ഇത്രയേറെ സൂക്ഷ്മ സൂചനകൾ ചിത്രത്തിൽ ഫാസിൽ പ്രേക്ഷകർക്ക് തന്നിരുന്നോ

മലയാള സിനിമയിലെ തന്നെ മികച്ച സിനിമകളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. സംവിധായകൻ ഫാസിലിന്റെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് ഇത്. ഇന്നും നിരവധി ആരാധകർ ആണ് ചിത്രത്തിന് ഉള്ളത്. മണിച്ചിത്രത്താഴ് ഇന്നും മലയാളികൾക്ക് ഒരു അത്ഭുതം ആണ് എന്ന് പറയാം. കാരണം ഓരോ തവണ കാണുമ്പോഴും അത് വരെ ശ്രദ്ധിക്കാത്ത എന്തെങ്കിലും ഒന്ന് ചിത്രത്തിൽ പ്രേക്ഷകർക്ക് കാണാൻ കഴിയും എന്നതാണ് സത്യം.

ചിത്രം പുറത്തിറങ്ങി ഇത്ര വര്ഷം ആയിട്ടും ഇന്നും ഗംഗയും നകുലനും സണ്ണിയും ഒക്കെ പ്രേഷകരുടെ ഇടയിൽ വലിയ ചർച്ച ആകാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ മുഹ്സിന മുസ്‌തഫ എനെന്ന ആരാധിക ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇത്രയും കാലം മണിച്ചിത്രത്താഴ് കണ്ടിട്ടും ഇന്നലെ വീണ്ടും കണ്ടപ്പൊഴാണ് അതിനുള്ളിലെ ഡീറ്റെയിലിങ് ഞാൻ ശ്രദ്ധിക്കുന്നത്.

അത് തന്നെ കൂടുതലും ശോഭനയിൽ ആണ് താനും. ഗംഗ തെക്കിനി തുറന്നതിനു ശേഷം രാത്രിയിൽ തെക്കിനിയിൽ വെച്ച് കാട്ടുപറമ്പനും തമ്പിയും പിന്നീട് രാമനാഥന്റെ വീടിന് മുമ്പിൽ മഹാദേവനും നാഗവല്ലിയെ കണ്ട ദിവസം, വേലക്കാരികൾ ആരെയോ കണ്ടു പേടിച്ചു എന്ന് പറയാൻ ചന്തുവും ശ്രീദേവിയും നകുലന്റെ മുറിയുടെ വാതിലിൽ തട്ടുമ്പോൾ ഉള്ള സീൻ ആണ്. വാതിലിൽ ആദ്യ മുട്ട് കേട്ട ഉടൻ കണ്ണു തുറക്കുന്നത് ഗംഗയല്ല, നാഗവല്ലിയാണ് എന്നും പിന്നീട് ആണ് ഗംഗ സ്വബോധത്തിലേക് വരുന്നതെന്നും നമുക്ക് ഈ സീനിൽ കാണാം.

ഒറ്റ മുട്ടലിൽ തന്നെ അത് പ്രതീക്ഷിച്ചു കിടന്നത് പോലെ ഗംഗ കണ്ണ് തുറന്നു നോക്കുന്നതും ആ സമയത്ത് ഗംഗ കിടക്കുന്ന രീതിയും കണ്ടാൽ തന്നെ ഗംഗ ഉറക്കമായിരുന്നില്ല എന്നും പെട്ടന്ന് വന്നു കിടന്നതാണ് എന്നും മനസ്സിലാവും. അത് പോലെ ക്ലോക്കിനു കല്ലെറിയുന്ന സീനിൽ ശ്രീദേവിയെ നോക്കുന്നത് കണ്ടാൽ ഗംഗയിലെ നാഗവല്ലി എന്ന കൗശലക്കാരിയുടെ കള്ളത്തരം (ശ്രീദേവിയെ പ്രതി ആക്കാനുള്ള സൂത്ര വിദ്യ ) കാണാം. ഗംഗയെ തിരക്കി പോയ അല്ലിയെ ഓടിച്ചു മുറിയിൽ പൂട്ടിയിട്ടതിനു ശേഷമുള്ള സീനിൽ താൻ കുളിക്കുകയായിരുന്നു എന്ന് കാണിക്കാൻ തലയിൽ തോർത്തു കെട്ടിയാണ് ഗംഗ വരുന്നത്.

എന്നാൽ ഈ സീനിൽ സൂക്ഷിച്ചു നോക്കിയാൽ ഗംഗ നല്ല രീതിയിൽ വിയർത്തിരിക്കുന്നത് കാണാൻ കഴിയും. (ഇതിനു കടപ്പാട് ഉണ്ട്.യൂട്യൂബിൽ അപർണ രമേശന്റെ കമന്റ്‌ കണ്ടതിനു ശേഷമാണു ഞാൻ ഈ സീൻ ശ്രദ്ധിക്കുന്നത് ) ഇനി ഉള്ളത് സംശയമാണ്.ആ വീട്ടിൽ അത്രയും മുറികൾ ഉണ്ടായിട്ടും തെക്ക് വശത്തെ മാന്തോപ്പിലേക്ക് തുറക്കുന്ന മുറി തന്നെ വേണം എന്ന് അല്ലിയോട് പറയുന്നതും അല്ലി തെക്കിനി കാണിക്കുമ്പോൾ ഉള്ള ഭാവവും നടക്കുന്ന രീതിയും അത് പോലെ നകുലനോട് മുറി തുറക്കാൻ അനുവാദം ചോദിക്കുന്ന സീനും ഒക്കെ കണ്ടാൽ തന്ത്രപൂർവ്വം ഗംഗ കാര്യങ്ങൾ അങ്ങോട്ട്‌ എത്തിക്കുന്നതല്ലേ എന്ന് തോന്നും. കൽക്കട്ടയിൽ വെച്ച് നകുലന്റെ അമ്മയിൽ നിന്ന് കഥകൾ കേട്ട ഗംഗയ്ക്കു അവിടെ നിന്നെ അസുഖം തുടങ്ങിയിരുന്നു എങ്കിലോ? (ഇനിയും ഉണ്ട്.നിങ്ങളൊക്കെ ഇത് മുമ്പ് തന്നെ കണ്ടിട്ടുണ്ടാവും. ഞാൻ ആദ്യമായി കണ്ടതിന്റെയാണ്) എന്നുമാണ് പോസ്റ്റ്. 

Leave a Comment