മമ്മൂട്ടിയുടെ തോളില്‍ ഇരിക്കുന്ന ഡിലീറ്റ് ചെയ്ത ഫോട്ടോ വീണ്ടും പങ്കുവെച്ച് സനുഷ. ഇത്തവണ ക്യാപ്ഷന്‍ കലക്കി

ബാലതാരമായി വന്ന് ഇപ്പോള്‍ നായിക നിരയിലേക്ക് എത്തിയ നടിയാണ് സനുഷ സന്തോഷ്. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത കല്ലുകൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തിലൂടെയാണ് സനുഷ ബാലതാരമായി അരങ്ങേറുന്നത്. എന്നാല്‍ ദാദാസാഹിബ്, പറക്കും തളിക, രാവണപ്രഭു, മീശമാധവന്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് സനുഷ ശ്രദ്ധിക്കപ്പെടുന്നത്. ബ്ലെസി ആദ്യമായി സംവിധാനം ചെയ്ത കാഴ്ച എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും നടിയെ തേടിയെത്തി. ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായിട്ടാണ് നടി അഭിനയിച്ചത്. അടുത്ത വര്‍ഷവും ബാലതാരത്തിനുള്ള പുരസ്‌കാരം സനുഷയ്ക്ക് തന്നെ ആയിരുന്നു. സൗമ്യം എന്ന ചിത്രത്തിലുടെയാണ് പുരസ്‌കാരം തേടിയെത്തിയത്.

പിന്നീട് കീര്‍ത്തിചക്ര, ചോട്ടാമുംബൈ തുടങ്ങിയ ചിത്രങ്ങളിലൂടെയും നടി പ്രേക്ഷകരുടെ ഇഷ്ടം നേടി. തമിഴിലും മികച്ച വേഷങ്ങള്‍ നടിയെ തേടിയെത്തി. മിസ്റ്റര്‍ മരുമകന്‍ എന്ന ദിലീപ് ചിത്രത്തിലൂടെ നായികയായി പിന്നെ സനുഷ സന്തോഷ് അരങ്ങേറി. സക്കറിയയുടെ ഗര്‍ഭിണികള്‍, സപ്തമശ്രീ തസ്‌കര തുടങ്ങി പിന്നീട് വന്ന ചിത്രങ്ങളിലെ വേഷങ്ങളും നടി മികച്ചതാക്കി. ദേശീയ പുരസ്‌കാരം നേടിയ ജേഴ്‌സി എന്ന തെലുങ്ക് ചിത്രത്തിലും പ്രധാന വേഷത്തില്‍ സനുഷയെ എത്തിയിരുന്നു. ഇപ്പോള്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി പങ്കുവെച്ച ചിത്രവും അടിക്കുറിപ്പും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ദാദാസാഹിബ് സിനിമയിലെ ഒരു ലൊക്കേഷന്‍ ചിത്രമാണ് സനുഷ പോസ്റ്റ് ചെയ്തത്.

ചിത്രത്തില്‍ മമ്മൂട്ടിയുടെ തോളില്‍ ഇരിക്കുന്ന കുട്ടി സനുഷയെ ആണ് കാണാന്‍ കഴിയുന്നത്. ഒരു തോര്‍ത്ത് മാത്രമാണ് കുട്ടിയുടെ വേഷം. എന്നാല്‍ അധികം വൈകാതെ ചിത്രം ഇന്‍സ്റ്റാഗ്രം ഡിലീറ്റ് ചെയ്യുകയും ചെയ്തു. ചിത്രത്തിലെ കുട്ടിയ്ക്ക് മുകള്‍ വസ്ത്രമില്ലാത്തതായിരുന്നു കാരണം. എന്നാല്‍ സനുഷ വിട്ട് കൊടുത്തില്ല. വീണ്ടും ആ ചിത്രം പോസ്റ്റ് ചെയ്തു. എന്നാല്‍ ചെറിയൊരു എഡിറ്റിങ് ചിത്രത്തില്‍ വരുത്തി. ചിത്രത്തിലെ കുട്ടിയുടെ കാണാന്‍ പറ്റുന്ന ശരീരഭാഗത്തിന് മുകളില്‍ രണ്ട് പൂവുകള്‍ വെച്ചാണ് സനുഷ ചിത്രം വീണ്ടും പോസ്റ്റ് ചെയ്തത്. അവിടം കൊണ്ടും തീര്‍ന്നില്ല. ക്യാപ്ഷനിലൂടെ ഇന്‍സ്റ്റാഗ്രാമിനെ ടാഗ് ചെയ്തുകൊണ്ട് തന്റെ പ്രതികരണം അറിയിക്കുകയും ചെയ്തു.

എന്റെ ചെറുപ്പത്തിലെ നക്‌നത ഞാന്‍ മറച്ചിരിക്കുന്നു ഇന്‍സ്റ്റാഗ്രാമേ. ഇനിയുമുണ്ടോ ഡിലീറ്റ്. എന്നാണ് അടിക്കുറിപ്പില്‍ സനുഷ ചോദിക്കുന്നത്. കുറേ ഹാഷ്ടാഗുകളും അതിനൊപ്പം നടി ചേര്‍ത്തിട്ടുണ്ട്. പൂ കൂടി തരട്ടേ സേട്ടാ, ഒരൊറ്റയൊരണ്ണം അങ്ങോട്ട്, തളരില്ല രാമന്‍കുട്ടി, ഐ ഡോന്‍ഡ് മൈന്റ് തുടങ്ങിയവ അതില്‍ ചിലത് മാത്രമാണ്. അതൊരു കോപറ്റീഷന്‍ ആക്കാനാണെങ്കില്‍ അങ്ങനെ എന്നൊരു മറുപടിയും അതിനിടയില്‍ സനുഷ ചേര്‍ത്തിട്ടുണ്ട്. എന്തായാലും ചിത്രവും മറുപടിയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. എന്റെ പൊന്നോ ഇത്രയും വേണ്ടായിരുന്നു, ഇന്‍സ്റ്റാഗ്രാമിന്റെ കുറുമ്പ് കൂടുന്നുണ്ട് തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.