വിനയന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ ചരിത്രത്തിലെ ആറാട്ടുപുഴവേലായുധ പണിക്കരും നങ്ങേലിയും നീലിയുമൊക്കെയാണ് വിനയന്റെ ബ്രഹ്മാണ്ടചിത്രത്തില് കഥാപാത്രങ്ങളായി എത്തുന്നത്. ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന നായക കഥാപാത്രമായി എത്തുന്നത് സിജു വില്‍സണ്‍ ആണ്. സിജുവില്‍സണ്‍ എന്ന നടന്റെ കരിയറിലെ ഏറ്റവും വലിയ സിനിമകൂടിയാണ് പത്തൊമ്പതാം നൂറ്റാണ്ട്. എന്നാല്‍ സിനിമയില്‍ നീലി എന്ന നായികാ കഥാപാത്രമായി എത്തുന്ന പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സംവിധായകന് പങ്കുവെച്ചപ്പോള്‍ പലര്‍ക്കും നല്ല പരിചിതമുള്ളൊരു മുഖമായിരുന്നു. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിലൊന്നായ കറുത്തമുത്തിലൂടെ സുപരിചതയായ രേണു സൗന്ദര് ആണ് ചിത്രത്തില്‍ നീലിയായി എത്തുന്നത്.
കാലടി ശ്രീശങ്കരാചാര്യ കോളേജില്‍ നിന്ന് ഫൈന്‍ ആര്‍ട്സ് ബിരുദവും കരസ്ഥമാക്കിയാണ് രേണു സൗന്ദര് അഭിനയ രംഗത്തേക്ക് എത്തുന്നത്. നാടകത്തിലും ചിത്രരചനയിലും സജീവമായിരുന്നു രേണു. കൈരളി ടിവിയില്‍ ഉള്‍ക്കടല്‍ എന്ന പരമ്പരയിലൂടെയാണ് ആദ്യം മിനിസ്ക്രീനിലേക്ക് എത്തുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയത് കറുത്തമുത്ത് എന്ന സീരിയലിലെ നായികാ കഥാപാത്രത്തിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചതയായി മാറി. നിരവധി ദേശിയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയ മാന്‍ഹോള്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായി രേണു സൗന്ദര് സിനിമയിലേക്ക് എത്തുന്നത്. വിധു വിന്‍സന്റ് സംവിധാനം ചെയ്ത ചിത്രം മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ഉള്‍പ്പെടെ കരസ്ഥമാക്കിയിരുന്നു.
മാന്‍ഹോളില്‍ ശാലിനി എന്ന കഥാപാത്രമായിട്ടാണ് രേണു സൗന്ദര് എത്തിയത്. ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി വേഷങ്ങള്‍ പിന്നെ രേണു സൗന്ദറിനെ തേടിയെത്തി. വിനയന് സംവിധാനം ചെയത് ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ രേണു സൗന്ദര് അഭിനയിച്ചു. കലാഭവന്‍ മണിയുടെ ജീവിതകഥ പറഞ്ഞ ചിത്രം തിയേറ്ററുകളില്‍ വിജയമാവുകയും പ്രേക്ഷക പ്രീതി നേടുകയും ചെയ്തിരുന്നു. ഓട്ടം, പെങ്ങളില, മാര്‍ജാര തുടങ്ങിയ സിനിമകളിലും രേണു സൗന്ദര് പിന്നീട് അഭിനയിച്ചു. മഞ്ജുവാര്യര്‍ നായികയായി എത്തുന്ന സന്തോഷ് ശിവന് ചിത്രം ജാക്ക് ആന്‍ഡ് ജില്ലിലും രേണു സൗന്ദര് അഭിനയിക്കുന്നുണ്ട്. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.
വിനയന് തന്റെ സ്വപ്ന സിനിമ ഒരുക്കുമ്പോള്‍ അതിലെ പ്രധാന കഥാപാത്രമായി എത്തുകയാണ് ഇപ്പോള്‍. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തില്‍ നീലി എന്ന കഥാപാത്രമായിട്ടാണ് രേണു സൗന്ദര് എത്തുന്നത്. സംവിധായകന് തന്നെ കഥാപാത്രത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. സിനിമയുടെ എഡിറ്റിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ക്ലൈമാക്സ് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ ചിത്രീകരിക്കാനായി ഉണ്ട്. കോവിഡ് പ്രതിസന്ധികള്‍ മാറുമ്പോള്‍ ചിത്രീകരണം പുനരാരംഭിക്കും. തിയേറ്ററുകളില്‍ മാത്രമേ സിനിമ റിലീസ് ചെയ്യൂ എന്നും സംവിധായകന് വെളിപ്പെടുത്തി.