ARTICLES

ഒരു സുപ്രഭാതത്തിൽ മുരളിക്ക് ഞാൻ ശത്രുവായി..!! ഞാൻ എന്ത് ചെയ്തിട്ടാ.?? ഒന്നുമറിഞ്ഞൂടാ.. പിന്നെ അത് അകന്ന് അകന്ന് അകന്ന് പോയി..! മമ്മൂട്ടി പറയുന്നു…വീഡിയോ

മമ്മൂക്കയുടെ ഒട്ടുമിക്ക അഭിമുഖങ്ങളും കണ്ടിട്ടുണ്ട്

അഭിമുഖങ്ങളിൽ അനാവൃതമാകുന്ന അദ്ദേഹത്തിന്റെ ലളിതമായ ശരീരഭാഷ

അനുഭവങ്ങൾ പങ്ക് വയ്ക്കുന്ന സരസമായ ശൈലി

തന്റെ സഹപ്രവർത്തകരെ ഓർത്തെടുക്കുന്ന മനോഹരമായ ഭാഷണങ്ങൾ

എല്ലാം ഒരുപാടൊരുപാട് ഇഷ്ടമാണ്.

ഇക്കാരണങ്ങളാൽ തന്നെ ജോണി ലൂക്കോസിന്റെ നേരെ ചൊവ്വേ മുതൽക്ക് കരൺ ഥാപ്പറിന്റെ BBC ഇംഗ്ലീഷ് ഇന്റർവ്യൂ വരെ കണ്ടിട്ടുണ്ട്..കൂട്ടത്തിൽ കാണണം എന്ന് അതിയായി ആഗ്രഹിച്ചതും എന്നാൽ പലകാരണങ്ങളാൽ വിട്ടു പോയതുമായ ഒന്നായിരുന്നു കുറച്ച് കാലം മുൻപ് ഓരോണക്കാലത്ത് കൈരളി ചാനലിൽ സംപ്രേഷണം ചെയ്ത സംവിധായകൻ രഞ്ജിത്ത് ഭാഗമായിട്ടുള്ള മമ്മൂക്കയുടെ ഈ ഇന്റർവ്യൂ

യാദൃച്ഛികമായാണ് അതിലെ പ്രസക്തഭാഗം ഇന്നലെ യൂട്യൂബിൽ കാണാൻ ഇടയായത്

മമ്മൂട്ടി എന്ന നടൻ വളരെ വികാരാധീനനാകുന്നു..വാക്കുകൾ കിട്ടാതെ വിഷമിക്കുന്നു

ഒരാളെ കുറിച്ച് ഓർത്തപ്പോൾ മാത്രം

🙂മുരളി🙂

അഭിമുഖത്തിൽ പറഞ്ഞ മമ്മൂക്കയുടെ വാക്കുകൾ തന്നെ കടമെടുക്കുന്നു

👇👇👇👇

ഞാനും മുരളിയും കൂടി ഒരുമിച്ചഭിനയിച്ച സിനിമകൾ എടുത്ത് പരിശോധിച്ചാ നിങ്ങൾക്ക് മനസ്സിലാകും,ഒരു ഇമോഷണൽ ലോക്ക് ഉണ്ട് ഞങ്ങൾ തമ്മിൽ…ഞങ്ങൾ ഒരു പടത്തിൽ സുഹൃത്തുക്കളായാലും ശരി,,ശത്രുക്കൾ ആയാലും ശരി ഒരു ഇമോഷണൽ ലോക്ക് ഉണ്ട് എപ്പോഴും..അതിപ്പോ അമരത്തിലായാലും ശരി,ഇൻസ്‌പെക്ടർ ബൽറാമിലായാലും ശരി..ശക്തമായൊരു ഇമോഷണൽ ലോക്കുണ്ട്

ഒരു സുപ്രഭാതത്തിൽ മുരളിക്ക് ഞാൻ ശത്രുവായി..

ഞാൻ എന്ത് ചെയ്തിട്ടാ..???

ഒന്നുമറിഞ്ഞൂടാ..

പിന്നെ അത് അകന്ന് അകന്ന് അകന്ന് പോയി..

എനിക്ക് ഭയങ്കരായിട്ട്..????

(തെല്ലുനേരം നിശ്ശബ്ദത)

എനിക്ക് ഭയങ്കരായിട്ട് മിസ്സ് ചെയ്യുന്നുണ്ട്.

ഇപ്പോ,ലോഹിതദാസിന്റെയൊക്കെ മരണമൊക്കെ ഉണ്ടെങ്കിൽ തന്നെയും അതൊക്കെ സ്‌നേഹത്തിലാണ് പിരിഞ്ഞത്..പക്ഷേ ഇത്..????

