മഞ്ഞള്‍ സെവപ്പഴകിയായി ഇന്ദ്രജിത്തിന്റെ മകള്‍ ആഘോഷമാക്കി താരകുടുംബം

കഴിഞ്ഞ ദിവസമാണ് നടിയും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണ്ണിമ ഇന്ദ്രജിത്ത് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ കുറച്ച് ചിത്രങ്ങള്‍ പങ്കുവെച്ചത്. നടന്‍ ഇന്ദ്രജിത്തിന്റേയും പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റേയും രണ്ടാമത്തെ മകള്‍ നക്ഷത്ര ഇന്ദ്രജിത്തിന്റെ ഋതുമതി ചടങ്ങിന്റെ ചിത്രങ്ങളായിരുന്നു അത്. ഇന്ദ്രജിത്ത് അമ്മ മല്ലിക സുകുമാരന്‍ അനുജന്‍ പൃഥ്വിരാജ് സുകുമാരന്‍ ഭാര്യ സുപ്രിയ മേനോന്‍ തുടങ്ങിയവരും പൂര്‍ണ്ണിമയുടെ അച്ഛന്‍ മോഹന്‍ അമ്മ ശാന്തി സഹോദരി പ്രിയാമോഹന്‍ എന്നിവരും ചിത്രത്തില്‍ ഉണ്ടായിരുന്നു. മൂത്ത മകള്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്തും അവര്‍ക്കൊപ്പമുണ്ട്. സാരിയുടുത്ത് ആഭരണങ്ങളണിഞ്ഞ് വലിയ ചുവപ്പ് പൂമാല കഴുത്തിലിട്ട് ഇവരുടെയെല്ലാം മധ്യത്തായിട്ടാണ് നക്ഷത്ര ഇരിക്കുന്നത്. മഞ്ഞള്‍ സെവപ്പഴകി എന്നൊരു അടിക്കുറിപ്പും ചിത്രങ്ങള്‍ക്ക് പൂര്‍ണ്ണിമ ഇന്ദ്രജിത്ത് നല്‍കിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയ പേജുകളിലെല്ലാം നിമിഷങ്ങള്‍ക്കകം ചിത്രം പങ്കുവെയ്ക്കപ്പെട്ടു. എന്നാല്‍ ചിത്രങ്ങള്‍ക്ക് താഴെ അനവധി മോശം കമന്റുകളാണ് നിറഞ്ഞത്. ചിത്രത്തില്‍ പൂര്‍ണ്ണിമ ഇന്ദ്രജിത്തും മകള്‍ പ്രാര്‍ത്ഥനയും ധരിച്ചിരിക്കുന്ന വസ്ത്രങ്ങളാണ് ചിലരെ ചൊടിപ്പിച്ചത്. സ്ലീവ് ലെസ്സ് ബ്ലൗസ്സ് ആണ് ഇരുവരും ധരിച്ചിരിക്കുന്നത്. ഇത് കണ്ട ചില പ്രത്യേകതരം മലയാളികളുടെ സദാചാരബോധം ഉണരുകയും ചെയ്തു. ഉടന്‍ തന്നെ അവര്‍ അത്തരത്തിലുള്ള കമന്റുകളുമായി ഫോട്ടോയക്ക് താഴെ എത്തുകയും ചെയ്തു. ആദ്യം തള്ള നല്ലപോലെ തുണി ഉടുക്ക് പിന്നല്ലേ മോളുടെ വിശേഷം പങ്ക് വെക്കല്‍. എന്നായിരുന്നു ചിത്രത്തിന് താഴെ വന്ന ഒരു കമന്റ്. ഒരു സ്ത്രീയാണ് ഈ കമന്റ് ഇട്ടിരിക്കുന്നത്. അത് സത്യമാണ് എന്ന് മറ്റൊരു സ്ത്രീയും അതിന് താഴെ കമന്റിലൂടെ പ്രതികരിച്ചിരിക്കുന്നത് കാണാം.

അടുത്ത പേളിമാണി. ആദ്യം ആ അമ്മേം മക്കളേം നല്ലോണം തുണി ഇടാന്‍ പഠിപ്പിക്കു. ഇതൊക്കെ വാര്‍ത്തയാക്കാനും ഫോട്ടോ പോസ് ചെയ്യാനും നാണമില്ലേ. കുടുംബത്തിന്റെ സ്വകാര്യത വിളിച്ചു കുവുന്നു. എന്നായിരുന്നു മറ്റൊരു കമന്റും. അതും ഒരു സ്ത്രീയുടെ പ്രൊഫൈലില്‍ നിന്നാണ് വന്നിരിക്കുന്നത്. ഇവരുടെ ഫാമിലിക്കും ഫുള്‍ ഡ്രസ്സ് ഉപയോഗിക്കുന്നത് ഇഷ്ടമല്ല എന്നു തോന്നുന്നു. പൂര്‍ണ്ണിമയ്‌ക്കൊഴികെ മറ്റെല്ലാവര്‍ക്കും ആശംസകള്‍. വേറെ പണിയൊന്നുമില്ലല്ലോ. എന്തും ആഘോഷിച്ച് ആളുകളുടെ മുന്നില്‍ പുതിയ മോഡേണ്‍ ഡ്രസുകള്‍ കാണിക്കണം എന്ന് ആലോചിച്ച് നടക്കുന്നവരാണ് ഇവര്‍. പൂര്‍ണിമയ്ക്ക് തുണി അലര്‍ജിയാണ്. ഇപ്പോള്‍ മക്കള്‍ക്കും. തുടങ്ങി നിരവധി കമന്റുകള്‍ കാണാന്‍ കഴിയും.

എന്നാല്‍ പൂര്‍ണ്ണിമയുടെ വസ്ത്രധാരണം മോശമാണെന്ന് പറയുന്നവര്‍ അടുത്ത് നില്‍ക്കുന്ന പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനെ അഭിനന്ദിക്കുന്നുമുണ്ട്. വളരെ മാന്യമായ രീതിയിലാണ് സുപ്രിയ വസ്ത്രം ധരിച്ചിരിക്കുന്നത് എന്നാണ് അവരുടെ അഭിപ്രായം. നീളമുള്ള ഒരു ചുരിദാറാണ് സുപ്രിയ മേനോന്റെ വേഷം. നിങ്ങള്‍ സുപ്രിയയെ കണ്ട് പഠിക്കണം. നല്ല മാന്യമായ വസ്ത്രധാരണം. സുപ്രിയയുടെ വസ്ത്രധാരണം അഭിനന്ദനം അര്‍ഹിക്കുന്നു. മോള് ഋതുമതി ആയില്ലേ എന്നാ തുടങ്ങിക്കോളൂ അമ്മയെയും ചേച്ചീനെപ്പോലെയും ഉടുതുണി ഇല്ലാത്ത കോലം കെട്ടി നടക്കാന്‍. ചെറിയമ്മയെ കണ്ടു പഠിക്കാന്‍ നോക്കു പൊന്നു മോളെ. സുപ്രിയ ഇഷ്ടം മാന്യമായ വസ്ത്രധാരണം. തുടങ്ങിയ കമന്റുകളാണ് സുപ്രിയയുടെ വേഷത്തിന് കൈയടി നല്‍കിക്കൊണ്ട് സദാചാരസ്‌നേഹികള്‍ ഇട്ടിരിക്കുന്നത്.