മോഡലിംഗ് രംഗത്ത് സജീവമായത് എട്ടാം ക്ലാസ് മുതല്‍. ഇപ്പോള്‍ വെബ് സീരിസിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി

വിദ്യാസാഗര്‍ ഈണം നല്‍കിയ പാട്ടുകള്‍ ഇഷ്ടം അല്ലാത്തവര്‍ ആയി ആരും കാണില്ല. ഒരു പാട്ടിന്റെ മുഴുവന്‍ ഫീലും നമ്മുക്ക് കിട്ടും എന്നതില്‍ ഒരു സംശയവും ഇല്ല. പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്നേ ഇറങ്ങിയ ഗോള്‍ എന്ന ചിത്രത്തില്‍ ദേവാനന്ദും ശ്വേതാ മോഹനും ചേര്‍ന്നു പാടിയ എന്താണെന്നോടൊന്നും ചോദിക്കല്ലേ ചോദിക്കല്ലേ മറ്റാരും കാണാതെന്നോടെന്തോ മെല്ലെ ചൊല്ലാനില്ലേ എന്ന ഗാനം ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗാനങ്ങളില്‍ ഒന്നാണ്. കമല്‍ സംവിധാനം ചെയ്ത് യുവത്വം ആഘോഷമാക്കിയ ചിത്രങ്ങളാണ് നിറം, നമ്മള്‍, സ്വപ്നക്കൂട് ഒക്കെ. ഈ സിനിമകള്‍ക്ക് ശേഷം സ്‌കൂള്‍ വിദ്യാര്‍ഥികളെ പ്രധാന കഥാപാത്രങ്ങള്‍ ആക്കി ചിത്രീകരിച്ച സിനിമ ആയിരുന്നു ഗോള്‍.

ബോക്‌സ്ഓഫീസില്‍ ചിത്രം വലിയ വിജയം നേടിയിലെങ്കിലും ഇതിലെ പാട്ടുകള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റ് തന്നെ ആയിരുന്നു. ചിത്രത്തില്‍ ഒരു പുതുമുഖ നായകനെയും നായികയെയും ആണ് കമല്‍ പരിചയപ്പെടുത്തിയത്. നായകനായി അരങ്ങേറ്റം കുറിച്ച ആ നടനാണ് രജിത് മേനോന്‍. പിന്നീട് രജിത് മേനോനെ നമ്മള്‍ നിരവധി ചിത്രങ്ങളില്‍ കണ്ടിട്ടുമുണ്ട്. ഡോക്ടര്‍ ലൗ, സെവന്‍സ്, ജനകന്‍ എന്നീ ചിത്രങ്ങള്‍ വഴി രജിത് നമ്മുക്ക് പരിചിതനാകുകയും ചെയ്തു. എന്നാല്‍ കമല്‍ അവതരിപ്പിച്ച നായിക മലയാളി അല്ലായിരുന്നു. ആ മുഖം പിന്നീട് മലയാളികള്‍ അധികം കണ്ടിട്ടുമില്ല. ഗോളിലെ നീതു ആയി വന്നത് സിന്ധ് സ്വദേശിയായ അക്ഷ പര്‍ദശനിയാണ്. ആ സുന്ദരിക്കുട്ടീടെ മുഖം മലയാളികള്‍ അത്ര പെട്ടെന്ന് മറക്കാന്‍ ഇടയില്ല. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അക്ഷ നീതു ആയി എത്തിയത്. തന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ഗോള്‍.

അനില്‍ കപൂര്‍ പ്രധാന വേഷത്തിലെത്തിയ മുസാഫിര്‍ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ തുടക്കം കുറിക്കുന്നത്. അക്ഷ അവതരിപ്പിച്ച കഥാപാത്രം സമീറ റെഡ്ഢിയുടെ സാം എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലമായിരുന്നു. കുറച്ചു സീനുകളില്‍ മാത്രമേ ഉള്ളു എങ്കിലും ശ്രദ്ധിക്കപെടുന്ന കഥാപാത്രമായിരുന്നു അത്. ബോംബെ സ്‌കോട്ടിഷ് സ്‌കൂളില്‍ പഠിച്ച അക്ഷ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് മോഡലിംഗ് രംഗത്തു എത്തുന്നത്. മോഡലിംഗ് തന്നെ ആയിരുന്നു നടിയുടെ വഴിത്തിരിവ്. അമ്പതിലേറെ പരസ്യ ചിത്രങ്ങളിലും നടി അഭിനയിച്ചു. ഗോള്‍ സിനിമക്ക് ശേഷം നടിക്ക് തെലുങ്കില്‍ നിന്നും അവസരം വരാന്‍ തുടങ്ങി. നിഖില്‍ സിദ്ധാര്‍ത്ഥ് നായകനായ യുവത എന്ന ചിത്രത്തില്‍ വിശാലാക്ഷി എന്ന കഥാപാത്രമായിട്ടാണ് നടി എത്തിയത്. ചിത്രം വലിയ വിജയം നേടുകയും ചെയ്തു.

റെഡ് എന്ന സിനിമയില്‍ നാനിയുടെ നായികയായും അക്ഷ പ്രേക്ഷകരുടെ മുന്നിലെത്തി. റേ റേ, കണ്ടിരീഗ, ശത്രുവു, അടി നുവ്വേ എന്നീ തെലുങ്ക് സിനിമകളില്‍ നടി അഭിനയിച്ചു. ഗോളിന് ശേഷം മറ്റൊരു മലയാള സിനിമയിലും അക്ഷയെ നമ്മള്‍ കണ്ടു. ബാംഗിള്‍സ് എന്ന അജ്മല്‍ അമീര്‍ നായകന്‍ ആയി എത്തിയ ചിത്രത്തില്‍ അതിഥിതാരമായിട്ടാണ് നടിയെ കണ്ടത്. പക്ഷെ ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയില്ല. രവിതേജ നായകനായി എത്തിയ ബംഗാള്‍ ടൈഗര്‍ എന്ന ചിത്രത്തിലെ അതിഥി വേഷവും ശ്രദ്ധിക്കപെട്ടിരുന്നു. നടി അവസാനമായി അഭിനയിച്ചത് സോണി ലിവില്‍ റിലീസായ കാഠ്മണ്ഡു കണക്ഷന്‍ എന്ന വെബ് സീരീസില്‍ ആയിരുന്നു. മോഡലിംഗ് രംഗത്തും പരസ്യ രംഗത്തും അഭിനയത്തിലും ഒക്കെ ഇപ്പോഴും സജീവമാണ് നമ്മുടെ നായിക.