മലയാള സിനിമയിൽ പൊതുവെ ജൂനിയർ ആർട്ടിസ്റ്റുകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, താരങ്ങൾക്ക് കോടികൾ കൊടുത്തോളു. പക്ഷെ പട്ടിണി പാവങ്ങളുടെ പിച്ച ചട്ടിയിൽ കൈയ്യിടാതെ ഇരുന്നൂടെ. എന്റെ അറിവിൽ അമ്മ സംഘടനയിൽ മെമ്പർ അല്ലാത്ത ഒരുപാട് ചെറിയ നടീനടൻമാർ ഉണ്ട് സിനിമയിൽ.
ആഗ്രഹം ഇല്ലാത്തത് കൊണ്ടല്ല അവർ മെമ്പർഷിപ്പ് എടുക്കാത്തത്, വലിയൊരു തുകയാണ് മെമ്പർഷിപ്പിന് വേണ്ടി വരുന്നത്. ഇങ്ങനെയുള്ള ആർട്ടിസ്റ്റുകളെ വളരെ ചെറിയ തുകയ്ക്കാണ് അഭിനയിക്കാൻ വിളിക്കുക. എന്നിട്ട് പോവാൻ നേരം പൈസയും കൊടുക്കില്ല. പൈസ ചോദിച്ചു രണ്ട് തവണ വിളിച്ചാൽ നമ്പറും ബ്ലോക്ക് ചെയ്ത് ഇടും. സംഘടന യിൽ ഇവർക്കു പരാതി പറയാൻ പറ്റില്ലാലോ. പക്ഷെ ഇവരുടെ ഒക്കെ പേരും പറഞ്ഞു നിർമാത്താവിന്റെ കൈയിൽ നിന്ന് പൈസ കറക്റ്റായി വാങ്ങിക്കുകയും ചെയ്യും.
വീട്ടിൽ കുഞ്ഞുങ്ങളെ നോക്കാനും അരി വാങ്ങിക്കാനും തന്നെയാണ് എല്ലാവരും ജോലിക്ക് പോവുന്നത്.. ജോലി കഴിഞ്ഞ് വരുമ്പോൾ പ്രതിഫലം അവരുടെ ആവുശ്യമാണ്. സിനിമ മേഖലയിലാണ് ഈ മൂന്നാംകിട പരിപാടി കൂടുതൽ നടക്കുന്നത്. വലിയ പ്രൊഡക്ഷൻ ഹൗസ് നിർമിക്കുന്ന ചിത്രങ്ങളിൽ പോലും ഇത് നടക്കുന്നുണ്ട് എന്നതാണ് സത്യം.. ഒരുവന്റെ കുടുംബത്തെ പട്ടിണിയിലേക്ക് തള്ളി വിട്ട്, വീട്ടുകാരുമായി ഹോട്ടലിൽ പോയി എത്ര കുഴിമന്തി കഴിച്ചാലും അത് ദഹിക്കില്ല എന്നുമാണ് പോസ്റ്റ്.