എന്താണ് ന്ന് പോലും അറിയാൻ പാടില്ലാത്ത ഒരു വ്യഥ..അതിപ്പോഴും ഉണ്ട് എനിക്ക്..എന്റെ മനസ്സില്

(വീണ്ടും ഒരു ചെറിയ നിശ്ശബ്ദത)

എനിക്ക് ഫസ്റ്റ് നാഷണൽ അവാർഡ് കിട്ടിയപ്പോ മുരളിയുടെ അടുത്ത് ടി.വിക്കാർ ചെന്നപ്പോൾ,മുരളി പറഞ്ഞത് എനിക്ക് ഇപ്പോഴും ഓർമയുണ്ട്

“മലയാളത്തിലെ Klaus Kinski ആണ് മമ്മൂട്ടി”

‘Aqquire The Wrath Of God’ എടുക്കുമ്പോ മുരടനായ Klaus Kinskiയെ സംവിധായകൻ കാട്ടിൽക്കൂടെ നടത്തിയത് പോലെ മമ്മൂട്ടിയേയും അയാൾക്കിഷ്ടമില്ലാത്ത രീതിയിൽ പലപ്പോഴും നമ്മൾ നടത്തിയിട്ടുണ്ട്..അങ്ങനത്തെ ആളാണ്..പക്ഷേ Great ആക്ടർ ആണ്..അങ്ങനെയൊക്കെ എന്നെ പറ്റി പറഞ്ഞിട്ടുള്ള ആളാണ് മുരളി.

പക്ഷേ..

(നിശ്ശബ്ദത)

എന്തോ..??

വേറെ എന്തോ കാരണമുണ്ടാകാം

ഒരു കാര്യോം ഇല്ല ട്ടോ

എനിക്കറിയില്ല ട്ടോ

ഞാൻ ഒന്നും ചെയ്തിട്ടില്ല

ഞാനെന്തെങ്കിലും ചെയ്തു ന്ന് പുള്ളിക്കും അഭിപ്രായം ഉണ്ടാവില്ല

പക്ഷേ..പെട്ടെന്ന് അകന്ന് പോയി

👆👆👆👆

ലൊക്കേഷനിൽ നിന്ന് ലൊക്കേഷനിലേക്ക് പാറി നടക്കുന്ന/പറന്നു നടക്കുന്ന ഒരു നടൻ

ഒറ്റ നിമിഷം കൊണ്ട് ലോകത്തോട് മുഴുവൻ കലഹിക്കാനും അതേ ലോകത്തെ തന്റെ നടനമികവാൽ കയ്യിലെടുക്കാനും കാലിബർ ഉള്ള ഒരു മനുഷ്യൻ യാതൊരു ഇൻഹിബിഷനുമില്ലാതെ ക്യാമറക്ക് മുന്നിൽ വാചാലനാകുന്നു..അതും തന്റെ കൂടെ പതിനേഴ്‌ സിനിമകളിൽ ഒരുമിച്ചഭിനയിച്ച ഒരു നടനെയോർത്ത്..

ഇടക്കാലത്ത് വഴി പിരിഞ്ഞുപോയ അയാളുടെ സൗഹൃദത്തെക്കുറിച്ചോർത്ത്.

ഇടമുറിഞ്ഞു പോയ തങ്ങളുടെ ഹൃദയബന്ധത്തെക്കുറിച്ചോർത്ത്

രഞ്ജിത്തിന്റെ മുൻപിൽ അഭിമുഖത്തിന് പോയിരിക്കുമ്പോൾ അയാൾ മമ്മൂട്ടി എന്ന താരമല്ല,മമ്മൂട്ടി എന്ന മനുഷ്യൻ തന്നെയാണ്..നാടകീയതയുടെ വച്ചു കെട്ടലൊന്നുമില്ലാത്ത..അതിഭാവുകത്വത്വമോ അതിപ്രസരമോ ഇല്ലാത്ത ഒരു പാവം മനുഷ്യൻ..ഒരു വാക്ക് പോലും പറയാതെ മുരളി തന്നെ ഉപേക്ഷിച്ചു പോയതിന്റെ നിരാശ ആവോളം പേറുന്ന ഒരാൾ

ഇന്റർവ്യൂവിൽ മമ്മൂക്ക പറഞ്ഞ കാര്യം വളരെ ശരിയാണ്..മുരളിയുടെ കൂടെയഭിനയിക്കുമ്പോൾ ഒരു പ്രത്യേക തരം ഇമോഷണൽ ബോണ്ട് അഥവാ ഇമോഷണൽ ലോക്ക് ഇരുവരുടേയും കഥാപാത്രങ്ങൾക്ക് കൈവരുന്നത് പോലെ തോന്നിയിട്ടുണ്ട്..

