കഥ നടക്കുന്ന ജില്ലയിൽ ഉള്ളവർ മാത്രം അറിയിച്ചാൽ മതിയെന്നാണ് പറയുന്നത്

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ഛായാമുഖി എന്ന പ്രൊഫൈലിൽ നിന്ന് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കുറച്ചുകാലമായി മലയാളസിനിമയുടെ കാസ്റ്റിംഗ് കാളിൽ കണ്ടുവരുന്ന ഒരു കാര്യമാണ്, കഥ നടക്കുന്ന ജില്ലയിൽ ഉള്ളവർ മാത്രം അയച്ചാൽ മതി എന്നുള്ള വാചകം.

ഒരു സംശയം ചോദിച്ചോട്ടെ സിനിമാക്കാരെ, എ ആയിരിക്കുന്ന ഒരാളെ ബി ആക്കി കാണിക്കുകയല്ലേ സിനിമയിൽ നിങ്ങൾ ചെയ്യുന്നത്. ആ ട്രാൻസ്‌ഫോമേഷനിൽ സ്‌ലാംഗും ഉൾപ്പെടില്ലേ. കുറച്ചൊന്നു പ്രാക്ടീസ് ചെയ്‌താൽ വേറൊരു ശൈലി പറയാൻ പറ്റാത്ത ഏത് നടനാണ് ഉള്ളത്? ഏത് മലയാളിയാണുള്ളത്? മണ്ണാറത്തൊടി ജയകൃഷ്ണനെ ചെയ്യാൻ ഒരു തൃശൂരുകാരൻ മതി എന്ന് പത്മരാജൻ ചിന്തിക്കാതിയിരുന്നത് മോഹൻലാൽ എന്ന നടനിലും അത് ചെയ്യിച്ചെടുക്കാനുള്ള സ്വന്തം കഴിവിലും അദ്ദേഹത്തിന് അത്രയധികം വിശ്വാസമുള്ളത്കൊണ്ടല്ലേ?

അതെന്തുകൊണ്ടാണ് നിങ്ങൾക്ക് നിങ്ങളുടെ കയ്യിൽ കിട്ടുന്ന നടന്മാരിൽ ഇല്ലാത്തത്. പോട്ടെ, സ്വന്തം കഴിവിൽ പോലും ഇല്ലാത്തത്? കാര്യമൊക്കെ ശരിതന്നെ. അവനവന്റെ ഭാഷ പറയുമ്പോൾ കുറച്ചുകൂടി സ്വാഭാവികതയോടെ കാര്യങ്ങൾ ചെയ്യാൻ പറ്റും. പക്ഷേ അതിങ്ങനെ മറ്റുജില്ലയിലെ സിനിമാ മോഹികളെ മുഴുവൻ ആക്ഷേപിക്കുന്നതുപോലെ ആകുന്നത് കുറച്ചു കഷ്ടമാണ് കേട്ടോ. എന്നാപ്പിന്നെ ആ മൂന്നുജില്ലക്കാർ മാത്രം നിങ്ങടെ സിനിമ കണ്ടാൽ മതി എന്ന് ബാക്കി ജില്ലക്കാർ തീരുമാനിച്ചാൽ എന്താകും അവസ്ഥ എന്ന് കൂടി ആലോചിക്ക്.

മലയാള സിനിമ മലയാളികളുടെ ആണ്. അതിനെ വേലിക്കെട്ടി തിരിക്കരുത്. അപേക്ഷയാണ്‌. അത്‌ ഒറ്റക്കെട്ടായി നിന്ന് അഭിനയിക്കാൻ ആയാലും ആസ്വദിക്കാൻ ആയാലും ചാൻസ് കിട്ടുന്നത് മലയാളിയ്ക്ക് ആകണം. ഒരു കാരണത്തിന്റെ പേരിലും വേർതിരിച്ചാകരുത്. എല്ലാവരും ശ്രമിച്ചു നോക്കട്ടെന്നേയ്. സായിപ്പിനെക്കാൾ നന്നായി ഇംഗ്ലീഷ് പറയുന്നവർ ഉണ്ടായിക്കൂടെന്നൊന്നും ഇല്ലല്ലോ. ഒരു ചാൻസ് കൊടുത്തു നോക്ക്. (ഈ ഫോട്ടോ ചേർക്കുന്നു എന്ന് കരുതി ഇതിന്റെ ആളുകളെ മാത്രമല്ല, പൊതുവിൽ ഇപ്പോ കണ്ടുവരുന്ന ഒരു പ്രവണതയെ ചൂണ്ടിക്കാണിക്കാൻ അവസാനം കിട്ടിയ ഫോട്ടോ വച്ച് പോസ്റ്റ്‌ ചെയ്യുന്നു എന്നേയുള്ളൂ) എന്നുമാണ് പോസ്റ്റിൽ പറയുന്നത്.

അവരവരുടെ ജില്ലയിൽ ഉള്ളവർ ആകുമ്പോൾ കാര്യങ്ങൾ ഈസി ആവും. അതിനുവേണ്ടിയാവാം അതാതു ജില്ലയിൽ ഉള്ളവർ തന്നെ അയക്കാൻ പറയുന്നത്.ഉദാഹരണം ശ്രീനാഥ്ഭാസി ഏതു സ്ലാങ് സംസാരിചാലും ഒരു കൊച്ചി സ്ലാങ് കേറിവരും,  ആ ഉദാഹരണം അത്ര പന്തിയല്ല. മോഹൻലാലിന്റെ തൃശൂർ സ്ലാങ്ങ് വെറും കോമഡിയായിരുന്നു. സംവിധായകന് നടനെ മതിയായിരുന്നു. പ്രാദേശിക ഭാഷ പറയുന്ന ആളെ നിർബന്ധമില്ലായിരുന്നു. ആ സിനിമ തൃശൂരിന്റ ഭാഷ കൊണ്ടോ പ്രാദേശികമായ എന്തെങ്കിലും സവിശേഷത കൊണ്ടോ അല്ല നിലനില്ക്കുന്നത് തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

 

Leave a Comment