ARTICLES

ഒടിയന്‍ കഴിഞ്ഞതോടെ ഇനി ഡബ്ബിംഗ് ചെയ്യുന്നില്ല എന്ന് തന്നെ തീരുമാനിച്ചു. കാരണം.

തിലകന്‍ എന്ന ഇതിഹാസത്തിന്റെ മകന്‍ ആയതുകൊണ്ട് മാത്രമല്ല ഷമ്മി തിലകന്‍ മലയാളത്തില്‍ നിറഞ്ഞ് നിന്നത്. അഭിനയ മികവും ശബ്ദഗാഭീര്യവും അച്ഛനെ പോലെ തന്നെ ശക്തമായ നിലപാടുകളില്‍ ഉറച്ച് നിന്നതും ഷമ്മിയെ മലയാളികള്‍ക്കിടയില്‍ ഹീറോ തന്നെയാക്കി. എന്നാല്‍ മലയാളസിനിമ ഷമ്മി തിലകനെ വേണ്ട തരത്തില്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. പ്രജയിലെ ബലരാമനും,കസ്തൂരിമാനിലെ രാജേന്ദ്രനും അടക്കം വില്ലനിസം അതിന്റെ പീക്കില്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍. മുണ്ടക്കല്‍ ശേഖരനും ഹൈദര്‍ മരക്കാറും അടക്കുമുള്ള കഥാപാത്രങ്ങള്‍ക്കു ശബ്ദം കൊണ്ട് മറ്റൊരു ലെവലിലേക്ക് എത്തിച്ച ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ്. ഇത്രയും ഒക്കെ പ്രൂവ് ചെയ്ത ഒരു കലാകാരന് സിനിമക്കുള്ളിലെ പൊളിറ്റിക്‌സിന്റെ ഭാഗമായി ഇത്തരത്തില്‍ അവസരങ്ങള്‍ നഷ്ടപെടുന്ന ഒരു അവസ്ഥ മലയാള സിനിമയില്‍ ഇന്നും തുടര്‍ന്ന് പോരുന്നു എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ്.

കെജി ജോര്‍ജിന്റെ ഇരകള്‍ എന്ന സിനിമയില്‍ ചെറിയൊരു വേഷത്തിലൂടെയാണ് ഷമ്മി തിലകന്‍ സിനിമയിലേക്ക് എത്തുന്നത്. എന്നാല്‍ ലോഹിതദാസ് സിബിമലയില്‍ കൂട്ടുകെട്ടില്‍ പിറന്ന മോഹന്‍ലാല്‍ നായകനായി എത്തിയ ചെങ്കോലിലെ എസ് ഐ ജോണ്‍ മാത്യു എന്ന കഥാപാത്രം മുതലാണ് ഷമ്മി തിലകനിലെ നടനെ പ്രേക്ഷകര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പോലീസ് വേഷങ്ങളില്‍ ഷമ്മി തിലകന്‍ അസാധ്യമായ പ്രകടനമായിരുന്നു പലപ്പോഴും കാഴ്ചവെച്ചിരുന്നത്. ലേലത്തിലെ പോലീസ് ഓഫീസറും ചേര്‍ത്ത് വായിക്കാവുന്നതാണ്. പ്രജയിലെയും കസ്തൂരിമാനിലേയും വില്ലന്‍ വേഷങ്ങള്‍ ഷമ്മി തിലകന് പകരം മറ്റൊരു നടനെ ചിന്തിക്കുകപോലും പ്രയാസമാണ്.

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും തിളങ്ങിയ നടനാണ് ഷമ്മി തിലകന്‍. കടത്തനാടന്‍ അമ്പാടി എന്ന സിനിമയില്‍ സാക്ഷാല്‍ പ്രേം നസീറിന് ശബ്ദം നല്‍കികൊണ്ടായിരുന്നു തുടക്കം. ധ്രുവത്തിലെ ഹൈദര്‍ മരക്കാര്‍ എന്ന വില്ലന്‍ കഥാപാത്രത്തിന്റെ ശബ്ദം മലയാള സിനിമയിലെ ചരിത്രത്തിന്റെ ഭാഗമാണ്. ദേവാസുരത്തിലെ മുണ്ടയ്ക്കല്‍ ശേഖരന്‍ സ്ഫടികത്തിലെ കുറ്റിക്കാടന്‍ തുടങ്ങി നിരവധി ശക്തന്മാരാണ് ഷമ്മി തിലകനിലൂടെ സംസാരിച്ചത്. അവസാനമായി ശബ്ദം നല്‍കിയത് ഒടിയന്‍ എന്ന സിനിമയില്‍ പ്രകാശ് രാജിന്റെ രാവുണ്ണി എന്ന കഥാപാത്രത്തിനായിരുന്നു. അതോടു കൂടി താന്‍ ഡബ്ബിംഗ് നിര്‍ത്തിയെന്നും അതൊരു ഒടിവിദ്യ ആയിപ്പോയി എന്നും ആണ് ഷമ്മി തിലകന്‍ പറയുന്നത്.

രണ്ടായിരത്തി പതിനെട്ടില്‍ കുറച്ചധികം സിനിമകള്‍ വേണ്ടാന്ന് വെച്ചു. കാരണം ഇരുപത്തിയഞ്ച് വര്‍ഷം ഇന്‍ഡസ്ട്രയില്‍ എക്‌സ്പീരിയന്‍സ് ഉള്ള എനിക്ക് പ്രതിഫലമായി അവര്‍ പറഞ്ഞത് ഇരുപത്തയ്യായ്യിരം രൂപ മാത്രമാണ്. കഴിഞ്ഞ ഏഴ് വര്‍ഷ കാലത്തിനിടക്ക് ചെയ്തത് പത്ത്, പന്ത്രണ്ട് സിനിമകള്‍ മാത്രമാണ്. ഷമ്മി തിലകന്‍ പറയുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്കിടയിലും ജോജിയിലെ ഫെലിക്‌സ് എന്നാ കഥാപാത്രം ഈ നടന്റെ കാലിബര്‍ എന്തെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നു. ഇനി വരാനിരിക്കുന്ന സുരേഷ്‌ഗോപി ജോഷി ചിത്രം പാപ്പനില്‍ നല്ലൊരു തിരിച്ചു വരവ് തന്നെ പ്രതീക്ഷിക്കുന്നു

Trending

To Top
error: Content is protected !!