ARTICLES

മലയാളത്തിന്റെ ബാഹുബലി ആടുജീവിതത്തിന്റെ ലൊക്കേഷന്‍ അനുഭവം

മലയാള സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. കഴിഞ്ഞ വര്‍ഷങ്ങളിലെ ബെസ്റ്റ് സെല്ലര്‍ ബുക്കായിരുന്ന ബെന്യാമിന്റെ ആടുജീവിതം നോവലാണ് സംവിധായകന്‍ ബ്ലെസ്സി അതേ പേരില്‍ സിനിമ ആക്കുന്നത്. പൃഥ്വിരാജ് സുകുമാരനാണ് നജീബ് എന്ന നായക കഥാപാത്രമായി എത്തുന്നത്. ഏ ആര്‍ റഹ്മാനാണ് സംഗീതം. കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്ത് സിനിമാസംഘം ചിത്രീകരണത്തിനിടെ ജോര്‍ദാന്‍ എന്ന രാജ്യത്ത് പെട്ടുപോയിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അവിടുത്തെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയത്. അവിടുത്തെ സിനിമാ അനുഭവം വിവരിക്കുകയാണ് സിനിമയുടെ ആര്‍ട്ട് ഡയറക്ടര്‍ കൂടിയായ പ്രശാന്ത് മാധവ്. പ്രശാന്ത് മാധവിന്റെ വാക്കുകള്‍ ഇങ്ങനെ.

രണ്ടായിരത്തി പതിനെട്ട് നവംബര്‍ പതിനാലിനാണ് ഞാന്‍ ലൊക്കേഷന്‍ നോക്കാനായി ജോര്‍ദ്ദാനിലേയ്ക്ക് പോകുന്നത്. സിനിമയ്ക്ക് പറ്റിയ ലൊക്കേഷനുകളെല്ലാം തേടി കണ്ടെത്തി. കാലാവസ്ഥയും അനുകൂലമായിരുന്നു. അതിന്റെ സന്തോഷത്തിലാണ് നാട്ടില്‍ മടങ്ങിയെത്തിയത്. രണ്ടായിരത്തി പത്തൊമ്പത് ജനുവരി പതിനേഴിന് വീണ്ടും ജോര്‍ദ്ദാനിലെത്തി. ഇത്തവണ സംഘാംഗങ്ങള്‍ ഉള്‍പ്പെടെ ഞങ്ങള്‍ അറുപത്തിരണ്ട് പേരുണ്ടായിരുന്നു. നിര്‍ഭാഗ്യമെന്ന് പറയട്ടെ അപ്പോഴേയ്ക്കും കാലാവസ്ഥ മാറാന്‍ തുടങ്ങിയിരുന്നു. കൊടും തണുപ്പായിരുന്നു. ചില പ്രഭാതങ്ങളില്‍ കടുത്ത മഞ്ഞുവീഴ്ചയും തുടങ്ങിയിരുന്നു. ജോര്‍ദ്ദാന്റെ തലസ്ഥാനമായ അമാനിലായിരുന്നു ആദ്യ ചിത്രീകരണം., പൃഥ്വിരാജ് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന ഭാഗങ്ങളാണ് ചിത്രീകരിക്കുന്നത്.

