ദേശീയ അന്തര്‍ദേശിയ ശ്രദ്ധനേടിയ ബിരിയാണി എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് കനി കുസൃതി. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും നടിയെ തേടിയെത്തിയിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങള്‍കൊണ്ട് സമ്പന്നമാണ് നടിയുടെ സിനിമാ ജീവിതം. മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും മികച്ച വേഷങ്ങളില്‍ കനിയെ പ്രേക്ഷകര്‍ കണ്ടിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ ഓകെ കമ്പ്യൂട്ടര്‍, മഹാറാണി തുടങ്ങിയ വെബ്സീരിസിലും നല്ല പ്രകടനമാണ് കനി കാഴ്ചവെച്ചത്. നിലപാടുകള്‍കൊണ്ടും ശ്രദ്ധേയയാണ് നടി. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രത്തെ കുറിച്ചും അതിന് അച്ഛന് മൈത്രേയന് നല്കിയ മറുപടിയെ കുറിച്ചും കനി അടുത്തിടെ പ്രതികരിച്ചിരുന്നു.
സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ രണ്ട് തവണെയെങ്കിലും ആലോചിക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു നടിയുടെ പ്രതികരണം. ആ പ്ലാറ്റ്ഫോമില്‍ ഉണ്ടാകുന്ന ട്രോളുകളെ കുറിച്ചും നെഗറ്റീവ് അഭിപ്രായങ്ങളെ കുറിച്ചും കനി സംസാരിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ബാക്ക്ലെസ് വസ്ത്രം ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്തു. അപ്പോള്‍ കുറെ പേര് കമന്റുമായെത്തിയെന്ന് പഴയ കാര്യം ഓര്‍ത്തെടുത്ത് കനി പറയുന്നു. നിനക്കെങ്ങനെ ധൈര്യമുണ്ടായി ഇങ്ങനെ ചെയ്യാനെന്നും നിന്റെ അച്ഛനൊക്കെ കണ്ടാല്‍ എന്ത് പറയുമെന്നുമൊക്കെയുള്ള ചോദ്യങ്ങളുമായി കുറേ പേര് അതിന് താഴെയെത്തി. അത്തരത്തില്‍ നിരവധി കമന്റുകളാണ് വന്നത്.
എന്നാല്‍ അവരെയെല്ലാം അമ്പരപ്പിച്ചുകൊണ്ട് അച്ഛന് ആ ഫോട്ടോയ്ക്ക് കമന്റിടുകയുണ്ടായി. അച്ഛന് ഫോട്ടോയ്ക്ക് താഴെ ബ്യൂട്ടിഫുള്‍ പിക്ചര്‍ എന്നാണ് കമന്റ് ചെയ്തത്. എനിക്ക് അറിയാത്ത ഒരാളില്‍ നിന്നാണ് കമന്റുകള്‍ വരുന്നതെങ്കില്‍ ഞാന്‍ ആ കമന്റുകള്‍ക്ക് റെസ്പോണ്ട് ചെയ്യാനോ ഇടപെടാനോ പോകാറില്ല. എത്രയോ കമന്റുകള്‍ ഇങ്ങനെ വരുന്നുണ്ട്. അതൊന്നും മുഴുവന്‍ വായിക്കാന്‍ തന്നെ ആര്‍ക്കുമാകില്ലല്ലോ. എനിക്ക് പരിചയമുള്ളവര്‍ ക്മന്റ് ചെയ്യുമ്പോള്‍ ഞാന്‍ അവരോട് സംസാരിക്കാറുണ്ട്. വളരെ പോസിറ്റീവായ ഒരു സംഭാഷണം നടത്താനും എന്റെ അഭിപ്രായങ്ങള്‍ കൂടി പങ്കുവെക്കാനും ഞാന്‍ ശ്രമിക്കാറുണ്ടെന്നും കനി പറയുന്നു.
സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിയില്‍ മികച്ച പ്രകടനമായിരുന്നു കനി കാഴ്ചവെച്ചത്. ശിക്കാര്‍, കോക്ക്ടെയില്‍, ഒരു ഇന്ത്യന്‍ പ്രണയകഥ തുടങ്ങി നിരവധി ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷത്തില്‍ നടി എത്തിയിരുന്നു. എന്നാല്‍ ബിരിയാണി എന്ന ചിത്രമാണ് ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചത്. തിയേറ്ററുകളില്‍ റിലീസ് ചെയ്തെങ്കിലും സിനിമ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഒറ്റിറ്റി റിലീസായി എത്തിയതിന് ശേഷമാണ് സിനിമ കൂടുതല്‍ പേരിലേക്ക് എത്തുകയും സജീവമായ ചര്‍ച്ചകള്‍ ഉണ്ടാവുകയും ചെയ്തത്. സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത വഴക്കാണ് കനിയുടെ അടുത്ത മലയാള ചിത്രം. ടോവിനോ തോമസ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.