തകാലത്ത് എന്റെ കസിന്റെ കല്യാണത്തിനും ഇതിന്റെ ചില ബാക്കിപത്രങ്ങൾ കാണാനിടയായി.) മീശയുള്ളവരും ടിവി കാണുന്നവരുമാണ്‌ ലോകത്തേറ്റവും വലിയ പാപികളെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇഹലോക തിന്മകളായ ടി സാധനങ്ങൾക്കെതിരേ ചില തല മൂത്ത പാസ്റ്റർമാരുടെ നേതൃത്വത്തിൽ യുദ്ധം തുടങ്ങി.

ആ കൂട്ടത്തിലാണ്‌ എന്റെ പേരപ്പന്റെ വീട്ടിലേതടക്കം (അക്കാലത്തെ ഒരു പുത്തൻ 29 ഇഞ്ച് ടിവി) പല വീടുകളിലെയും ടിവി ആക്രിക്കാർ കൊണ്ടുപോയത്.

ടിവി, സിനിമാ വിരുദ്ധ പ്രസംഗങ്ങൾ കേൾക്കുമ്പോൾ സഭയിലെ ഇളംതലമുറയിൽപ്പെട്ട ഭൂരിഭാഗം ബ്രോയിലറുകളിൽ അബദ്ധവശാൽ പെട്ടുപോയ ഒരു ന്യൂനപക്ഷം ‘ഫ്രഷ് ഫ്രഷേ..’

എന്നു വിളിച്ചതു കേട്ടിട്ടാവണം ടിവി-സിനിമാ-മീശത്രയങ്ങളിൽ കുരുങ്ങിക്കിടന്ന പ്രസംഗങ്ങളും കുത്തിപ്രസംഗങ്ങളും പുതിയ ടൈറ്റിലുമായി വന്നു. അങ്ങനെ പുതിയ പ്രസംഗം റിലീസായി: “കമ്പ്യൂട്ടർ സാത്താനാണേ..

ഇന്റർനെറ്റ് അവന്റെ വലയാണേ.!” അതോടെ അന്യായ കാശുമുടക്കി പിള്ളേരെ പഠിപ്പിക്കാൻ കമ്പ്യൂട്ടർ വാങ്ങിയവർ വരെ പെട്ടു. പലരും കർശനമായ മേൽനോട്ടത്തിൽ മാത്രം മക്കളെ കമ്പ്യൂട്ടറുപയോഗിക്കാൻ അനുവദിച്ചു, ചിലർ അതും സമ്മതിക്കാതെ പിള്ളേരെ വലച്ചു.

ഇതൊക്കെയാണെങ്കിലും ടിപിഎമ്മിന്റെ പല പ്രധാന കേന്ദ്രങ്ങളിലും കമ്പ്യൂട്ടർ കടന്നുവന്നു. ഏറ്റവുമൊടുവിലായി കേട്ടത്, ദുരാത്മാവു ബാധിച്ചതെന്ന പേരിൽ ഒരു പയ്യന്റെ തലയിൽ കൈ വെച്ചു പ്രാർത്ഥിച്ച പാസ്റ്റർ അവനോടു ചോദിച്ചു.

“ആരാ നീ… സത്യം പറ..!”ക്ളോസ് പ്രോക്സിമിറ്റിയിൽ മുഖത്തേക്ക് വിശുദ്ധ തുപ്പൽ പറന്നിട്ടും യാതൊരു ചളിപ്പും കൂടാതെ ദുരാത്മാവ് ഉത്തരവും കൊടുത്തുവത്രേ..“ഫേസ്ബുക്ക്… ഫേസ്ബുക്ക്..”ഇതൊക്കെയാണെങ്കിലും പെന്തെക്കോസ്തിലെയും സമാനമായ മറ്റു ചില വിഭാഗങ്ങളിൽ നിന്നും സിനിമാ രംഗത്തേക്ക് പലരും കടന്നുവന്നുകൊണ്ടിരുന്നു.

നിർമ്മാതാക്കളായ ടോം ജോർജ്ജ് കോലത്ത്, സന്തോഷ് ടി കുരുവിള, സംഗീത സംവിധായകരിൽ സ്റ്റീഫൻ ദേവസ്സി, സാംസൺ കോട്ടൂർ എന്നിവരും അവരിൽ ചിലർ മാത്രം.. ഇവർക്കെതിരെയും വിമർശനങ്ങൾ ഉയർന്നു വരാറുണ്ട്. സ്റ്റീഫനെതിരേ സൈബർ അറ്റാക്കിനു പോലും ആഹ്വാനം ചെയ്ത വിശ്വാസിവീരന്മാരുണ്ട്.

2000ന്റെ തുടക്കത്തോടെ ടിവി പ്രഭാഷണങ്ങൾ വേണമെന്ന ആവശ്യം മറ്റു പെന്തെക്കോസ്ത് വിഭാഗങ്ങളിൽ ശക്തമായി. അങ്ങനെ പലരും സെക്കുലർ ചാനലുകളിൽ ടൈം സ്ളോട്ട് വാങ്ങി പ്രഭാഷണം തുടങ്ങി. ടിവിയോട് അയിത്തം കല്പിച്ചവർക്ക് ടിവിയിൽ വരുന്ന പ്രഭാഷണങ്ങളും പ്രസംഗങ്ങളും വിശുദ്ധ പ്രസംഗങ്ങളായി മാറി.