അര്‍ബാബിനൊപ്പം ജോലിസ്ഥലത്തേയ്ക്കുള്ള ട്രാവല്‍ പോര്‍ഷനുകളും ചിത്രികരിക്കണമായിരുന്നു. തിരക്കഥയില്‍ നജീബ് ഗള്‍ഫില്‍ വന്നിറങ്ങുന്നത് ഒരു വേനല്‍കാലത്താണ്. അത് ഷോട്ടുകളിലും എസ്റ്റാബ്ലിഷ് ചെയ്യേണ്ടതുണ്ട്. ഒരു പഴഞ്ചന്‍ വണ്ടിക്ക് പിറകിലായി പൃഥ്വിയും ഗോകുലും യാത്ര ചെയ്യുന്ന ഷോട്ടുകള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ തണുപ്പുകാരണം ഞങ്ങള്‍ കിടുകിട വിറയ്ക്കാന്‍ തുടങ്ങിയിരുന്നു. സ്വെറ്ററിനു പുറമേ നാലും അഞ്ചും ഡ്രെസ്സുകള്‍ ഞങ്ങള്‍ എല്ലാവരും ധരിച്ചിട്ടുണ്ടായിരുന്നു. എന്നിട്ടുപോലും തണുപ്പിനെ തടുക്കാന്‍ കഴിയുന്നില്ല. പാന്റും ഉടുപ്പും വള്ളിച്ചെരിപ്പും മാത്രമായിരുന്നു പൃഥ്വിരാജ് ധരിച്ചിരുന്നത്. എന്നിട്ടും കീറിമുറിക്കുന്ന തണുപ്പിനെ അദ്ദേഹത്തിന് എങ്ങനെ പ്രതിരോധിക്കാന്‍ കഴിഞ്ഞുവെന്നത് അത്ഭുതമായി തുടരുകയാണ്. അമാനിലെ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയിട്ടാണ് ഞങ്ങള്‍ മരുഭൂമിയിലേയ്ക്ക് ചിത്രീകരണത്തിനായി കയറിയത്. അവിടെ തണുപ്പ് മാത്രമല്ല പൊടിക്കാറ്റും ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. വരാനിരിക്കുന്ന മഴയുടെ ലക്ഷണമാണെന്ന് അവിടുത്തെ മാനേജര്‍ പറഞ്ഞു. പൊടിക്കാറ്റ് കാരണം തൊട്ടടുത്ത് നില്‍ക്കുന്നവരെപ്പോലും കാണാനാകുമായിരുന്നില്ല. ചിത്രീകരണം ഇടയ്ക്കിടെ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. പൊടിക്കാറ്റിനെ പ്രതിരോധിക്കാനായി ഞങ്ങള്‍ വട്ടംകൂടി നില്‍ക്കും. എന്നിട്ട് തോളോട് തോള്‍ ചേര്‍ന്ന് കൈകള്‍ കൂട്ടിപ്പിടിച്ചാണ് നില്‍പ്പ്. എന്നിട്ടും ഞങ്ങളെ പറത്തിക്കൊണ്ടുപോകാനുള്ള ശക്തി ആ കാറ്റിനുണ്ടായിരുന്നു.

ചിത്രീകരണം ഇഴഞ്ഞുനീങ്ങുകയാണ്. ഞങ്ങളുടെ മടക്കയാത്രയ്ക്കുള്ള സമയവും അടുത്തുവരുന്നു. ഞങ്ങളില്‍ ആശങ്കയേറ്റി മഴയും ഇടയ്ക്കിടെ പെയ്യുന്നുണ്ടായിരുന്നു. ചിത്രീകരണം കൂടുതല്‍ ദുസ്സഹമായി. അവശേഷിക്കുന്ന ഭാഗങ്ങള്‍കൂടി പൂര്‍ത്തിയാക്കി എത്രയുംവേഗം നാട്ടിലേയ്ക്ക് മടങ്ങാനുള്ള ഞങ്ങള്‍. അതുകൊണ്ട് ബുദ്ധിമുട്ട് സഹിച്ചും ചിത്രീകരണം തുടര്‍ന്നുകൊണ്ടിരുന്നു. ഇനിയും മരുഭൂമിയില്‍ തുടര്‍ന്നാല്‍ ഹോട്ടലിലേയ്ക്കുള്ള മടക്കയാത്ര സാധ്യമാവില്ലെന്ന് മാനേജര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ അനുസരിക്കാന്‍ ഞങ്ങള്‍ തയ്യാറായി. പെട്ടെന്നുള്ള യാത്രയായതിനാല്‍ ജനറേറ്റര്‍ അടക്കം എല്ലാം മരുഭൂമിയില്‍ ഉപേക്ഷിച്ചിട്ടാണ് ഹോട്ടലിലേയ്ക്ക് മടങ്ങിയത്. അതിനുപിന്നാലെ ശക്തമായ മഴ പെയ്യാന്‍ തുടങ്ങി. അതവസാനിച്ചത് രണ്ടാംദിവസം പ്രഭാതത്തിലും. അന്ന് രാവിലെ ലൈന്‍ പ്രൊഡ്യൂസര്‍ ഈപ്പന്‍ചേട്ടന്‍ എന്റെ മുറിയിലേയ്ക്ക് വന്നു. വണ്ടി റെഡിയാണെന്നും ലൊക്കേഷന്‍വരെ പോയിട്ട് വരാമെന്നും പറഞ്ഞു.