അമരത്തിലായാലും
കനൽക്കാറ്റിലായാലും
കൗരവരിലായാലും
കളിക്കളത്തിലായാലും
ഇൻസ്പെക്ടർ_ബൽറാമിലായാലും
മഹാനഗരത്തിലായാലും
ആയിരംനാവുള്ളഅനന്തനിൽ ആയാലും
അങ്ങനെ തന്നെ എത്രയോ ഉദാഹരണങ്ങൾ

അമരമെന്ന സിനിമയിൽ തന്നെ ഒറ്റക്ക് തോണി തുഴഞ്ഞ് പോയി അശോകന്റെ ശരീരം കൊണ്ട് വന്ന് ആൾക്കൂട്ടത്തിനിടയിലൂടെ നടന്നു നീങ്ങി കട്ടിലിൽ വച്ചു കിടത്തുന്നുണ്ട് മമ്മൂട്ടിയുടെ അച്ചൂട്ടി എന്ന കഥാപാത്രം..ശരീരം കട്ടിലിൽ വച്ച ശേഷം നിശ്ചലനായി കിടക്കുന്ന അശോകന്റെ കഥാപാത്രത്തെ തെല്ലിട നേരം നോക്കി നിൽക്കുകയാണ് അയാൾ.

അയാൾക്ക്(അശോകന്) ജീവനുണ്ടെന്ന ബോധ്യം വന്ന നിമിഷത്തിൽ

ആരോടും ഒരു വാക്ക് പോലും പറയാതെ..

ആർക്കും മുഖം കൊടുക്കാതെ..

ആൾക്കൂട്ടത്തിൽ അന്യനായി തലയും കുമ്പിട്ട് അച്ചൂട്ടി ഇറങ്ങി പോകുന്നുണ്ട്

തൊട്ട് പിന്നാലെ അച്ചുവെ എന്നുറക്കെ വിളിച്ച് മുരളിയുടെ കഥാപാത്രം ഉടൻ തന്നെ ഓടി വരികയും അയാളെ ഗാഢമായി പുണർന്നു ആലിംഗനം ചെയ്യുകയും ചെയ്യുന്നു

അത്രയും കാലത്തെ തെറ്റിദ്ധാരണകളെയെല്ലാം ഒറ്റ നിമിഷം കൊണ്ട് കാറ്റിൽ പറത്തിയ ആ സിനിമയിലെ ഏറ്റവും മനോഹരമായ മുഹൂർത്തങ്ങളിൽ ഒന്ന്

അച്ചുവിനെ ഇറുക്കിയുള്ള ഒരു ആലിംഗനം

പിന്നെ കണ്ണുകളിൽ നോക്കി ഒരു ചിരിയും

ശരിക്കും ശിശുസഹജമായ എന്തോ ഒന്ന് മമ്മൂട്ടിയിലും മുരളിയിലും ഉണ്ടായിരുന്നു

ഒരു തരം നൈർമല്യം.

നിഷ്കളങ്കത☺️

ഈ അഭിമുഖം കൃത്യമായി ശ്രദ്ധിച്ചാൽ,അഭിമുഖത്തിലെ 3:07-3:08 ഭാഗത്ത്..ആ ഒരു സെക്കൻഡിൽ..ആ ഒരു മാത്രയിൽ ഒരു ഇടർച്ച കയറിവരുന്നുണ്ട് മമ്മൂക്കയുടെ സ്വരത്തിൽ..ആ ഇടർച്ച ഈ അഭിമുഖം കണ്ടു കഴിഞ്ഞിട്ടും വല്ലാതെ നോവിപ്പിക്കുന്നുണ്ട്

സിനിമകളിലൂടെ ഒരുമിച്ച് വളർന്ന മമ്മൂട്ടിക്കും മുരളിക്കുമിടയിൽ എന്തായിരിക്കും ശരിക്കും സംഭവിച്ചത്??

തെറ്റിദ്ധാരണയുടെ പേരിൽ ആണെങ്കിലും അല്ലെങ്കിലും 2000ന് ശേഷം ഈ കോംബോയെ ഒരിക്കൽ പോലും ഓൺസ്‌ക്രീനിൽ ഒരുമിച്ച് കാണാൻ സാധിക്കാതിരുന്നത് നമ്മുടെ നഷ്ടമാണ്

മലയാളസിനിമയുടെ മാത്രം നഷ്ടം

സുനിൽ വെയ്ൻസ് ◆മൂവി സ്ട്രീറ്റ്

Trending

To Top
error: Content is protected !!