ഐപിസി സഭക്കാർ പവർവിഷൻ ചാനൽ തുടങ്ങിയതോടെ ചെറുതും വലുതുമായ ചാനലുകളും ഇന്റർനെറ്റ് ടിവികളുമൊക്കെ (ടിപിഎം ഒഴികെയുള്ള) പെന്തെക്കോസ്തുകാർക്കിടയിൽ സർവ്വസാധാരണമായിത്തുടങ്ങി.

അവരിൽ പല സഭകളും ലോക്ക്ഡൗൺ കാലത്ത് സഭാമീറ്റിങ്ങുകൾക്ക് സൂം പോലെയുള്ള സങ്കേതങ്ങൾ ഉപയോഗിച്ചു തുടങ്ങിയിട്ടും ആദ്യം പറഞ്ഞ വിഭാഗം ദൃശ്യമാധ്യമങ്ങളോടുള്ള വിരോധം ഒട്ടും കുറയ്ക്കാതെ നിലകൊള്ളുന്നു.പറഞ്ഞുവന്നത് മറ്റൊന്നുമല്ല.

സിനിമയെ നിഷിദ്ധമായും, അശുദ്ധമായുമൊക്കെ കാണുകയും, അത് കാണുന്നവരെ നികൃഷ്ടരും അധമരുമായി കരുതുകയും ചെയ്യുന്നവർ കേവലം ഒരു മതമോ വിഭാഗമോ മാത്രമല്ല. പല കൂട്ടങ്ങളിലും കുടുംബങ്ങളിലുമായി പതിനാറാം നൂറ്റാണ്ടിന്റെ തട്ടുമ്പുറത്തു കിടക്കുന്ന കുറെയേറെ മനുഷ്യരാണ്‌…

രൂപം കൊണ്ടെങ്കിലും നമ്മോട് സാദൃശ്യമുള്ളവർ.ഇക്കണ്ട കാലമത്രയും ഞാൻ സിനിമയെടുക്കാനോ അതു സംബന്ധിച്ച ജോലികളിൽ പങ്കെടുക്കാനോ ശ്രമിച്ചിട്ടുണ്ടെങ്കിൽ അത് എന്റെ ആത്മാവിഷ്കാരത്തിനോ, ആഗ്രഹപൂർത്തീകരണത്തിനോ മാത്രമല്ല.

ഞാൻ പോരടിച്ചു വളർന്ന വ്യവസ്ഥിതിയോടുള്ള കലഹവും മറുപടിയും കൂടിയാണ്‌. എന്തു വില കൊടുത്തും അത് നേടാനാണ്‌ തീരുമാനവും..

PS: എന്നെ നടുക്കിയ ഒരു സംഭവമുണ്ട്. രണ്ടുകൊല്ലം മുമ്പ് എന്റെ കസിൻ അനിയൻ പറഞ്ഞത്. അവൻ ബാംഗ്ളൂരിൽ ഒരു ഇന്റേൺഷിപ്പിനു ചെന്നപ്പോൾ ടിപിഎം വിശ്വാസികളായ ഒരു മലയാളി ഫാമിലിക്കൊപ്പമാണ്‌ താമസിച്ചത്. റിട്ടയേഡ് ജീവിതം നയിക്കുന്ന ഭാര്യാഭർത്താക്കന്മാർ. അവർക്കൊപ്പം അവരുടെ മകളുടെ മകനുമുണ്ട്. ഏഴാം ക്ളാസ്സിലോ മറ്റോ പഠിക്കുന്ന ഒരു പയ്യൻ. അവന്‌ സിനിമ എന്നൊരു കാര്യം എന്താണെന്നു പോലും അറിഞ്ഞുകൂടാ.

മാസത്തിലൊരിക്കൽ എന്തോ ഔദാര്യം പോലെ അവനെ ടിവി കാണാൻ അനുവദിക്കും.. പക്ഷേ ആ വീട്ടിൽ കേബിൾ കണക്ഷനോ, ഡിടിഎചോ ഒന്നുമില്ല. പിന്നെന്താണ്‌ അവൻ ടിവിയിൽ കാണുന്നതെന്നല്ലേ.. അവ്ന്റെ അമ്മയുടെ സഹോദരന്റെ കല്യാണത്തിന്റെ വീഡിയോ..! ഒന്നാലോചിച്ചു നോക്കൂ ആ കുട്ടിയുടെ അവസ്ഥ..?

സ്വന്തം അനുഭവങ്ങളിൽ നിന്നുള്ള കാര്യങ്ങളാണ്‌ എഴുതിയത്. മേൽപ്പറഞ്ഞ വിഭാഗത്തിലുള്ള ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. അങ്ങനെ സംഭവിച്ചാൽ നിർവ്യാജം ഖേദിക്കുന്നു. വിയോജിപ്പുകളുണ്ടെങ്കിൽ രേഖപ്പെടുത്താം, സംവദിക്കാം. ഭീഷണിയോ തെറിവിളിയോ ഉണ്ടെങ്കിൽ കണ്ണാടിയിൽ നോക്കി സംഗതി നിർവഹിച്ചുകൊള്ളാൻ താല്പര്യപ്പെടുന്നു

Jubin Jacob Kochupurackan

Trending

To Top
error: Content is protected !!