ലൊക്കേഷനിലെത്തുമ്പോള്‍ കണ്ട കാഴ്ച. ചിത്രീകരണത്തിനായി ഒരുക്കിയിരുന്ന വാട്ടര്‍ടാങ്ക് മഴയേറ്റ് വീണുകിടക്കുന്നു. ജനറേറ്റര്‍ വണ്ടി ഒരു വലിയ ഗര്‍ത്തത്തിലേയ്ക്ക് വീണുകിടക്കുന്നു. അതിന്റെ മുക്കാല്‍ഭാഗവും മണ്ണുകൊണ്ട് മൂടപ്പെട്ട നിലയിലും. അടുത്ത ദിവസം രാവിലെയാണ് മടക്കയാത്രയ്ക്കുള്ള ഞങ്ങളുടെ ടിക്കറ്റുകള്‍ ഇട്ടിരുന്നത്. ചിത്രീകരണം പാതിവഴിയില്‍ അവസാനിപ്പിച്ച് മടങ്ങേണ്ടി വരുമല്ലോ എന്ന ആശങ്കയില്‍ നില്‍ക്കുമ്പോള്‍ ഈപ്പന്‍ ചേട്ടന്‍ ഞങ്ങളോടൊരു കാര്യം പറഞ്ഞു. ലൊക്കേഷനിലെ ദുരവസ്ഥ ആരോടും പറയാന്‍ നില്‍ക്കണ്ട. പകരം ചിത്രീകരണത്തിന് എല്ലാവരും റെഡിയായി വരാന്‍ പറയാം. അങ്ങനെ ഒമ്പത് മണിയോടെ എല്ലാവരും ലൊക്കേഷനിലെത്തി. അവിടുത്തെ കാഴ്ച അവരുടെയും നെഞ്ചുരുക്കുന്നതായിരുന്നു. എങ്ങനെയും അവിടുന്ന് രക്ഷപ്പെട്ട് പോകണമെന്ന ചിന്ത മാത്രമായിരുന്നു പിന്നെ എല്ലാവരുടെയും മനസ്സില്‍. അത്രയേറെ അവര്‍ മടുത്തിരുന്നു. അതുകൊണ്ട് ഒറ്റ മനസ്സോടെ എല്ലാവരും ചേര്‍ന്ന് പ്രവര്‍ത്തിച്ചു. അതിന് ഫലമുണ്ടായി. അടുത്ത ദിവസം പുലര്‍ച്ചെ മൂന്നരയോടെയാണ് ചിത്രീകരണം തീര്‍ന്നതെങ്കിലും അവസാന ഷോട്ടുവരെ പൂര്‍ത്തിയാക്കിയാണ് ഞങ്ങള്‍ ഹോട്ടലിലേയ്ക്ക് മടങ്ങിയത്. വന്നു കയറുമ്പോള്‍ രാവിലെ നാലര മണി. നേരെ കുളിച്ച് എയര്‍പോര്‍ട്ടിലേയ്ക്ക് യാത്ര പുറപ്പെടുകയായിരുന്നു. ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ഒരു യാത്രയുടെ തുടക്കം മാത്രമായിരുന്നു അതെന്ന് ഞങ്ങളപ്പോള്‍ അറിയുന്നുണ്ടായിരുന്നില്ല.

Trending

To Top
error: Content is protected !!