കുഞ്ചാക്കോ ബോബന്‍ എന്ന നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ സിനിമ ആയിരുന്നു കസ്തൂരിമാന്‍. സാജന്‍ ജോസഫ് ആലുക്ക എന്ന കഥാപാത്രം ഇപ്പോഴും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഒന്നായി മാറിയതില്‍ നടന്റെ മികച്ച പ്രകടനവും വലിയൊരു ഘടകം തന്നെ ആയിരുന്നു. ലോഹിതദാസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ മീര ജാസ്മിനാണ് നായികയായി എത്തിയത്. പ്രിയംവദ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. രാജേന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രമായി നടന്‍ ഷമ്മി തിലകനും മികച്ച അഭിനയമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. സിനിമയും അതിലെ ഗാനങ്ങളും ഇപ്പോഴും മലയാളിക്ക് പ്രിയപ്പെട്ടതാണ്.
സാജന്‍ ജോസഫ് ആലുക്കയും പ്രിയംവദയും കോളേജില്‍ സഹപാഠികളാണ്. സാജന്‍ വലിയ കുടുംബത്തില്‍ നിന്ന് വരുന്ന പയ്യനാണെന്നാണ് കോളേജില്‍ പൊതുവേ ഉള്ള ധാരണ. എന്നാല്‍ സാജന്റെ പിന്നിലുള്ള കള്ളകഥകള്‍ കണ്ടെത്താനായി പ്രിയംവദ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പിന്നീടതൊരു ഇഷ്ടത്തിലേക്ക് വഴി വെക്കുകയും ചെയ്യുന്നു. പക്ഷെ സാജന്റെ ലക്ഷ്യം ഐഎഎസ് എഴുതിയെടുക്കണം എന്നാണ്. അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നു. പ്രിയംവദയും അതിനൊപ്പമുണ്ട്. എന്നാല്‍ പ്രിയംവദയ്ക്ക് ഒരു കുറ്റം ചെയ്യേണ്ടി വരുന്നു. അതിന് ശേഷം ജയിലില്‍ പോകുന്നുമുണ്ട്. സാജന്റെ കാത്തിരിപ്പിലാണ് ലോഹിതദാസ് എന്ന മാന്ത്രികന്‍ സിനിമ അവസാനിപ്പിക്കുന്നത്.
എന്നാല്‍ സിനിമയിലെ ഒരു സീന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. കലാശാലബാബു അവതരിപ്പിച്ച ലോനപ്പന്‍ എന്ന കഥാപാത്രത്തിന്റെ മകളുമായി സാജന്‍ ജോസഫിന്റെ കല്യാണം ഉറപ്പിക്കുന്നുണ്ട്. പള്ളിയില്‍ വെച്ച് അവരുടെ മനസ്സമ്മതവും നടക്കുന്നു. എന്നാല്‍ ആ സീനില്‍ സാജന്‍ ജോസഫിന് പുറകിലായി ലോനപ്പന്റെ ഗുണ്ട നില്‍പ്പുണ്ട്. സാജനെ അതിരൂഷമായി നോക്കുകയും ചെയ്യുന്നു. മകളുടെ അടുത്തായി നില്‍ക്കുന്ന ലോനപ്പനും അത്തരമൊരു നോട്ടം സാജന് നേരെ കൊടുക്കുന്നുണ്ട്. സ്വന്തം മകളുടെ മനസമ്മതത്തിന് കലിപ്പ് ഇട്ട് നില്‍ക്കുന്ന അപ്പന്‍, ലോനപ്പന്‍. സൈഡില്‍ അതേ എക്‌സ്‌പ്രെഷനില്‍ നിക്കുന്ന ഗുണ്ടയും. എന്നൊരു അടിക്കുറിപ്പോടെ ആ രംഗത്തിന്റെ സ്‌ക്രീന്‍ഷോട്ട് ദൃശ്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.
സംവിധായകന്‍ അതില്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാകുന്നില്ല എന്നാണ് പലരും പറയുന്നത്. ഗുണ്ടയാണെങ്കിലും അയാളും ഒരച്ഛനാണ്.ആ കണ്ണുകളില്‍ ഒരച്ഛന്റെ നൊമ്പരം നമുക്ക് കാണാം. ഗുണ്ടയെ പള്ളിയില്‍ കയറ്റി ഏറ്റവും മുന്നില്‍ പെണ്ണിന്റെയും ചെക്കന്റെയും കൂടെ നിര്‍ത്താന്‍ കാണിച്ച ലോനപന്‍ ലോലന്‍ ആണ്. മനസമ്മതം ഭീഷണി പെടുത്തി അല്ലെ ഈ എക്‌സ്പ്രഷന് സാധ്യത ഉണ്ട്. ചാക്കോച്ചന് പകരം തന്നെ കുറച്ചു നേരം ഫോക്കസ് ചെയ്യിക്കാന്‍ ക്യാമറാമാനെ കണ്ണുരുട്ടി പേടിപ്പിക്കുന്നതാവും. തുടങ്ങി നിരവധി കമന്റുകളാണ് ആ ചിത്രത്തിന് താഴെ നിറയുന്നത്.