സാദരം, സുന്ദരപുരുഷന് തുടങ്ങിയ സുരേഷ് ഗോപി ചിത്രങ്ങളുടെ സംവിധായകനാണ് ജോസ് തോമസ്. എന്റെ ശ്രീക്കുട്ടിക്ക് എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് ജോസ് തോമസ് സിനിമാരംഗത്തേക്ക് തന്റെ വരവ് അറിയിച്ചത്. മാട്ടുപെട്ടിമച്ചാന്‍, മീനാക്ഷികല്യാണം, ഉദയപുരം സുല്‍ത്താന്‍, മായാമോഹിനി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായും പിന്നീട് മാറി. സുരേഷ് ഗോപി എന്ന സുഹൃത്തിനെ കുറിച്ചും അദ്ധേഹത്തിന്റെ രാഷ്ട്രീയത്തെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ നേരിടുന്ന പ്രശ്നങ്ങളെകുറിച്ചും സംസാരിക്കുകയാണ് ഇപ്പോള്‍ ജോസ് തോമസ്. ജോസ് തോമസ് റിയാക്ട്സ് എന്ന തന്റെ യൂട്യൂബ് ചാനലിലാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ വീഡിയോ സംവിധായകന് പോസ്റ്റ് ചെയ്തിരിക്കുന്നത്.
സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ. മലയാള ശബ്ദതാരാവലിയില്‍ ഒരിക്കലും കണ്ടെത്താന്‍ കഴിയാത്ത ചില മലയാള പദങ്ങള്‍ പുതിയതായി നമ്മുടെ ഭാഷയില്‍ ഉരുതിരിഞ്ഞ് വന്നിട്ടുണ്ട്. അതില്‍ ചില രസകരമായ വാക്കുകള്‍ കമ്മി, അന്തംകമ്മി, കൊങ്ങി, സംഘി എന്നൊക്കെയാണ്. രാഷ്ട്രീയകക്ഷിയിലെ ചില ട്രോളന്മാര് ഉണ്ടാക്കി അത് പൊതുജനങ്ങളുടെ ഇടയിലേക്ക് എറിഞ്ഞു കൊടുത്തതാണ്. ഈ അടുത്തകാലത്തായി നമ്മുടെ പ്രിയപ്പെട്ട നടന് സുരേഷ് ഗോപി സംഘിയാണ് വിവരദോഷിയാണ് മണ്ടനാണ് തുടങ്ങിയ തരത്തിലുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയിലെ ചില കമന്റുകളും കണ്ടപ്പോഴാണ് എനിക്ക് ഇങ്ങനെയൊരു വീഡിയോ ചെയ്യാന്‍ തോന്നിയത്. സുരേഷ്ഗോപിക്കെതിരെ ഇത്തരം കമന്റുകള്‍ ഉണ്ടാക്കി എന്ന് പറയുന്നതില്‍ അത്ഭുതപ്പെടാനില്ല. എങ്കില്‍ പോലും അദ്ദേഹത്തെ കുറിച്ചങ്ങനെ പറയുമ്പോള്‍ കഴിഞ്ഞ മുപ്പതുവര്ഷകാലമായി അദ്ദേഹത്തോടുള്ള ഒരു ബന്ധം അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് എന്ന നിലയില്‍ എനിക്ക് ഇങ്ങനെയൊരു വീഡിയോ ചെയ്യാതിരിക്കാന്‍ കഴിഞ്ഞില്ല.
സുരേഷ്ഗോപിയെ ഞാന്‍ ആദ്യം പരിചയപ്പെടുന്നത് ഷാജി കൈലാസ് എന്ന സംവിധായകന്റെ ആദ്യചിത്രമായ ന്യൂസിന്റെ ലൊക്കേഷനില്‍ വെച്ചാണ്. ഞാനും ഷാജികൈലാസും ബാലുകിരിയത്തുമൊക്കെ സഹസംവിധായകരായി ഒന്നിച്ച് പ്രവര്‍ത്തിച്ചവരാണ്. സുരേഷ് ഗോപിയെ എനിക്ക് മുന്‍പരിചയം ഇല്ല. പക്ഷെ ആ ലൊക്കേഷനിലേക്ക് സുരേഷ്ഗോപി വന്നത് ജോസപ്പാ എന്ന വിളിച്ചുകൊണ്ടാണ്. എന്റെ പേര് ജോസ് തോമസ് എന്നാണ്. പക്ഷെ സാധാരണ ജോസപ്പാ എന്ന് എന്നെ ആരും വിളിക്കാറില്ല. ആ സിനിമയുടെ ഷൂട്ടിങ് തീരുന്നതോടെ ഞങ്ങള്‍ വളരെ നല്ലൊരു സൗഹൃദത്തിലേക്ക് പോവുകയും ചെയ്തു.
പിന്നെ അദ്ദേഹം ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ എന്തുമാത്രം അധിക്ഷേപങ്ങളാണ് കേള്‍ക്കേണ്ടിവന്നത്. കമ്മിഷണറും ഏകലവ്യനും കണ്ട് കയ്യടിച്ചവര്‍ ചാണകസംഘി എന്നൊക്കെയുള്ള വാക്കുകളില്‍ സുരേഷിനെ അധിക്ഷേപിച്ചു. ഞാന്‍ വിശ്വസിക്കുന്ന രാഷ്ട്രീയത്തിലോ, മതത്തിലോ വിശ്വസിക്കാത്തവര്‍ ശുദ്ധ തെമ്മാടികളാണെന്നാണ് ഇത്തരക്കാരുടെ വാദം. ഇതിലൊന്നും സുരേഷിന് ഒരു വേദനയുമില്ല. അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. അടുത്തകാലത്ത് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട്. എന്റെ എംപി ഫണ്ടെല്ലാം തീര്‍ന്നു. ഇനിവരുന്ന സിനിമകളില്‍ നിന്ന് അഞ്ച് കോടി രൂപ ചാരിറ്റിക്കായി മാറ്റിവയ്ക്കണം. ജോസ് തോമസ് തന്റെ പ്രിയ സുഹൃത്തിനെ കുറിച്ച് പറയുന്നു.