ക്ലബ്ബ്ഹൗസ്സ് റൂമുകള്‍ മലയാളികള്‍ക്കിടയിലും സജീവമാവുകയാണ്. റിലീസായി ഒരാഴ്ച പിന്നിടുമ്പോള്‍ ക്ലബ്ബ്ഹൗസ്സ് എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം സൂപ്പര്‍ഹിറ്റിലേക്ക് തന്നെയാണ് നീങ്ങുന്നത്. സിനിമാതാരങ്ങളും സെലിബ്രിറ്റികളുമെല്ലാം കൂട്ടത്തോടെ എത്തുന്നത്കൊണ്ട് ഓരോ ദിവസവും ക്ലബ്ബ്ഹൗസ്സിന്റെ സ്വീകാര്യത വര്‍ദ്ധിക്കുകയാണ്. പതിനായിരത്തിന് അടുത്ത് ആള്‍ക്കാരാണ് ഓരോ ചര്‍ച്ചയിലും പങ്കെടുക്കുന്ന് എന്ന് അറിയുമ്പോള്‍ തന്നെ മനസ്സിലാക്കാം ക്ലബ്ഹൗസ്സ് കുറഞ്ഞ ദിവസംകൊണ്ട് നേടിയെടുത്ത ജനപ്രീതി. നടന്മാരായ ഉണ്ണിമുകുന്ദന്, ജയസൂര്യ സംവിധായകരായ ആഷിഖ് അബു, ബി ഉണ്ണികൃഷ്ണന്, മഹേഷ് നാരായണന് നടിമാരായ ദിവ്യ പ്രഭ, മാലാ പാര്‍വ്വതി, സാന്ദ്രാ തോമസ് തുടങ്ങി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ക്ലബ്ബ് ഹൗസ് ചര്‍ച്ചകളില്‍ പങ്കെടുത്തത്.
കഴിഞ്ഞ ദിവസം നടന്നൊരു ചര്‍ച്ചയില്‍ നടന് ജയസൂര്യ തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു സിനിമാ അനുഭവം വ്യക്തമാക്കുകയുണ്ടായി. ക്ലാസ്സ്മേറ്റ്സ് എന്ന എക്കാലത്തേയും വലിയ സൂപ്പര്‍ഹിറ്റ് ക്യാമ്പസ് സിനിമയുടെ ഷൂട്ടിങ്ങിനിടെ സംഭവിച്ച ചിലകാര്യങ്ങളാണ് നടന് സൂചിപ്പിച്ചത്. ജയസൂര്യയുടെ കരിയറിലെ മികച്ചൊരു കഥാപാത്രമായിരുന്നു ക്ലാസ്സ്മേറ്റ്സിലെ സതീഷന് കഞ്ഞിക്കുഴി എന്ന കഥാപാത്രം. പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, കാവ്യാമാധവന്, നരേന് തുടങ്ങി വലിയൊരു താരനിര തന്നെ ലാല്‍ജോസ് ചിത്രത്തില്‍ ഉണ്ടായിരുന്നു. രാജീവ് രവിയായിരുന്നു ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത്. ജയിംസ് ആല്‍ബര്‍ട്ടായിരുന്നു തിരക്കഥ.
ജയസൂര്യയുടെ വാക്കുകള്‍ ഇങ്ങനെ. ജയന് വരുന്നുണ്ട് നേരം വെളുപ്പിക്കും ഇന്ന് എന്ന് ചാക്കോച്ചന് ഉള്‍പ്പെടെയുള്ളവര്‍ എന്നെ കളിയാക്കുമായിരുന്നു. ഒമ്പത് ടേക്ക് അല്ലെങ്കില്‍ പത്ത് അല്ലെങ്കില്‍ പതിനൊന്ന് ടേക്ക് ഒക്കെയാകും എനിക്ക് വേണ്ടി പോവുക. ആദ്യത്തെ ടേക്ക് ഓകെയാകുന്നത് അപുര്വ്വമായിരുന്നു. ഇപ്പോഴും ചോറ്റാനിക്കര അമ്പലത്തില്‍ ഒരുപാട് വഴിപാട് പെന്‍ഡിങ്ങുണ്ട്. അതിനും മാത്രമാണ് നമ്മള് ദൈവത്തെ വിളിച്ച് പ്രാര്‍ത്ഥിച്ചിരിക്കുന്നത്. ദൈവമേ ശരിയാകണേ എന്നായിരിക്കും ആ സമയത്തെ പ്രാര്‍ത്ഥന. അസിസ്റ്റന്റ് ഡയറക്ടറോ ലൈറ്റ് ബോയിയോ നമ്മളെ നോക്കി ചിരിച്ചാല്‍ എല്ലാ കോണ്‍ഫിഡന്‍സും തീര്‍ന്നു. ക്ലാസ്മേറ്റ്സില്‍ അത് പൊലൊരു സീനുണ്ട്.
ക്ലാസ്മേറ്റ്സ് ഷൂട്ട് നടക്കുകയാണ്. ഇന്ദ്രജിത്തും കാവ്യമാധവനും പൃഥ്വിരാജുമൊക്കെ തമ്മിലുള്ളൊരു കോണ്വര്സേഷനാണ്. അതിനിടയിലേക്കാണ് എന്റെ കഥാപാത്രം വരുന്നത്. ആരാ താരയെ പഠിക്കാന്‍ സമ്മതിക്കാത്തത് എന്നൊരു ഡയലോഗ് ഒക്കെയുള്ള ഒരു വലിയ സീനാണ്. എട്ടോ ഒമ്പതോ റീടേക്കാണ് അതിന് പോയത്. എന്റെ ഒറ്റ പ്രശ്നംകൊണ്ടാണ്. ഞാന്‍ അന്ന് ഭയങ്കരമായി റൂമില്‍ പോയിട്ട് കരഞ്ഞു. എനിക്ക് എന്താണ് ഇത്രയും വലിയ ഡയലോഗ് പഠിക്കാന്‍ പറ്റാത്തത്. ക്ലാസ്സില്‍ മര്യാദയ്ക്ക് പഠിച്ചിട്ടില്ലാത്തതുകൊണ്ടാകണം ചിലപ്പോള്‍. അന്ന് ഞാനൊരു പുസ്തകം വായിച്ചു. അതാണ് എന്റെ ചിന്തകളെ മാറ്റിയത്. എന്റെ ഫോക്കസ് ഇല്ലായ്മയായിരുന്നു പ്രശ്നം. ജയസൂര്യ പറയുന്നു.