നിർമ്മാതാകൾക്കും, വിതരണക്കാർക്കും അക്ഷരാർഥത്തിൽ ജയൻ ഒരു പൊന്മുട്ടയിടുന്ന താറാവായിരുന്നു

മലയാള സിനിമയിൽ എക്കാലത്തും പകരം വെക്കാൻ മറ്റാരും ഇല്ലാത്ത നടൻ ആണ് ജയൻ. ചുരുങ്ങിയ സമയം കൊണ്ടായിരുന്നു ജയന്റെ മലയാള സിനിമയിൽ ഉണ്ടായിരുന്ന വളർച്ച. ഒരു പക്ഷെ ഇത്ര എളുപ്പത്തിൽ സൂപ്പർസ്റ്റാർ പദവിയിലേക്ക് വളർന്നു വന്ന നടൻ ജയൻ അല്ലാതെ മറ്റൊരാളും കാണില്ല എന്നതാണ് സത്യം. ജയന്റെ ചിത്രങ്ങൾ എല്ലാം ആ കാലത്ത് വലിയ വിജയവും ആയിരുന്നു. മികച്ച ഒരു നടൻ മാത്രമല്ല, നല്ലൊരു മനുഷ്യൻ കൂടി ആണ് താൻ എന്ന് ജയൻ തെളിയിച്ചിട്ടുമുണ്ട്.

ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ഷാജു സുരേന്ദ്രൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, 1980 ഇൽ ജയൻ നായകനായി ഇറങ്ങിയ 13 സിനിമകൾ. ഇതിൽ ആദ്യത്തെ പത്ത് സിനിമകളും സൂപ്പർ ഹിറ്റ് സ്റ്റാറ്റസ് നേടിയ ചിത്രങ്ങളാണ്. ഇടിമുഴക്കം, ബെൻസ് വാസു, കാന്തവലയം എന്നിവ ഹിറ്റ് സ്റ്റാറ്റസ് നേടി.

ചന്ദ്രഹാസം, പാലാട്ട് കുഞ്ഞിക്കണ്ണൻ, ഇത്തിക്കരപ്പക്കി, കരിപുരണ്ട ജീവിതങ്ങൾ, അന്തപുരം, ലവ് ഇൻ സിങ്കപ്പൂർ എന്നിവ നസീറിനൊപ്പം തുല്യ പ്രാധാന്യമുള്ളതോ, സഹനടനായോ ആയിട്ടുള്ള വേഷങ്ങൾ ചെയ്ത സിനിമകളാണ്. ആ ചിത്രങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു. ഇതിന് തൊട്ട് മുൻപുള്ള വർഷം, അതായത് 1979 ഇലാണ് ശരപഞ്ചരം സിനിമയിലൂടെ ഒരു താര പരിവേഷമുള്ള നടനായി ജയൻ അംഗീകരിക്കപ്പെട്ട് തുടങ്ങിയത്. ആ വർഷം തന്നെ സോളോ നായകനായി അഭിനയിച്ച പുതിയ വെളിച്ചം, ആവേശം എന്നീ സൂപ്പർ ഹിറ്റ് ആക്ഷൻ ചിത്രങ്ങളിലൂടെ ജയൻ തന്റെ സിംഹാസനം ഉറപ്പിച്ചിരുന്നു. ശേഷം ഇറങ്ങിയ കഴുകനും വിജയം നേടി.

കോമഡി ടച്ചുള്ള വേഷം ചെയ്ത അനുപല്ലവി, കുടുംബ ചിത്രമായ ഇവിടെ കാറ്റിന് സുഗന്ധം എന്നിവയും വിജയ ചിത്രങ്ങളായിരുന്നു. തന്റെ മരണ ശേഷവും 1981 ഇൽ ഇറങ്ങിയ തടവറയും, കോളിളക്കവും, അറിയപ്പെടാത്ത രഹസ്യവും, അഗ്നിശരവുമൊക്കെയായി തന്റെ സൂപ്പർ താരമായുള്ള തേരോട്ടം തുടർന്നു. ജയന്റെ സൂപ്പർ താരമായി മാറിയ ശേഷം ഇറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ ഹിറ്റുകളോ സൂപ്പർ ഹിറ്റുകളോ ആയിരുന്നു. അതിൽ ഏതാണ്ട് 99% ചിത്രങ്ങളും ആക്ഷൻ സിനിമകൾ തന്നെയായിരുന്നു.

അതായത് ജയന്റെ താര പരിവേഷം മാക്സിമം ഉപയോഗിച്ച് സൃഷ്ട്ടിക്കപ്പെട്ടവ. അദ്ദേഹത്തിന്റെ മരണ ശേഷവും, ഈ ചിത്രങ്ങളെല്ലാം, എന്തിന് ജയൻ വില്ലനായും, സഹനടനായുമൊക്കെ അഭിനയിച്ച പഴയ സിനിമകൾ പോലും ജയന്റെ മുഖത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പോസ്റ്ററുകളുടെ അകമ്പടിയോടെ റീ റിലീസ് ചെയ്ത് നന്നായി കാശ് വാരി. ഏതാണ്ട് 90 കളുടെ പകുതി വരെ ജയൻ ചിത്രങ്ങൾ ഫില്ലറുകളായും, അല്ലാതെയും തീയറ്ററുകളിൽ വന്നു.

നിർമ്മാതാകൾക്കും, വിതരണക്കാർക്കും അക്ഷരാർഥത്തിൽ ജയൻ “ഒരു പൊന്മുട്ടയിടുന്ന താറാവായിരുന്നു”. മൂന്ന് വർഷങ്ങൾ ഒരു ഇന്റസ്ട്രിയുടെ സൂപ്പർ തരമായി മിന്നിത്തിളങ്ങിയ, ഒരു നടന്റെ താരാമൂല്യം, തന്റെ പ്രതാപ കാലത്തും, മരണ ശേഷവും കാലങ്ങളോളം ആ ഇന്റസ്ട്രിയുടെ പ്രധാന വരുമാന മാർഗ്ഗങ്ങളിൽ ഒന്നാവുന്ന അപൂർവ്വ കാഴ്ച്ച. “ജയൻ” എന്ന പേരിന്റെ മൂല്യം അത്രയ്ക്ക് വലുതായിരുന്നു, മലയാള സിനിമയിൽ എന്നുമാണ് പോസ്റ്റ്.

Leave a Comment