മിന്നൽ പ്രതാപനെ വെല്ലുവിളിക്കുന്ന ഗുണ്ടയെ ഓർമ്മ ഇല്ലേ

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഗോബസ് ബെർലിൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ക്ലൈമാക്‌സ് രംഗമാണ് മനു അങ്കിള്‍ സിനിമയിലേത്. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ സിനിമ സംവിധാനം ചെയ്തത് ഡെന്നീസ് ജോസഫായിരുന്നു.  മമ്മൂട്ടിയാണ് സിനിമയില്‍ നായകനെങ്കിലും സിനിമയുടെ ക്ലൈമാക്‌സ് രംഗത്ത് കൈയടി മുഴുവന്‍ കൊണ്ടുപോയത് സുരേഷ് ഗോപി അവതരിപ്പിച്ച മിന്നല്‍ പ്രതാപന്‍ എന്ന പോലീസുകാരനായിരുന്നു.

സുരേഷ് ഗോപി ഒരുപാട് പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു മിന്നല്‍ പ്രതാപന്‍. ആ കഥാപാത്രം കുറച്ചൊന്നുമല്ല മലയാളികളെ ചിരിപ്പിച്ചിട്ടുള്ളത്. ക്ലൈമാക്‌സ് രംഗത്ത് കയറിന് മുകളിലൂടെ നടന്ന് മിന്നല്‍ പ്രതാപനെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടയുണ്ട്. താഴേയ്ക്ക് ഇറങ്ങി വരാന്‍ മിന്നല്‍ പ്രതാപന്‍ പറയുമ്പോള്‍ നീ പോടാ എന്നാണ് ഒരു കൂസലുമില്ലാതെ ഗുണ്ട മറുപടി കൊടുക്കുന്നത്. തോക്കെടുത്ത് ചൂണ്ടുമ്പോള്‍ ഗുണ്ട ഒന്ന് പേടിക്കുന്നുണ്ടെങ്കിലും വെടിവെയ്ക്കുമ്പോള്‍ തോക്കില്‍ നിന്ന് വെള്ളം ചീറ്റുമ്പോള്‍ വീണ്ടും പഴയ കൂസലില്ലായ്മയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്.

അവസാനം ആ ഗുണ്ടയെ എറിഞ്ഞുവീഴ്ത്തുകയാണ് ചെയ്യുന്നത്. മനു അങ്കിള്‍ സിനിമയില്‍ കുറച്ച് രംഗത്ത് മാത്രം എത്തിയ ആ നടന്‍ അജിത്ത് ചന്ദ്രന്‍ ആണ്. എണ്‍പതുകളില്‍ നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ തിളങ്ങിയ നടനാണ് അജിത് ചന്ദ്രന്‍. ജോഷിയുടേയും ഡെന്നീസ് ജോസഫിന്റേയും സിനിമകളില്‍ സജീവ സാന്നിധ്യമായിരുന്നു അക്കാലത്ത് അജിത്ത് ചന്ദ്രന്‍. അപ്രതീക്ഷിതമായി സിനിമയിലേക്ക് എത്തിയ കലാകാരനായിരുന്നു അജിത്ത് ചന്ദ്രന്‍. എറണാകുളത്ത് ഒരു ഹോട്ടലില്‍ മാനേജറായി ജോലി ചെയ്യുന്ന സമയത്താണ് നടന്റെ ജീവിതത്തിലേക്ക് സിനിമ എത്തുന്നത്.

ജോലി ചെയ്യുന്ന ഹോട്ടല്‍ സിനിമാക്കാരുടെ സ്ഥിരം കേന്ദ്രമായിരുന്നു. അങ്ങനെ നിരവധി സിനിമാപ്രവര്‍ത്തകരുമായി അജിത്ത് ചന്ദ്രന്‍ ചങ്ങാത്തത്തിലായി. വളരെ നാളുകളായിട്ടുള്ള സിനിമ ആഗ്രഹം അജിത്ത് ചന്ദ്രന് മുന്നില്‍ തുറക്കുകയും ചെയ്തു. ജോഷി സംവിധാനം ചെയ്ത തന്ത്രം സിനിമയിലെ ഡേവിഡ് എന്ന കഥാപാത്രമാണ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. സംവിധായകന്റെ തന്നെ ദിനരാത്രങ്ങള്‍ സിനിമയിലെ ഡോക്ടര്‍ പ്രകാശായും നടന്‍ പിന്നീട് അഭിനയിച്ചു. അതേ വര്‍ഷം തന്നെയാണ് ഡെന്നീസ് ജോസഫിന്റെ മനു അങ്കിളിലും അജിത്ത് ചന്ദ്രന്‍ അഭിനയിക്കുന്നത്. ഡെന്നീസ് ജോസഫ് പിന്നീട് സംവിധാനം ചെയ്ത അഥര്‍വ്വം സിനിമയിലും നല്ലൊരു കഥാപാത്രമാണ് നടന് ലഭിച്ചത്.

മോഹന്‍ലാല്‍ നായകനായി എത്തിയ ജോഷി സംവിധാനം ചെയ്ത നാടുവാഴികള്‍ സിനിമയിലും അജിത്ത് ചന്ദ്രന്‍ അഭിനയിച്ചു. നായക കഥാപാത്രത്തിന്റെ സുഹൃത്തായിട്ടാണ് നടന്‍ എത്തിയത്. ‘രാവില്‍ പൂമാ നം ആടിപ്പാടാന്‍ നീയും പോരാമോ’ എന്ന സൂപ്പര്‍ഹിറ്റ് ഗാനരംഗത്ത് മോഹന്‍ലാല്‍, മണിയന്‍പിള്ള രാജു, രൂപിണി എന്നിവര്‍ക്കൊപ്പം അജിത്ത് ചന്ദ്രനും എത്തുന്നുണ്ട്. നായര്‍സാബ്, കോട്ടയം കുഞ്ഞച്ചന്‍, വര്‍ത്തമാനകാലം തുടങ്ങിയ സിനിമകളിലും നടന്‍ പിന്നീട് അഭിനയിച്ചു.

ചെറിയ ലോകവും വലിയ മനുഷ്യരും സിനിമയിലെ ഗണേശന്‍ മേനോന്‍, അയ്യര്‍ ദി ഗ്രേറ്റ് സിനിമയിലെ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍, സാമ്രാജ്യം സിനിമയിലെ അജിത്ത് തുടങ്ങിയ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അധികം സിനിമകളിലൊന്നും അജിത്ത് ചന്ദ്രന്‍ അഭിനയിച്ചില്ല. ഇപ്പോള്‍ കൊല്ലം ജില്ലയിലെ മുണ്ടയ്ക്കലില്‍ കുടുംബത്തോടൊപ്പം താമസിക്കുകയാണ് അജിത്ത് ചന്ദ്രന്‍ എന്നുമാണ് പോസ്റ്റ്.

Leave a Comment