എന്നാലും കുറച്ചു കാവ്യാത്മകമായി വീണ്ടും പറയാ. ഫലം ഇത്തിരി കുറഞ്ഞാലും വേണ്ടില്ല വൃത്തികേട് ചെയ്യരുത്.

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമുണ്ടാക്കിയ പാട്ടാണ് കുടുക്ക് രണ്ടായിരത്തി ഇരുപത്തിയഞ്ച് എന്ന ചിത്രത്തിലെ തെയ്തക എന്ന സോംഗ്. ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. കൃഷ്ണശങ്കര്‍, ദുര്‍ഗ്ഗ കൃഷ്ണ, അജു വര്‍ഗ്ഗീസ്, ഷൈന്‍ ടോം ചാക്കോ, സ്വാസിക തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിന് വേണ്ടി അണിനിരക്കുന്നുണ്ട്. മണികണ്ഠ അയ്യപ്പ സംഗീതം നല്‍കിയ കുടുക്ക് പാട്ട് ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ ഉള്‍പ്പെടെ ഇപ്പോള്‍ ട്രെന്‍ഡിംങാണ്. എന്നാല്‍ ഇപ്പോള്‍ പാട്ടിനെ കുറിച്ച് വലിയൊരു വിഷമം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ബിലഹരി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സംവിധായകന്‍ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ ആയിരുന്നു.

വളരെ വിഷമത്തോടെയാണിതെഴുതുന്നത്. തെയ്തക സോംഗ് നിങ്ങളേറ്റെടുത്തപ്പോള്‍ കോപ്ലിമെന്ററി ആയി കിട്ടിയ വലിയ എക്‌സ്‌പോഷര്‍ ആയിരുന്നു നിങ്ങളില്‍ പലരും ഡാന്‍സ് ചെയ്ത് അയച്ചു തന്ന റീലുകള്‍. കണ്ട് കണ്ട് ഓടിയെത്താന്‍ പറ്റാത്തത്ര റീലുകള്‍ സപ്പോര്‍ട്ടുകള്‍. കുറെ പങ്കു വച്ചു. പോസ്റ്റും ചെയ്തു. അതില്‍ വിവാഹ ചടങ്ങിലെ സന്തോഷങ്ങളില്‍ വധൂവരന്മാര്‍ പങ്കു വച്ച ഇന്ററസ്റ്റിംഗ് ആയ കുറെ റീലുകള്‍ ഉണ്ടായിരുന്നു. ചിലത് ഇവിടെ പോസ്റ്റ് ചെയ്തിരുന്നു. വിചാരിക്കാത്ത കൗണ്ടില്‍ അവയൊക്കെ റീച് നേടപ്പെട്ടു. ആയിരക്കണക്കിന് കമന്റുകള്‍ ഓരോന്നിലും നിരന്നു. കാര്യത്തിലേക്ക് വരാം. സ്ത്രീധന വിഷയത്തിലെ വേദനിപ്പിക്കുന്ന മരണങ്ങള്‍ക്ക് പിന്നാലെ ഒരു ആത്മാര്‍ഥതയുമില്ലാത്ത കുറെ ബഹിളിക്കൂട്ടങ്ങള്‍ ഈ കല്യാണ അവസരങ്ങളിലെ റീലുകള്‍ക്ക് താഴെ മുട്ടാപ്പോക്ക് കമന്റുകള്‍ ആയി നിരന്നു.

അയ്യോ കല്യാണം കഴിഞ്ഞും ജീവനോടെ കണ്ടാല്‍ മതി കഷ്ടം തന്നെ കുട്ടികളെ. തുടങ്ങി കേട്ടാലറയ്ക്കുന്ന അയലത്തെ വീട്ടിലെ അമ്മാവന്‍ സങ്കടങ്ങള്‍. ഒരു പരിധിക്കപ്പുറം പോസ്റ്റ് റീച് ചെയ്താല്‍ പിന്നെ കമന്റ് ബോക്‌സ് ക്‌ളോസറ്റ് പോലെ ആണെന്നറിയാതെ അല്ല. റീച് കിട്ടുന്നുണ്ടല്ലോ ഇതൊക്കെ സൈഡില്‍ കൂടി പൊയ്‌ക്കോട്ടേ ഇവിടെ ഇങ്ങനൊക്കെ ആണ് എന്നൊക്കെ കരുതി വാലും ചുരുട്ടി ഇരിക്കാനുള്ള മടി കൊണ്ടാണ്. കേള്‍ക്കുമ്പോഴേ ഒരീളക്ക് ആത്മാര്‍ഥത തോന്നാത്ത ഈ അലുവേം കൊണ്ട് അളിയന്മാര്‍ ഇനി ഇവിടെ കമന്റ് ചെയ്യാന്‍ വരരുത്. ഒരുളുപ്പും ഇല്ലാതെ ഇങ്ങനെ പോണവഴി ഒരു കമന്റ് ഇരിക്കട്ടെ എന്ന ലേബലില്‍ ഓരോരുത്തര്‍ കമന്റടിക്കുമ്പോള്‍ ചുമ്മാ കണ്ടിരിക്കാന്‍ പറ്റാത്തൊണ്ടാണ്. കുറെ എണ്ണത്തിനെ ബ്ലോക്ക് ചെയ്‌തെടുത്തു കളഞ്ഞു. എന്നാലും കുറച്ചു കാവ്യാത്മകമായി വീണ്ടും പറയാ. ഫലം ഇത്തിരി കുറഞ്ഞാലും വേണ്ടില്ല വൃത്തികേട് ചെയ്യരുത്. ബിലഹരി പറയുന്നു.

നിരവധി പേരാണ് സംവിധായകന്റെ അഭിപ്രായത്തെ പിന്തുണച്ച് കമന്റുകളുമായി എത്തിയിരിക്കുന്നത്. പായസം കഴിച്ചാല്‍ ഉപ്പ് പോരാ എന്ന് പറയുന്ന നാട് ആണ് നമ്മുടെ അതൊക്കെ വിട്ടുകള. മെഴുകാന്‍ എവിടേലും കിട്ടിയാല്‍ മതിയല്ലോ ചേട്ടാ. അതങ്ങനെ കുറെ.പറഞ്ഞിട്ട് കാര്യമില്ല. തുടങ്ങിയ കമന്റുകളാണ് വരുന്നത്. വീഡിയോ ട്രെന്‍ഡിങ് ആയതോടെ പലരും ഇത്തരത്തില്‍ നിരവധി കമന്റുകളുമായി എത്തുന്നുണ്ട്. അവരാരും അതിന് പിറകിലെ സന്തോഷം കാണുന്നില്ല. വിമര്‍ശനവും പരിഹാസവുമാണ് അവരുടെ കമന്റില്‍ നിറയുന്നത്. അതും നല്ല രീതിയില്‍ ഉള്ളതും അല്ല. എന്നാല്‍ സ്വന്തം കാര്യത്തില്‍ ഇതൊന്നും പാലിക്കാത്തവരാണ് ഇവരൊക്കെയെന്നും പ്രൊഫൈല്‍ എടുത്തു നിങ്ങളുടെ പഴയ കല്യാണ ഫോട്ടോ നോക്കാനും ചിലര്‍ പറയുന്നു.