വിചിത്രമായ ചിന്തകളാണ് ചില മനുഷ്യര്‍ക്ക്. അങ്ങനെയുള്ള ചിന്തകള്‍ ചിലര്‍ നടപ്പിലാക്കുകയും ചെയ്യുന്നു. നമുക്ക് കേള്‍ക്കുമ്പോള്‍ കൗതുകം തോന്നും എങ്കിലും ചെയ്യുന്നവര്‍ ചിലപ്പോള്‍ വളരെ ഗൗരവത്തോടെയാകും അതിനെ സമീപിച്ചിട്ടുണ്ടാവുക. അതിന് ഉത്തമ ഉദാഹരണമാണ് നടിമാര്‍ക്ക് പലയിടത്തും ക്ഷേത്രങ്ങള്‍ പണിയുന്നത്. ഈ വര്‍ഷവും ഉണ്ടായി അത്തരത്തിലൊരു ക്ഷേത്രം. കഴിഞ്ഞ ഫെബ്രുവരിയിലാണ് നടി നിധി അഗര്‍വാളിന്റെ പേരില്‍ ചെന്നൈയില്‍ ആരാധകര്‍ ക്ഷേത്രം പണിതത്. വാലന്റേന്‍ ദിവസത്തില്‍ തുറന്ന ക്ഷേത്രത്തില്‍ നടിയുടെ വിഗ്രഹവും ഉണ്ടായിരുന്നു. വിഗ്രഹത്തില്‍ പാലഭിഷേകം നടത്തുകയും പ്രത്യേക പൂജകള്‍ നടത്തുകയും ചെയ്തത്.
തമിഴ്‌നാട്ടില്‍ ഇത് ആദ്യത്തെ സംഭവമല്ല. നടന്‍താര, കുഷ്ബു തുടങ്ങിയ നടിമാര്‍ക്കും ഇത്തരത്തില്‍ അവിടെ ക്ഷേത്രങ്ങള്‍ പണിതിട്ടുണ്ട്. നമുക്ക് അത് വളരെ കൗതുകം ഉള്ള വാര്‍ത്തയായി തോന്നും എങ്കിലും നടിമാരുടെ ആരാധകര്‍ വളരെ സീരിയസായിട്ടാണ് ഇതൊക്കെ നടപ്പിലാക്കിയിരിക്കുന്നത്. നടിമാരെ അവര്‍ ദൈവത്തെ പോലെയാണ് കാണുന്നത് എന്ന് സാരം. നടിമാരുടെ ക്ഷേത്രത്തിന് പിന്നാലെ തമിഴ്‌നാട്ടില്‍ മറ്റൊരു ക്ഷേത്രവും ഇപ്പോള്‍ പണിതിരിക്കുകയാണ്. കോവിഡില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ വേണ്ടി തമിഴ്‌നാട്ടില്‍ കൊറോണ ദേവിയുടെ വിഗ്രഹം പ്രതിഷ്ടിച്ചുകൊണ്ടാണ് ക്ഷേത്രം തുറന്നിരിക്കുന്നത്.
ആരോഗ്യമേഖലയും സര്‍ക്കാരുമെല്ലാം കോവിഡിനെ പ്രതിരോധിക്കാന്‍ പണിപ്പെടുമ്പോഴാണ് ഇത്തരത്തിലൊരു സംഭവം നമ്മുടെ അയല്‍സംസ്ഥാനത്ത് നടന്നിരിക്കുന്നത്. കോയമ്പത്തൂരിന് അടുത്തുള്ള കാമാച്ചിപുരം അധിനം ക്ഷേത്രത്തിലാണ് കൊറോണ ദേവിയുടെ പ്രതിഷ്ഠ വന്നിരിക്കുന്നത്. ചുവപ്പിലും പിങ്ക് നിറത്തിലുമുള്ള വസ്ത്രങ്ങളും അണിഞ്ഞ് കൈയില്‍ ശൂലവുമായി ഇരിക്കുന്ന വിഗ്രഹത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുകയാണ്. ബാധകളില്‍ നിന്നും കൊറോണപോലെയുള്ള രോഗങ്ങളില്‍ നിന്നും ഭക്തരെ രക്ഷിക്കുന്നതിനായി ദേവതകളെ സൃഷ്ടിക്കുന്നത് ഒരു സമ്പ്രദായമാണെന്ന് ക്ഷേത്രത്തിന്റെ ഭാരവാഹിയായ ലിംഗേശ്വരന്‍ പറയുന്നു.
എന്തായാലും നടിമാരുടെ പ്രതിഷ്ഠപോലെ കൊറോണ ദേവിയുടെ പ്രതിഷ്ഠയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. എന്നാല്‍ രോഗങ്ങളുടെ പേരിലുള്ള ആദ്യത്തെ ക്ഷേത്രമല്ല ഇതെന്ന് പലരും പറയുന്നു. മുന്‍പും ഇത്തരത്തിലുള്ള വിഗ്രഹങ്ങള്‍ തമിഴ്‌നാട്ടില്‍ ഉണ്ടായിട്ടുണ്ട്. കോയമ്പത്തൂരില്‍ പ്ലേഗ് മാരിയമ്മന്‍ ക്ഷേത്രം ഉണ്ടായിരുന്നു. പ്ലേഗ് കോളറ പോലെയുള്ള മാറാരോഗങ്ങള്‍ വ്യാപിച്ചപ്പോള്‍ ഇത്തരം ക്ഷേത്രങ്ങളും പ്രതിഷ്ഠകളുമാണ് ഭക്തരെ രക്ഷിച്ചത് എന്നായിരുന്നു അവിടെയുള്ളവരുടെ വിശ്വാസം. കൊറോണദേവി അതുപോലെ അത്ഭുതങ്ങള്‍ കാണിക്കുമെന്നും രോഗം എന്നന്നേക്കുമായി ഇല്ലാതാകുമെന്നുമാണ് അവരുടെ വിശ്വാസം.