കൽക്കട്ടയിൽ സ്ഥിരതാമസമാക്കിയ അവർക്ക് ഒരു കുഞ്ഞു ജനിക്കുന്നു

റീലീസ് ചെയ്തു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും മലയാള പ്രേക്ഷകർക്ക് എന്നും വിസ്മയം ആകുന്ന ചിത്രം ആണ് മണിച്ചിത്രതാഴ്. ശോഭനയുടെ അഭിനയ മികവും നൃത്തവും അനായാസം അവതരിപ്പിക്കാൻ മണിച്ചിത്രത്താഴിൽ ശോഭനയ്ക്ക് കഴിഞ്ഞു. ഒരു പക്ഷെ ശോഭന എന്ന ഒരു നടി ഇല്ലായിരുന്നു എങ്കിൽ ചിത്രത്തിന് ഇത്രയേറെ ജനപ്രീതി ലഭിക്കില്ലായിരുന്നു എന്ന് തന്നെ പറയാം. മോഹൻലാൽ, സുരേഷ് ഗോപി, ഇന്നസെന്റ്, നെടുമുടി വേണു, കെ പി എ സി ലളിത, തുടങ്ങി വൻ താര നിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.

 

ചിത്രം പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ആരാധകരുടെ ഇടയിൽ മണിച്ചിത്രത്താഴ് ചർച്ച ആകാറുണ്ട്. അത്തരത്തിൽ മണിച്ചിത്രത്താഴ് സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടായാൽ അത് എങ്ങനെ ആയിരിക്കും എന്ന ഒരു ആരാധകന്റെ പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമ പാരഡിസോ ക്ലബ്ബിൽ സ്റ്റാർവിൻ മെൻഡസ് എന്ന ആരാധകൻ ആണ് ചിത്രത്തിനെ കുറിച്ച് ഇപ്പോൾ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മാടമ്പിള്ളിയിലെ സംഭവങ്ങൾക്ക് ശേഷം കൽകട്ടയിലേക്ക് തിരിച്ചു പോയ നകുലനും ഗംഗയും പിന്നീട് തറവാട്ടിലേക്ക് മടങ്ങി വന്നിട്ടില്ല.. തെക്കിനിയിൽ നിന്നും തനിക്കുണ്ടായ അമാനുഷിക അനുഭവങ്ങൾ നകുലന്റെ വാക്കുകളിൽ നിന്ന് ഗംഗ സാവധാനം മനസ്സിലാക്കിയെങ്കിലും പിന്നീടുള്ള ജീവിതയാത്രയിൽ അവൾ അതെല്ലാം മറന്നു തുടങ്ങിയിരുന്നു. കൽക്കട്ടയിൽ സ്ഥിരതാമസമാക്കിയ അവർക്ക് ഒരു കുഞ്ഞു ജനിക്കുന്നു.

സുന്ദരിയായ ഒരു പെൺകുഞ്ഞ്. ഇഷാ നകുലൻ എന്ന് പേരിട്ട ആ കുഞ്ഞിനോട് ബാല്യത്തിൽ അവർക്ക് വലിയ വാത്സല്യമായിരിന്നു എങ്കിലും പട്ടണത്തിലെ തിരക്ക് പിടിച്ച ജീവിതത്തിൽ എന്തുകൊണ്ടോ നകുലനും ഗംഗയ്ക്കും ഇഷമോളെ വേണ്ട വിധത്തിൽ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല.. വർഷങ്ങൾക്ക് മുൻപ് ഗംഗയ്ക്ക് തന്റെ മാതാപിതാക്കളിൽ നിന്നുണ്ടായ വേദനിപ്പിക്കുന്ന അനുഭവങ്ങൾ, മറ്റൊരു രൂപത്തിൽ ഇന്ന് ഇഷമോൾ അനുഭവിക്കുന്നുണ്ടായിരുന്നു. പക്ഷെ ഗംഗയുടെത് പോലെ ശിഥിലമായ മനസ്സ് ആയിരുന്നില്ല ഇഷയുടേത്.

വളരെ ധൈര്യശാലിയും പഠിക്കാൻ മിടുക്കിയും ആയിരുന്ന ഇഷ വളർന്നു വലുതായി സൈകൈട്രിയിൽ ഡോക്ടറേറ്റ് എടുക്കുന്നതിൽ മുഴുകുന്നു. മനുഷ്യമനസ്സിനെ ഇഴകീറി പരിശോധിക്കുന്നവരിൽ അവൾ തന്റെ ഗുരുക്കന്മാരെ കണ്ടെത്തി. അങ്ങനെയിരിക്കെ ഒരിക്കൽ അമ്മയുടെ പഴയ ഡയറി കുറിപ്പുകൾ വായിക്കാനിടയാകുന്ന ഇഷ മാടമ്പിള്ളി തറവാടിനെ കുറിച്ച് മനസ്സിലാക്കുന്നു. തന്റെ പഠനത്തിന്റെ ഭാഗമായി മാടമ്പിള്ളി തറവാട് സന്ദർശിക്കുവാൻ അവൾ തീരുമാനിക്കുന്നു. തന്റെ അച്ഛന്റെയും അമ്മയുടെയും സമ്മതം വാങ്ങിയെടുക്കാൻ അവൾ നന്നേ കഷ്ടപ്പെട്ടു.

എങ്കിലും, മകൾ ഒരു സൈകൈട്രി വിദ്യാർത്ഥിയാണെന്നും ഇതൊക്കെ അവളുടെ പഠനവിഷയമാണെന്നുമുള്ള കാര്യം മനസ്സിലുള്ളത് കൊണ്ട് തന്നെ നകുലന്റെയും ഗംഗയുടെയും എതിർപ്പിന് ഇഷയുടെ തീരുമാനത്തിന്റെ അത്രയ്ക്ക് ശക്തിയില്ലായിരുന്നു. അങ്ങനെ പ്രപഞ്ചത്തിന്റെ ഏതോ ഒരു നിഗൂഡശക്തിയുടെ തീരുമാനം പോലെ, വിധിയുടെ വിളയാട്ടമെന്നോണം ആ കുടുംബത്തിൽ നിന്നൊരാൾ. ഗംഗയുടെ മകൾ ഇഷ. വീണ്ടും മാടമ്പിള്ളിയിൽ എത്തുകയാണ്. വർഷങ്ങൾക്ക് മുൻപ് മാടമ്പിള്ളിയിലെ തെക്കിനിയിൽ നിന്നും ഗംഗയിൽ പ്രവേശിച്ചത് നാഗവല്ലിയല്ല, ആ സത്യം ഇഷ മനസിലാക്കുന്നു എന്നുമാണ് പോസ്റ്റ്.

Leave a Comment