ARTICLES

“അജയ് വാസുദേവണ്ണനും വൈശാഖ് അണ്ണനും മലയാളത്തിൽ മാസ്സ് കാണിക്കാൻ ഞങ്ങളെ കൊണ്ടു വന്നു!!!..”

പ്രിയപ്പെട്ട സിനിമാപ്രേമികളെ …ഞാൻ സ്കോർപിയോ… അതിന് ഞങ്ങൾ എന്ത് വേണമെന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത് അല്ലേ..അത് പറയാം.. നായകന്റെ തീപാറുന്ന ഡയലോഗുകളും, അതിനൊത്ത ബാക്ക്ഗ്രൗണ്ട് സംഗീതവും, തകർപ്പൻ ഷോട്ടുകളും.

എല്ലാമായി സ്ക്രീനിലേയ്ക്ക് നിങ്ങൾ കണ്ണു നട്ടിരിക്കുമ്പോഴാണ് പതിവായി ഞങ്ങൾ വരാറുള്ളത്.. ചിലർ ഞങ്ങളെ സ്ലോ മോഷനിൽ കാണിക്കും ചിലരാകട്ടെ ഹൈ സ്പീഡിലും…

പിന്നെ വടിവാളും കൊടുത്ത് കൊറച്ച് എണ്ണത്തെ ഞങ്ങളുടെ ഡോറിലൂടെ പുറത്തേയ്ക്ക് തല ഇടീച്ച് ടാാാാാാാാ.. എന്ന് തൊണ്ട കീറി വിളിയിപ്പിച്ച് മാസ് കാണിക്കാൻ നോക്കും…

എന്നാൽ ഫലത്തിൽ വരുമ്പോഴോ തൃശൂർ പൂരത്തിന്റെ കുടമാറ്റവും വെടിക്കെട്ടും ഒന്നിച്ചെത്തിയത് പോലെ നായകൻ അവൻമാരുടെ നെഞ്ചത്ത് ‘മാസ്സ് കാ ബാപ്‌’ നടത്തും.

അതിന്റെ പരണിതഫലമായി ഞങ്ങളുടെ ഗ്ലാസ് പൊട്ടും, ഡോർ വായിവിലൂടെ കിലോമീറ്ററുൾ തെറിക്കും, പപ്പടം പൊടിയുന്ന അവസ്ഥയാവും എനിക്ക്..

എന്നാലും സ്കോർപിയോ എന്നുള്ള വിളി കേൾക്കുമ്പോൾ ഈ ക്ഷീണം എല്ലാം അങ്ങ് മാറു… തമിഴ് സിനിമയിൽ ഒരു കാലത്ത് സ്ഥിരം ചതഞ്ഞരയാൻ വിധി ടാറ്റാ സുമോകൾക്കായിരുന്നു..

പിന്നെ പതിയെ അത് ഞങ്ങളിലേയ്ക്ക് വന്നു… ചില മാസ് മാഹാ നടൻമാരെല്ലാം ചുമ്മാ കത്തി കൊണ്ട് ടയറിൽ പോറുമ്പോഴെക്കും ഞങ്ങളോട് സംവിധായകരും ഫൈറ്റ് മാസ്റ്ററും പറഞ്ഞിരിക്കുന്നത് ആകാശത്തൂടെ ഉയർന്ന് പൊങ്ങി തലയും കുത്തി വീഴണമെന്നാണ്…

ചിലരാണങ്കിൽ ഞങ്ങളെ കത്തിച്ചു കളയലാണ് മെയിൻ.. അങ്ങനെ തട്ടിമുട്ടി പോവുമ്പോഴാണ്,

അജയ് വാസുദേവണ്ണനും, വൈശാഖണ്ണനെല്ലാം മലയാളത്തിലേയ്ക്ക് മാസ് കാട്ടാൻ ഞങ്ങളെ വിളിച്ചത്…. ആ വിളി ഒരു പ്രതീക്ഷയുണ്ടായിരുന്നു ഞങ്ങൾക്ക്.. ‘ആരാണ് ഒരു മാറ്റം ആഗ്രഹിക്കാത്തത്’പക്ഷെ പണി നൈസായി പാളി..

ഉയര്‍ന്നു പൊങ്ങിയും ഒറ്റകാലിൽ വട്ടം ചുറ്റിയും വാഹനങ്ങൾക്ക് മുകളിൽ കയറി സാഹസികത കാട്ടിയും വില്ലന്മാരെ അടിച്ച് നിലം പരിശാക്കുന്ന ഹീറോകളെ ഞങ്ങൾ ഇവിടെയും കണ്ടും.. വീണ്ടും വീണ്ടും ഞങ്ങളുടെ ഗ്ലാസുകൾ പൊട്ടി.. ഡോറുകൾ തകർന്നു, ടയറുകൾ പഞ്ചറായി….ശങ്കരന്‍ പിന്നെയും തെങ്ങില്‍ തന്നെ…..

ഇപ്പോൾ പിന്നെ കുറെ മാസങ്ങളായി സമാധാനമുണ്ട്, ഈ ലോക്ക്ഡൗണ് എല്ലാം വന്നതുകൊണ്ടാവാം പഴയതുപോലെ തല്ല് മേടിക്കാനായി സിനിമക്കാര് ഞങ്ങളെ വിളിക്കാറില്ലാ.. അല്ലെലും ഇപ്പോഴത്തെ പടങ്ങളിൾ ഞങ്ങൾക്ക് വലിയ റോളില്ലാ താനും, പുതിയ കഥയും കഥപറച്ചിൽ രീതിയുമാണല്ലോ എല്ലാവരും തേടുന്നത്……..

എന്നാ പിന്നെ ഞാൻ നിർത്തുവാണ്… കുറെ നാളായി പണിയില്ലാതെ ഇരിക്കുന്നത് കൊണ്ടാവും നല്ല ക്ഷീണമുണ്ടേ, പാട്സുകൾ എല്ലാം നശിച്ചു, തുരുമ്പ് എടുത്ത് തുടങ്ങി,, മഴയും വെയിലും അടിച്ച് നിറമെല്ലാം മങ്ങിയോ എന്ന് സംശയമുണ്ട്…. അപ്പോൾ എന്നേലും ഏതേലും പടത്തിൽ നമ്മുക്ക് കാണാമായിരിക്കും എന്ന് സ്നേഹത്തോടെ സ്കോർപിയോ…

– Manu Varghese

Trending

To Top
error: Content is protected !!